എമ്മി പുരസ്കാര ജേതാവ് ജോബിൻ പണിക്കർക്ക് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ അനുമോദനം
Mail This Article
ഡാലസ് ∙ ഈ വർഷത്തെ എമ്മി പുരസ്കാര ജേതാവായ മാധ്യമ പ്രവർത്തകനും മലയാളിയുമായ ജോബിൻ പണിക്കരെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് കമ്മിറ്റി അനുമോദിച്ചു. പ്രത്യേക വാർത്താ വിഭാഗത്തിൽ 5 എമ്മി അവാർഡുകളാണ് ജോബിൻ കരസ്ഥമാക്കിയത്.
ഒറ്റ വർഷത്തിൽ തന്നെ 5 എമ്മി അവാർഡുകൾ നേടിയതിലൂടെ ലോക മലയാളികൾക്ക് തന്നെ ജോബിൻ അഭിമാനമാണെന്ന് കമ്മിറ്റി പ്രസിഡന്റ് സണ്ണി മാളിയേക്കൽ പറഞ്ഞു. സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമാണ് ജോബിൻ. ലോക മലയാളി സമൂഹത്തെ പിടിച്ചുലച്ച ഷെറിൻ മാത്യുസ് കൊലപാതകത്തിന്റെ പൊരുൾ തേടിയുള്ള അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെ അമേരിക്കൻ ദേശീയ പത്രങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയ മാധ്യമ പ്രവർത്തകനാണ് എബിസി ന്യൂസ് റിപ്പോർട്ടർ ആയ ജോബിൻ പണിക്കർ. റോബിന്റെ മാധ്യമ പ്രവർത്തന രീതി ജനാധിപത്യത്തിന്റെ നെടുംതൂണാണെന്ന് മാധ്യമ പ്രവർത്തകൻ പി.പി. ചെറിയാൻ അഭിപ്രായപ്പെട്ടു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ ആശംസകൾ അറിയിക്കുന്നതായി സെക്രട്ടറി ബിജിലി ജോർജ് പറഞ്ഞു.