ADVERTISEMENT

ഹൂസ്റ്റണ്‍ ∙ യുഎസില്‍ ജനിച്ചതിനാൽ പൗരത്വം നല്‍കുന്ന പതിവ് അവസാനിപ്പിക്കുമെന്നാണ് നിയുക്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നടത്തിയിരിക്കുന്ന പ്രഖ്യാപനം‌. ഇതോടെ അനധികൃത കുടിയേറ്റക്കാരും നിയമപരമായി യുഎസില്‍ താമസിക്കുന്ന വിദേശികളും  ആശങ്കയിലായി.  മാതാപിതാക്കളുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് പരിഗണിക്കാതെ, യുഎസില്‍ ജനിച്ച ആര്‍ക്കും പൗരത്വം ഉറപ്പുനല്‍കുന്ന ദീര്‍ഘകാല അമേരിക്കന്‍ പാരമ്പര്യം അവസാനിപ്പിക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്

അമേരിക്കന്‍ ഭരണഘടനയുടെ 14-ാം ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ നയം 150 വര്‍ഷത്തിലേറെയായി നിലവിലുണ്ട്. ജന്മാവകാശ പൗരത്വം എന്നാല്‍ യുഎസില്‍ ജനിച്ചവര്‍ സ്വയമേവ അമേരിക്കന്‍ പൗരനാകും എന്നതാണ്. കൂടാതെ രാജ്യത്ത് അനധികൃതമായോ മാതൃരാജ്യത്തേക്ക് മടങ്ങാന്‍ പദ്ധതിയുമായി യുഎസില്‍ ടൂറിസ്റ്റ് വീസയിലോ സ്റ്റുഡന്‍റ് വീസയിലോ എത്തിയപ്പോള്‍ ജനിച്ച കുട്ടികള്‍ക്ക് അടക്കം ഇത് ബാധകമാണ്.

മുൻപ് അടിമകളാക്കിയ ആളുകള്‍ക്കും പിന്‍ഗാമികള്‍ക്കും പൗരത്വം നല്‍കുന്നതിനാണ് ഈ വ്യവസ്ഥ ആദ്യം രൂപകല്‍പന ചെയ്തിരിക്കുന്നത്. എല്ലാ രാജ്യങ്ങളിലും ഈ രീതിയില്ല. ഈ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും അമേരിക്കന്‍ പൗരനാകുന്നതിന് കര്‍ശനമായ മാനദണ്ഡങ്ങള്‍ ഉണ്ടായിരിക്കണമെന്നാണ് ട്രംപ്  വാദിക്കുന്നത്. 

ട്രംപിന്‍റെ നയത്തെ എതിര്‍ക്കുന്നവര്‍, നിയമം ഇല്ലാതാക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വാദിക്കുന്നു. പ്രത്യേകിച്ച് യുഎസില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കോ താല്‍ക്കാലിക വീസയിലുള്ള സന്ദര്‍ശകര്‍ക്കോ ജനിക്കുന്ന കുട്ടികളുടെ അവകാശം ഹനിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടുന്നു.

 കുട്ടിക്ക് യുഎസ് പൗരത്വം ഉറപ്പാക്കുന്നതിനായി പ്രസവിക്കുക എന്ന ഏക ഉദ്ദേശത്തോടെ ഗര്‍ഭിണികള്‍ യുഎസില്‍ പ്രവേശിക്കുന്ന 'ബര്‍ത്ത് ടൂറിസം' അവസാനിപ്പിക്കേണ്ടതുണ്ട് എന്ന് ട്രംപ് ചൂണ്ടിക്കാട്ടുന്നു.

∙ നിയമപരവും രാഷ്ട്രീയവുമായ വെല്ലുവിളികള്‍
ആഭ്യന്തരയുദ്ധത്തെത്തുടര്‍ന്ന്, 1868 ജൂലൈയിലാണ് കോണ്‍ഗ്രസ് 14-ാം ഭേദഗതി അംഗീകരിച്ചത്. ഈ ഭേദഗതിയിലൂടെ കറുത്തവര്‍ഗ്ഗക്കാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും പൗരത്വം ഉറപ്പുനല്‍കിയത്. 

