'മലയാളികള്‍ക്ക് വീടു വാങ്ങാന്‍ പറ്റിയ സമയമാണ് ': ട്രംപിന്‌റെ വരവ് നിര്‍ണായകം; പുതുമാറ്റങ്ങളില് പ്രതീക്ഷയോടെ പ്രവാസികള്‍
Mail This Article
2024 ന്‌റെ നല്ലോര്‍മകളും അതിലേറെ പ്രതീക്ഷകളുമായിട്ടാണ് 2025 ലേയ്ക്ക് കടക്കുന്നത്. യുഎസ്, യുകെ, കാനഡ,അയര്‍ലന്‍ഡ്, ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളില്‍ ജീവിക്കുന്ന വിദേശ മലയാളികളെ സംബന്ധിച്ചിടത്തോളം പുതുവര്‍ഷം വളരെ നിര്‍ണായകവും അതിലേറെ മാറ്റങ്ങളുടെ വര്‍ഷവുമാണ്.
പുതിയ ഗവണ്‍മെന്‌റുകള്‍ അധികാരത്തിലേക്ക് വന്നതും വരാനിരിക്കുന്നതും പുതു നിയമങ്ങളും മാറ്റങ്ങളും നടപ്പാകുന്നതും ശുഭപ്രതീക്ഷയോടെയാണ് ഇവര്‍ കാണുന്നത്. പ്രത്യേകിച്ചും ലോകം മുഴുവന്‍ ഉറ്റു നോക്കുന്ന അമേരിക്കയില്‍ ജീവിക്കുന്ന വിദേശമലയാളികള്‍ക്ക് പുതുവര്‍ഷം നിര്‍ണായകമാണ്. വിദേശ രാജ്യങ്ങളിലെ മലയാളികളുടെ പുതുവര്‍ഷ പ്രതീക്ഷകള്‍ എന്തൊക്കെയന്നറിയാം.
∙ നിര്‍ണായകം, പ്രതീക്ഷാനിര്‍ഭരം
വിദ്യ വിജയകുമാര്‍
വീട്ടമ്മ, ഓസ്റ്റിന്‍,ടെക്‌സസ്, യുഎസ്
സ്വദേശം-തൃശൂര്‍
ട്രംപ് വീണ്ടും അധികാരത്തില്‍ വരുന്ന വര്‍ഷമായതിനാല്‍ യുഎസില്‍ താമസിക്കുന്ന ഇന്ത്യക്കാരി എന്ന നിലയില്‍ 2025 വളരെ നിര്‍ണായകമായ വര്‍ഷമാണ്. ആദ്യത്തേതിനേക്കാള്‍ മെച്ചപ്പെട്ട ഭരണം ട്രംപ് കാഴ്ചവെക്കുമെന്നപ്രതീക്ഷയാണ്. ട്രംപിന്‌റെ വരവോടെ ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ മെച്ചപ്പെടുമെന്നും അത് ഞാനുള്‍പ്പെടുന്ന ഇന്ത്യക്കാര്‍ക്ക് ഗുണകരമാകുമെന്നാണ് കരുതുന്നത്. ഗ്രീന്‍ കാര്‍ഡ് സിറ്റിസണ്‍ഷിപ്പ് മേഖലയിലെ പുതിയ പരിഷ്‌കാരങ്ങളും ഇന്ത്യന്‍ സമൂഹത്തിന് ദോഷകരമാകില്ലെന്നാണ് വിശ്വാസം. എല്ലാം കൊണ്ടും നിര്‍ണായകവും അതുപോലെ തന്നെ പ്രതീക്ഷാനിര്‍ഭരവുമായ വര്‍ഷമാണ് ആഗതമാകുന്നത്.
