റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ വെടി നിർത്തലിന് ആഹ്വാനം ചെയ്ത് ട്രംപ്
Mail This Article
വാഷിങ്ൺ ഡി സി ∙ റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അടിയന്തര വെടി നിർത്തലിന് ആഹ്വാനം ചെയ്ത് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. നാറ്റോയിൽ നിന്ന് യുഎസ് പിൻമാറുന്നതും സാധ്യമെന്ന മുന്നറിയിപ്പും ട്രംപ് ആവർത്തിച്ചു. ഫ്രഞ്ച്, യുക്രെയ്ൻ നേതാക്കളുമായി പാരിസിൽ ചർച്ച നടത്തിയ ശേഷമാണ് യുദ്ധം അവസാനിപ്പിക്കാൻ അടിയന്തര വെടിനിർത്തലിന് ട്രംപ് ആഹ്വാനം ചെയ്തത്.
ആയിരം ദിവസത്തിലധികം നീണ്ട യുദ്ധം അവസാനിപ്പിക്കാൻ അടിയന്തര വെടിനിർത്തലും ചർച്ചകളും ആവശ്യമാണെന്നും നിരവധി കുടുംബങ്ങളാണ് ഇല്ലാതായതെന്നും ട്രംപ് സമൂഹ മാധ്യമത്തിൽ കുറിച്ചു.
ഞായറാഴ്ച സംപ്രേക്ഷണം ചെയ്ത ടെലിവിഷൻ അഭിമുഖത്തിൽ, യുക്രെയ്നിനുള്ള സൈനിക സഹായം കുറയ്ക്കുന്നതിനും അമേരിക്കയെ നാറ്റോയിൽ നിന്ന് പിൻവലിക്കുന്നതിനും തയാറാണെന്നും ട്രംപ് വെളിപ്പെടുത്തിയിരുന്നു. ഏകദേശം 3 വർഷം നീണ്ടുനിൽക്കുന്ന യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സജീവമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് എൻബിസിയുടെ "മീറ്റ് ദി പ്രസ്" എന്ന ചോദ്യത്തിന്, തീർച്ചയായും ഉണ്ടെന്നായിരുന്നു ട്രംപിന്റെ മറുപടി. ബൈഡൻ ഭരണകൂടത്തിന്റെ സ്വന്തം മധ്യസ്ഥ ശ്രമങ്ങളിൽ പലതും നിരാശപ്പെടുത്തിയ യുക്രെയ്നിലെയും മിഡിൽ ഈസ്റ്റിലെയും സംഘർഷങ്ങൾ പരിഹരിക്കുന്നതിന് അതിവേഗ ഇടപാടുകൾ നടത്തുന്നതായും ട്രംപ് വ്യക്തമാക്കി.