ജന്മാവകാശ പൗരത്വം : ട്രംപിന്‍റെ തീരുമാനത്തിനെതിരെ ജനപ്രതിനിധി സഭാംഗം താനേദർ രംഗത്ത്
Mail This Article
ഡെട്രോയിറ്റ് ∙ ജന്മാവകാശ പൗരത്വം ഇല്ലാതാക്കാനുള്ള നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്‍റെ പദ്ധതിയ്ക്കെതിരെ കടുത്ത വിമർശനവുമായി ഇന്ത്യൻ വംശജനും യുഎസ് ജനപ്രതിനിധി സഭാംഗവുമായ ശ്രീ താനേദർ. അമേരിക്കൻ ജനാധിപത്യത്തിന്‍റെ ആണിക്കല്ലിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ് ട്രംപിന്റേതെന്നും ഡെമോക്രാറ്റിക് പാർട്ടി അംഗം കൂടിയായ താനേദർ ആരോപിച്ചു.
14-ാം ഭേദഗതിയുടെ ഉറച്ച വക്താവായ താനേദാർ, ഭരണഘടനാപരമായ അവകാശത്തെ തുരങ്കംവയ്ക്കാനുള്ള ഏതൊരു ശ്രമത്തിനെതിരെയും പോരാടുമെന്ന് സമൂഹമാധ്യമത്തിൽ കുറിച്ചു. "ഒരു വ്യക്തി അമേരിക്കയിൽ ജനിച്ചാൽ, അവർ അമേരിക്കൻ പൗരനാണ്. ജന്മാവകാശ പൗരത്വം നിരോധിക്കാനോ മറികടക്കാനോ ഉള്ള ശ്രമങ്ങൾ തെറ്റും ഭരണഘടനാ വിരുദ്ധവുമാണ്. ഒരു കോൺഗ്രസുകാരനെന്ന നിലയിൽ, അത് പിൻവലിക്കാനുള്ള ഏത് ശ്രമത്തിനെതിരെയും പോരാടുമെന്നും താനേദർ കൂട്ടിച്ചേർത്തു.
14-ാം ഭേദഗതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന അവകാശത്തിനെതിരെയുള്ള ട്രംപിന്‍റെ ഭീഷണി നിയമവാഴ്ചയ്ക്ക് വിരുദ്ധമാണ്. അമേരിക്കൻ പൗരന്മാരെ നാടുകടത്താനുള്ള തീരുമാനത്തെ തടയാൻ പല്ലും നഖവും ഉപയോഗിച്ച് പോരാടുമെന്നും താനേദർ വ്യക്തമാക്കി.
ട്രംപിന്‍റെ പദ്ധതി നടപ്പായാൽ എച്ച്-1 ബി വീസയിലോ ഗ്രീൻ കാർഡിലോയുള്ള ഇന്ത്യൻ പൗരന്മാർക്ക് ജനിക്കുന്ന കുട്ടികളുടെ പൗരത്വം സംബന്ധിച്ച് അനിശ്ചിതത്വം നേരിടേണ്ടിവരുമെന്ന് മൈഗ്രേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് സൂചിപ്പിക്കുന്നുണ്ട്. 150 വർഷത്തിലേറെയായി, യുഎസ് മണ്ണിൽ ജനിച്ച ആർക്കും പൗരത്വം നൽകുന്ന ഒന്നാണ് 14-ാം ഭേദഗതി.
ജനുവരിയിൽ അധികാരത്തിൽ പ്രവേശിച്ചയുടൻ തന്നെ ജന്മാവകാശ പൗരത്വം ഇല്ലാതാക്കാനാണ് തീരുമാനമെന്ന് അടുത്തിടെയാണ് ട്രംപ് പ്രഖ്യാപിച്ചത്.