ഫോമാ കുടുംബ കൺവൻഷൻ ഹൂസ്റ്റണിൽ ജൂലൈ 30 മുതൽ
Mail This Article
ഹൂസ്റ്റൺ∙ ഫോമയുടെ 2026ലെ കുടുംബ കൺവൻഷൻ ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളിൽ ഹൂസ്റ്റണിലെ 'വിൻഡം' ഹോട്ടലിൽ വച്ച് നടക്കും. ഫോമാ പ്രസിഡന്‍റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്‍റ് സെക്രട്ടറി പോൾ ജോസ്, ജോയിന്‍റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അറിയിച്ചു.
ഫോമയുടെ 80ൽപ്പരം അംഗ സംഘടനകളിൽ നിന്നുമായി 2500ഓളം പ്രതിനിധികൾ പങ്കെടുക്കുന്ന വിപുലമായ കൺവൻഷനാണ് പ്രതീക്ഷിക്കുന്നത്. ഹൂസ്റ്റണിലെ വിൻഡം ഹോട്ടലാണ് വേദി. നാട്ടിൽ നിന്നും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. വിപുലമായ കലാപരിപാടികളും ഫോമയുടെ 12 റീജനുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കലാമത്സരങ്ങളും ഉണ്ടാകും.
ഫോമയുടെ ഒൻപതാമത് ഇന്‍റർനാഷനൽ കൺവൻഷനാണ് 2026ൽ ഹൂസ്റ്റണിൽ വച്ച് നടക്കുന്നത്. ഫോമാ വിമൻസ് ഫോറം, യൂത്ത് വിങ് എന്നിവരുടെ സഹകരണത്തോടെ കുടുംബങ്ങൾക്കും കുട്ടികൾക്കും ഹൃദ്യമാകുന്ന പല പരിപാടികളും നടത്തുമെന്ന് ജനറൽ സെക്രട്ടറി ബൈജു വർഗീസ് പറഞ്ഞു. 2024 വർഷത്തെ കൺവൻഷനെക്കാൾ ചെലവ് പ്രതീക്ഷിക്കുന്നതായും അതിനനുസരിച്ചുള്ള ബജറ്റ് ഉണ്ടാക്കുമെന്ന് ട്രഷറർ സിജിൽ പാലക്കലോടി അറിയിച്ചു.
ഫോമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കുടുംബ കൺവൻഷനാണ് ലക്ഷ്യമിടുന്നതെന്ന് വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്‍റ് സെക്രട്ടറി പോൾ ജോസ്, ജോയിന്‍റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ പറഞ്ഞു