ട്രംപിന്‍റെ മടങ്ങി വരവിൽ കുതിക്കാൻ ബിറ്റ്കോയിൻ; ഇന്ത്യൻ നിക്ഷേപകരും പ്രതീക്ഷയിൽ
Mail This Article
യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ ഡോണൾഡ് ട്രംപിന്‍റെ വിജയവും ഡിജിറ്റൽ ആസ്തികൾക്കുള്ള അദ്ദേഹത്തിന്‍റെ പിന്തുണയും ബിറ്റ്‌കോയിന് കരുത്ത് പകരുന്നു. 104,148 ഡോളർ എന്ന പുതിയ റെക്കോർഡ് വിലയോടെ ബിറ്റ്‌കോയിൻ കുതിക്കുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
ഈ നില തുടർന്നാൽ ബിറ്റ്‌കോയിൻ വില 150,588 ഡോളർ എന്ന എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. 2025ൽ ബിറ്റ്‌കോയിൻ വില 250,000 ഡോളറിലെത്തുമെന്ന് സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള ക്രിപ്‌റ്റോ ഹെഡ്ജ് ഫണ്ട് ടൈർ കാപ്പിറ്റൽ പ്രവചിക്കുന്നു.
അടുത്ത 21 വർഷത്തിനുള്ളിൽ ബിറ്റ്‌കോയിൻ 29% വാർഷിക വരുമാനം നൽകുമെന്ന് സാമ്പത്തിക വിദഗ്ധൻ മൈക്കൽ സെയ്‌ലർ പറയുന്നു. 2045 ഓടെ ബിറ്റ്‌കോയിൻ വില 13 മില്യന്‍ ഡോളറിലെത്തുമെന്നും അദ്ദേഹം പ്രവചിച്ചു. ഇത് ബിറ്റ്കോയിന്‍റെ വിപണി മൂല്യം 250 ട്രില്യൻ ഡോളറായി ഉയർത്തും.
∙ബിറ്റ്കോയിന്‍റെ വിജയഗാഥ
2009ൽ സൃഷ്ടിക്കപ്പെട്ട ഡിജിറ്റൽ കറൻസിയാണ് ബിറ്റ്‌കോയിൻ. പിയർ-ടു-പിയർ സാങ്കേതികവിദ്യ ഉപയോഗിച്ച് വികേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ബിറ്റ്‌കോയിനെ നിയന്ത്രിക്കാൻ ഒരു സെൻട്രൽ ബാങ്കുമില്ല. ഇടപാടുകൾ വ്യക്തികൾ തമ്മിൽ നേരിട്ടാണ് നടക്കുന്നത്.
സതോഷി നകാമോട്ടോ എന്ന അജ്ഞാത വ്യക്തിയോ സംഘമോ ആണ് ബിറ്റ്‌കോയിൻ സൃഷ്ടിച്ചത്. "ബിറ്റ്‌കോയിൻ: എ പിയർ-ടു-പിയർ ഇലക്ട്രോണിക് കാഷ് സിസ്റ്റം" എന്ന വൈറ്റ്പേപ്പറിലൂടെയാണ് നകാമോട്ടോ ഈ ആശയം അവതരിപ്പിച്ചത്.
2009 അവസാനത്തോടെ ന്യൂ ലിബർട്ടി സ്റ്റാൻഡേർഡ് എക്സ്ചേഞ്ചിലൂടെയാണ് ബിറ്റ്കോയിന്‍റെ ആദ്യ കൈമാറ്റം നടന്നത്. ബിറ്റ്കോയിൻ ടോക്ക് ഫോറത്തിലെ ഉപയോക്താക്കൾ 5,050 ബിറ്റ്‌കോയിനുകൾ 5.02 ഡോളറിന് പേപാൽ വഴി കൈമാറ്റം ചെയ്തു. അന്ന് ഒരു ബിറ്റ്‌കോയിനിന് വില 0.00099 ഡോളർ മാത്രമായിരുന്നു. ഇന്ന് ഒരു ഡോളറിന് 84.45 രൂപയാണ് വിനിമയ നിരക്ക്. അന്ന് 10,000 രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്ന് അത് 3607 കോടി രൂപയാകുമായിരുന്നു!
∙ഇന്ത്യയിൽ ബിറ്റ്‌കോയിൻ
ഇന്ത്യയിൽ ബിറ്റ്‌കോയിൻ നിയമപരമാണ്. എന്നാൽ ഇടപാടുകൾക്ക് നിയമപരമായ ടെൻഡറായി ഇത് അംഗീകരിക്കപ്പെട്ടിട്ടില്ല. ഇന്ത്യയിൽ ബിറ്റ്‌കോയിൻ ഇടപാടുകൾക്ക് നികുതി ബാധകമാണ്. ക്രിപ്‌റ്റോകറൻസി വ്യാപാരത്തിൽ നിന്നുള്ള ലാഭത്തിന് 30% നികുതിയും 50,000 രൂപയിൽ കൂടുതലുള്ള ക്രിപ്‌റ്റോ അസറ്റുകൾ വിൽക്കുമ്പോൾ 1% ടിഡിഎസും ബാധകമാണ്.
ഇന്ത്യയിൽ ഒരു ബിറ്റ്കോയിന്‍റെ വില ഏകദേശം 80 ലക്ഷം രൂപയാണ്. ഇന്ത്യയിൽ ബിറ്റ്‌കോയിൻ വാങ്ങാൻ നിരവധി മാർഗങ്ങളുണ്ട്. പി ടു പി വ്യാപാരം, വികേന്ദ്രീകൃത എക്സ്ചേഞ്ചുകൾ, റോബിൻഹുഡ് പോലുള്ള ട്രേഡിങ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെ ബിറ്റ്‌കോയിൻ വാങ്ങാം.
ഇന്ത്യയിൽ ബിറ്റ്‌കോയിൻ വിൽക്കാനും നിയമപരമായി ട്രേഡ് ചെയ്യാനും സാധിക്കും. റജിസ്റ്റർ ചെയ്ത ക്രിപ്‌റ്റോ എക്സ്ചേഞ്ചുകളിലൂടെ ഇത് ചെയ്യാം. ക്രിപ്‌റ്റോകറൻസി വിപണിക്ക് വലിയ സാധ്യതകളാണുള്ളത്. എന്നാൽ നിക്ഷേപകർ വിപണിയുടെ ചാഞ്ചാട്ടവും അപകടസാധ്യതകളും അറിഞ്ഞിരിക്കണം.