കലിഫോർണിയയിൽ വാഹനാപകടം; 3 കോളജ് വിദ്യാർഥികൾ കൊല്ലപ്പെട്ടു
Mail This Article
പീഡ്മോണ്ട് ∙ കലിഫോർണിയയിലെ പീഡ്മോണ്ടിൽ ടെസ്‌ല സൈബർട്രക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ 3 കോളജ് വിദ്യാർഥികൾ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു.
ബുധനാഴ്ച പുലർച്ചെ പീഡ്മോണ്ടിലെ ഹാംപ്ടൺ റോഡിൽ വച്ച് വിദ്യാർഥികൾ സഞ്ചരിച്ച ടെസ്‌ല സൈബർ ട്രക്ക് മരത്തിലും സമീപത്തെ സിമന്റ് ഭിത്തിയിലും ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന് തീപിടിച്ചതോടെയാണ് മൂന്നു പേരും ദാരുണമായി കൊല്ലപ്പെട്ടത്. വിദ്യാർഥികളിൽ ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു.
സതേൺ കലിഫോർണിയ സർവകലാശാലയിലെ വിദ്യാർഥിയായ സോറൻ ഡിക്സൺ, സവന്ന ആർട് ആൻഡ് ഡിസൈൻ കോളജ് വിദ്യാർഥിയായ ക്രിസ്റ്റ സുകാഹാര, കൊളറാഡോ ബോൾഡർ സർവകലാശാലയിലെ ജാക്ക് നെൽസൺ എന്നിവരാണ് മരിച്ചതെന്ന് പീഡ്മോണ്ട് പൊലീസ് അധികൃതർ സ്ഥിരീകരിച്ചു. അതേസമയം പൊള്ളലേറ്റ് ആശുപത്രിയിൽ കഴിയുന്ന വ്യക്തിയെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തെ കുറിച്ച് നാഷനൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷനും നാഷനൽ ട്രാഫിക് സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചു.