ADVERTISEMENT

ഹൂസ്റ്റണ്‍ ∙ ഡിഫന്‍സ് സെക്രട്ടറിയായി പ്രൈമറി എതിരാളി റോണ്‍ ഡിസാന്റിസിനെ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പം കൂട്ടുമോ? ഈ സ്ഥാനത്തേക്ക് നിശ്ചയിച്ചിരുന്ന മുന്‍ ഫോക്സ് ന്യൂസ് പേഴ്‌സണാലിറ്റിയായിരുന്ന പീറ്റ് ഹെഗ്സെത്തിനെതിരെ ഉയര്‍ന്നിട്ടുള്ള ലൈംഗികാരോപണ കേസുകള്‍ റിപ്പബ്ലിക്കന്‍മാരുടെ ഇടയില്‍ തന്നെ പ്രതിഷേധം ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ട്രംപിന് പുതിയ ആളെ തേടേണ്ടി വന്നിരിക്കുന്നത്. ഇതോടെ ഡിസാന്റിസിന് നറുക്കു വീഴുമോ എന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ ഉറ്റു നോക്കുന്നത്. 

വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഹെഗ്സെത്തിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങളില്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്ക് കടുത്ത ആശങ്കയും അതൃപ്തിയുമാണുള്ളത്. പകരം ഡിസാന്റിസിനെ തിരഞ്ഞെടുത്താൽ അത് ഞെട്ടിക്കുന്ന വഴിത്തിരിവായിരിക്കും. ഫ്ലോറിഡ ഗവര്‍ണര്‍ ട്രംപിനെതിരെ ജിഒപി പ്രസിഡന്‍ഷ്യല്‍ പ്രൈമറിയില്‍ പോരാടിയിരുന്നു. അന്ന് തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഇരുവരും തമ്മിലുള്ള അധിക്ഷേപം ശക്തമായിരുന്നു.

സൈന്യത്തില്‍ സേവനമനുഷ്ഠിച്ച അറിയപ്പെടുന്ന ഒരു യാഥാസ്ഥിതികനാണ് ഡിസാന്റിസ് എന്നത് അദ്ദേഹത്തിന് സാധ്യത കല്‍പ്പിക്കപ്പെടാനുള്ള കാരണമായി പറയപ്പെടുന്നു. പുതിയ വെളിപ്പെടുത്തലുകളില്‍ മദ്യപാനവും മുന്‍കാല ലൈംഗിക ദുരുപയോഗവും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് ഹെഗ്സെത്ത് ജിഒപി സെനറ്റര്‍മാരില്‍ നിന്ന് കടുത്ത എതിര്‍പ്പാണ് നേരിടുന്നത്. 

ഹൗസ് റിപ്പബ്ലിക്കന്‍ സ്റ്റഡി കമ്മിറ്റിയുമായി കൂടിക്കാഴ്ച നടത്താന്‍ ഹെഗ്സെത്ത്  പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സ്ഥിരീകരണ പ്രക്രിയയില്‍ ഹൗസ് അംഗങ്ങള്‍ക്ക് ഒന്നും പറയാനില്ലെങ്കിലും, മുന്‍ 'ഫോക്‌സ് ആൻഡ് ഫ്രണ്ട്‌സ് വീക്കെന്‍ഡ്' ഹോസ്റ്റിനെ പിന്തുണയ്ക്കുന്നതിനുള്ള സമ്മര്‍ദ്ദ തന്ത്രമായി ഇതിനെ കാണാം. 

ഹെഗ്സെത്ത് സെനറ്റര്‍മാരുമായി തന്റെ മൂന്നാം വട്ടവും ചർച്ച നടത്തിയിരുന്നു. പിന്തുണയ്ക്കായി ഭാര്യയും മുന്‍ ഫോക്സ് ന്യൂസ് പ്രൊഡ്യൂസറുമായ ജെന്നിഫര്‍ കണ്ണിങ്ഹാം  റൗഷെയെയും അദ്ദേഹം ഒപ്പം കൂട്ടിയിരുന്നു. വിവാദ റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ഹെഗ്സെത്തിനെ തിരഞ്ഞെടുത്തതില്‍ ടീമിന് ആശങ്കയില്ലെന്ന് ട്രംപിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് ജേസണ്‍ മില്ലര്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ജേണലിന്റെ റിപ്പോര്‍ട്ട്.

ജിഒപി നോമിനേഷന്‍ നേടിയതിനു പിന്നാലെ ട്രംപുമായി നടത്തുന്ന ഒത്തുതീർപ്പ് ശ്രമങ്ങൾ വിജയിച്ചാൽ ഡിസാന്റിസിന് അധികാര സ്ഥാനത്തേക്ക് മടങ്ങിയെത്താൻ കഴിയും. 2027-ല്‍ കാലാവധി അവസാനിച്ചാല്‍ വീണ്ടും ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ പക്ഷേ യോഗ്യനല്ല. ട്രംപിന്റെ അറ്റോര്‍ണി ജനറലായി ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും ഒട്ടനവധി ലൈംഗികാരോപണങ്ങള്‍ നേരിട്ടതോടെ പിന്മാറിയ മുന്‍ ജനപ്രതിനിധി മാറ്റ് ഗെയ്റ്റ്സ് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുമ്പോള്‍ ഡിസാന്റിസിന്റെ പകരക്കാരന്‍ ആകുമെന്നാണ് സൂചന. 

English Summary:

Trump considering replacing Hegseth with Ron Desantis Defense Secretary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com