ADVERTISEMENT

വാഷിംഗ്‌ടൺ ഡി സി ∙ യുഎസ് പ്രസിഡന്റ് ജോ  ബൈഡൻ മാപ്പ് നൽകിയ 1,500 തടവുകാരിൽ മീര സച്ച്ദേവ  ഉൾപ്പെടെ അഞ്ച്  ഇന്ത്യൻ വംശജരും. അമേരിക്കയിൽ  സമീപകാലത്ത് നടന്ന ഏറ്റവും വലിയ മാപ്പു നൽകൽ ആണിത്. വിവിധ കുറ്റങ്ങളാൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന മീര സച്ച്ദേവ (63), ബാബുഭായ് പട്ടേൽ, കൃഷ്ണ മോട്ടെ (54), വിക്രം ദത്ത (63),  ഷെലിന്ദർ അഗർവാൾ (48) എന്നീ 5 ഇന്ത്യൻ വംശജർ ആണ് പട്ടികയിൽ ഉൾപ്പെട്ടവർ. 

ഡോ.മീര സച്ച് ദേവിനെ  2012 ഡിസംബറിൽ കോടതി 20 വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിക്കുകയും 8.2 മില്യൻ ഡോളർ തിരിച്ചടയ്ക്കാനും  ഉത്തരവിട്ടിരുന്നു.  ഇവർ നടത്തിയിരുന്ന മുൻ മിസിസിപ്പി കാൻസർ സെൻ്ററിന്റെ പേരിൽ തട്ടിപ്പ് നടത്തിയതിനെ തുടർന്നാണിത്.  

2013-ൽ ആരോഗ്യപരിചരണവുമായി ബന്ധപ്പെട്ട തട്ടിപ്പിനും ഗൂഡാലോചനയ്ക്കും മയക്കുമരുന്നുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കും  26 കുറ്റങ്ങൾ ചുമത്തിയാണ് ബാബുഭായ് പട്ടേലിനെ 17 വർഷം തടവിന് ശിക്ഷിച്ചത്.

2013-ൽ  280 ഗ്രാമിൽ കൂടുതൽ ക്രാക്ക് കൊക്കെയ്‌നും 500 ഗ്രാമിൽ കൂടുതൽ കൊക്കെയ്‌നും വിതരണം ചെയ്തതിനും സഹായിയായി വർത്തിച്ചതിനും ജീവപര്യന്തം തടവിനാണ് കൃഷ്ണ മോട്ടെ ശിക്ഷിക്കപ്പെട്ടത്. 

പെർഫ്യൂം ബിസിനസ് ഉപയോഗിച്ച് മെക്‌സിക്കൻ മയക്കുമരുന്ന് സംഘടനയ്‌ക്കായി ദശലക്ഷക്കണക്കിന് ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചതിനെ തുടർന്ന്  ഗൂഢാലോചന കുറ്റം ചുമത്തിയാണ് വിക്രം ദത്തയെ 2012 ജനുവരിയിൽ മാൻഹട്ടൻ ഫെഡറൽ കോടതി 235 മാസത്തെ തടവിന് ശിക്ഷിച്ചത്

 2017-ൽ നിയമവിരുദ്ധമായി ഒപിയോയിഡുകൾ നൽകിയതിനും ആരോഗ്യ പരിരക്ഷാ വഞ്ചനയ്ക്കും 15 വർഷം തടവിനാണ് ഷെലിന്ദർ അഗർവാൾ ശിക്ഷിക്കപ്പെട്ടത്. ജയിൽ ശിക്ഷക്ക് പുറമെ 6.7 മില്യൺ ഡോളർ പിഴയടക്കാനും ഹണ്ട്‌സ്‌വില്ലിലെ ടർണർ സ്ട്രീറ്റ് സൗത്ത് വെസ്റ്റിലുള്ള അദ്ദേഹത്തിൻ്റെ മുൻ ക്ലിനിക്ക് ജപ്‌തി ചെയ്യാനും ഉത്തരവിട്ടിരുന്നു.

വിവിധ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് കഴിയവെ ജയിലി‍ലെ  പുനരധിവാസ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കിയ 39 അമേരിക്കക്കാർക്കും ബൈഡൻ മാപ്പ് നൽകിയിട്ടുണ്ട്. ജീവപര്യന്തം ഉൾപ്പെടെ ദീർഘനാൾ ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാണ് ഇന്ത്യക്കാർ ഉൾപ്പെടെ മാപ്പ് ലഭിച്ച 1,500 പേർ. 

English Summary:

Biden issues clemency to five Indian-Americans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com