ജന്മാവകാശ പൗരത്വ ചരിത്രത്തിലെ ഒരു സുപ്രധാന കേസ് 1898‌ല്‍, ചൈനീസ് കുടിയേറ്റക്കാരായ ദമ്പതികളുടെ മകനായി ഫ്രാന്‍സിസ്‌കോയില്‍ ജനിച്ച വോങ് കിം ആര്‍ക്ക് യുഎസ് പൗരനാണെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചതാണ്. ചൈനീസ് എക്സ്‌ക്ലൂഷന്‍ ആക്ട് പ്രകാരം അദ്ദേഹം പൗരനല്ലെന്ന് പറഞ്ഞ് വിദേശയാത്രയ്ക്ക് ശേഷം ഫെഡറല്‍ ഗവണ്‍മെന്‍റ് അദ്ദേഹത്തെ കൗണ്ടിയിലേക്ക് വീണ്ടും പ്രവേശിക്കുന്നതിൽ നിന്ന് നിഷേധിക്കാന്‍ ശ്രമിച്ചിരുന്നു.

∙ കുടിയേറ്റക്കാരെ എങ്ങനെ ബാധിക്കും
നയം മാറിയാല്‍ വലിയൊരു വിഭാഗം യുഎസ് പൗരന്മാരെ ബാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന്, യുഎസില്‍ ഏകദേശം 4.8 ദശലക്ഷം ഇന്ത്യന്‍-അമേരിക്കക്കാര്‍ താമസിക്കുന്നുണ്ടെന്ന് പ്യൂ റിസര്‍ച്ച് കണക്കാക്കുന്നു, അവരില്‍ 1.6 ദശലക്ഷം പേര്‍ യുഎസിൽ ജനിച്ചു. പുതിയ നിര്‍ദ്ദേശപ്രകാരം ഈ വ്യക്തികള്‍ക്ക് ഇനി പൗരത്വത്തിന് അവകാശമുണ്ടായിരിക്കില്ല. അടുത്തിടെ നടത്തിയ പ്രസ്താവനയില്‍, കുടുംബങ്ങളെ തകര്‍ക്കുന്നതിനെക്കുറിച്ച് ട്രംപ് ആശങ്ക പ്രകടിപ്പിച്ചു, ജന്മാവകാശ പൗരത്വം ഇല്ലാതാക്കിയാല്‍, കുടുംബങ്ങളെ ഒന്നിച്ച് നാടുകടത്തേണ്ടിവരും.  അതില്‍ യുഎസ് പൗരന്‍മാരായ കുട്ടികളും ഉള്‍പ്പെടും എന്നതാണ് മറ്റൊരു തടസം.

അമേരിക്കന്‍ ഇമിഗ്രേഷന്‍ കൗണ്‍സിലിന്റെ 2011 ലെ ഫാക്ട്ഷീറ്റ്, ജന്മാവകാശ  പൗരത്വം ഇല്ലാതാക്കുന്നത് യുഎസ് പൗരന്മാര്‍ക്ക് അവരുടെ പൗരത്വം തെളിയിക്കുന്നത് ബുദ്ധിമുട്ടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. കാരണം ജനന സര്‍ട്ടിഫിക്കറ്റുകള്‍ നിലവില്‍ പൗരത്വത്തിന്റെ പ്രാഥമിക തെളിവായി ഉപയോഗിക്കുന്നു. ജന്മാവകാശ പൗരത്വം റദ്ദാക്കുന്നത് ദശലക്ഷക്കണക്കിന് അമേരിക്കന്‍ കുട്ടികളെ ബാധിക്കുമെന്നും യുഎസ് സര്‍ക്കാരിന് കാര്യമായ ഭരണപ്രതിസന്ധി സൃഷ്ടിക്കുമെന്നും ഫാക്ട്ഷീറ്റ് അഭിപ്രായപ്പെടുന്നു. 

English Summary:

Trump to Eliminate Birth Right Citizenship, How Trump's Proposal Will Affect Immigrants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com