ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കാട്ടുപക്ഷി മുട്ടയിട്ടു
Mail This Article
ഹവായ് ∙ നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം 74 കാരിയായ ആൽബട്രോസ് മുട്ടയിട്ടു. പെട്ടെന്നു കേൾക്കുമ്പോൾ കൺഫ്യൂഷൻ ഉണ്ടാകുമെങ്കിലും സംഗതി സത്യമാണ്. ഇനി ആൽബട്രോസ് ആരാണെന്നല്ലേ–വിസ്ഡം എന്ന ചെല്ലപ്പേരുള്ള ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കാട്ടുപക്ഷിയായ ലെയ്സൻ ആൽബട്രോസ് ആണ്.
വിസ്ഡം എന്ന ആൽബട്രോസ് മുട്ടയിട്ട ശേഷം ഹവായിയൻ ദ്വീപസമുഹത്തിന്റെ വടക്കു–പടിഞ്ഞാറൻ അറ്റത്തെ മിഡ് വേ അറ്റോൾ ദേശീയ വന്യജീവി സങ്കേതത്തിലേക്ക് മടങ്ങുകയും ചെയ്തു. 2020ന് ശേഷം ഇതാദ്യമായാണ് വിസ്ഡം മുട്ടയിടുന്നതെന്ന് യുഎസ് വന്യജീവി വകുപ്പിലെ ഉദ്യോഗസ്ഥർ വിശദമാക്കി.
1956 മുതലാണ് വിസ്ഡത്തിന് ഗവേഷകർ ട്രാക്കിങ് ബാൻഡ് െകട്ടിയത്. ഇതിനകം മുപ്പതോളം കുഞ്ഞുങ്ങളെ വിരിയിച്ചിട്ടുള്ള വിസ്ഡത്തിന്റെ 60–ാമത്തെ മുട്ടയായിരിക്കും ഇതെന്നാണ് യുഎസ് ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസിന്റെ പസഫിക് മേഖലാ അധികൃതരുെട നിഗമനം. വിസ്ഡമിന്റെ മുട്ട വിരിയുന്നതും കാത്ത് പ്രതീക്ഷയിലാണ് അധികൃതർ.
നീണ്ട ചിറകുകളുള്ള പെൺ കടൽ പക്ഷിയാണ് വിസ്ഡം. മുട്ടയിടാനും വിരിയിക്കാനുമായി വിസ്ഡവും ഇണ അകിയകമായിയും പസഫിക് സമുദ്രത്തിലെ പവിഴ ദ്വീപുകളിലേക്ക് 2006 മുതൽ തിരിച്ചെത്തിയിരുന്നു. വർഷങ്ങളായി അകിയകമായി അപ്രത്യക്ഷനായിരുന്നതിനാൽ കഴിഞ്ഞ ആഴ്ച ദ്വീപിൽ തിരിച്ചെത്തിയ വിസ്ഡം മറ്റ് ആൺപക്ഷികളുമായി കൂട്ടുചേർന്നിരുന്നു.
വർഷത്തിൽ ഒരു മുട്ട വീതമാണ് ലെയ്സൻ ആൽബട്രോസുകൾ ഇടുക. 68 വർഷമാണ് ഇവയുടെ ജീവിതദൈർഘ്യമെന്നാണ് നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ പറയുന്നത്. രണ്ടു മാസമാണ് മുട്ട വിരിയാനുള്ള സമയം. മുട്ട വിരിഞ്ഞ് പുറത്തു വരുന്ന കുഞ്ഞുങ്ങൾ ഏതാണ്ട് അഞ്ചോ ആറോ മാസങ്ങൾക്ക് ശേഷമാണ് കടലിലേക്ക് പറക്കുന്നത്. ആൽബട്രോസുകൾ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും കടലിന് മുകളിലൂടെ പറക്കാനും മീൻ മുട്ടകളും കണവയും മറ്റും ഭക്ഷിക്കുകയുമാണ് ചെലവിടുന്നത്.