∙ വലിയ മാറ്റങ്ങള്‍, അതിലേറെ പ്രതീക്ഷകള്‍
ജയകൃഷ്ണന്‍ എച്ച്
വൈസ് പ്രസിഡന്റ്, സോഫ്റ്റ് വെയര്‍ എന്‍ജിനീയറിങ് കമ്പനി,
മിനിയാപൊലിസ്, യുഎസ്
സ്വദേശം-കായംകുളം
ട്രംപിന്‌റെ രണ്ടാം വട്ട വരവില്‍ പ്രതീക്ഷകള്‍ ധാരാളമുണ്ട്. ടാക്‌സില്‍ വലിയ മാറ്റമുണ്ടാകും. പണപ്പെരുപ്പം കുറയ്ക്കാനുള്ള ജോ ബൈഡന്‌റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു നില്‍ക്കുന്നിടത്തേക്കാണ് ട്രംപിന്‌റെ വരവ്. 2024 ല്‍ കാലഹരണപ്പെടുന്ന 2017ലെ ടാക്‌സ് കട്ട് ആന്‍ഡ് ജോബ് ആക്ട് ട്രംപ് നീട്ടുമെന്നാണ് പ്രതീക്ഷ. നീട്ടിയാല്‍ പണപ്പെരുപ്പം കുറഞ്ഞില്ലെങ്കിലും ടാക്‌സ് കുറയും. മറിച്ചായാല്‍ ടാക്‌സ് ഇനിയും കൂടും. പല തട്ടിലുള്ള നിലവിലെ ടാക്‌സ് പാക്കേജില്‍ മാറ്റം വരുത്തി കൂടുതല്‍ പാക്കേജ് കൊണ്ടുവരുമെന്ന ട്രംപിന്‌റെ വാഗ്ദാനം നടപ്പിലാക്കിയാല്‍ പ്രവാസികള്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കും. യുഎസില്‍ ഐടി മേഖലയിലെല്ലാം കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകും. ഇന്ത്യ-യുഎസ് ബന്ധം ഇനിയും കൂടുതല്‍ മെച്ചപ്പെട്ടാല്‍ അത് ഇവിടുത്തെ ഇന്ത്യക്കാര്‍ക്ക് നല്ലതാണ്.
∙ ടാക്‌സ് കുറയും, തൊഴിലവസരങ്ങള്‍ കൂടും
ദിലീപ് മാത്യു,
ഇന്‍ഷുറന്‍സ് ക്ലെയിം അനലിസ്റ്റ്
എസ്സെക്‌സ്, ഇംഗ്ലണ്ട്, യുകെ
സ്വദേശം -തിരുവനന്തപുരം
ജീവിത ചെലവ്, ടാക്‌സ് എന്നിവയില്‍ കുറവ് വരുത്തുമെന്ന പ്രഖ്യാപനം ഉള്‍പ്പെടെ അടുത്തിടെ അധികാരത്തില്‍ വന്ന പുതിയ സര്‍ക്കാരിന്‌റെ പ്രഖ്യാപനങ്ങള്‍ ശുഭ പ്രതീക്ഷയാണ് നല്‍കുന്നത്. മൈഗ്രേഷന്‌റെ കാര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് അനുകൂലമായിരിക്കും വരാനിരിക്കുന്നവ എന്നു തന്നെയാണ് പ്രതീക്ഷ. പലിശ നിരക്ക് കുറയുന്നതിനാല്‍ മലയാളികള്‍ക്ക് വീടു വാങ്ങാന്‍ പറ്റിയ സമയമാണ്. മെഡിക്കല്‍ മാത്രമല്ല എന്‍ജിനീയറിങ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങളും ഉണ്ടാകും. ഡ്രൈവിങ് മേഖലയിലെ പുതിയ ടെസ്റ്റുകളും നിയമങ്ങളും ലൈസന്‍സ് നേടല്‍ എളുപ്പമാക്കുമെന്നത് ഇന്ത്യക്കാര്‍ക്ക് ഗുണം ചെയ്യും.
∙ പുതുമാറ്റങ്ങള്‍ ജീവിതനിലവാരം ഉയര്‍ത്തും
അന്‍വിന്‍ ജോബ്,
പ്രൊക്യുയര്‍മെന്‌റ് മാനേജര്‍,
ലണ്ടന്‍, യുകെ
സ്വദേശം-കോഴിക്കോട്
2025 ല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമങ്ങള്‍ വലിയ ആശ്വാസവും പ്രതീക്ഷയും തന്നെയാണ്. ജനുവരി മുതല്‍ റസിഡന്‌റ് രേഖകള്‍ ഉള്‍പ്പെടെയുള്ളവ ഡിജിറ്റലൈസ് ചെയ്യുന്നതിലൂടെ ഡോക്യുമെന്‌റുകള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കാം. ആളുകളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ വേണ്ടി ഏപ്രില്‍ മുതല്‍ എല്ലാവര്‍ക്കും ശമ്പളവര്‍ധനയെന്ന നിയമം നടപ്പാക്കുന്നതും വലിയ മാറ്റമാണ്. ടാക്‌സ് കുറക്കുമെന്നതും മൈഗ്രേഷനുമായി ബന്ധപ്പെട്ട മാറ്റങ്ങളും ജീവിതത്തെ കൂടുതല്‍ പോസിറ്റീവ് ആക്കുന്ന കാര്യങ്ങള്‍ തന്നെയാണ്.
∙ ആത്മവിശ്വാസം നല്‍കുന്ന പ്രതീക്ഷകള്‍
രജ്ഞിത്ത് കുമാര്‍,
ഹെല്‍ത്ത് സെക്ടര്‍,
അയര്‍ലന്‍ഡ്
സ്വദേശം-കായംകുളം
ജനുവരി മുതല്‍ മിനിമം വേജസ്, സോഷ്യല്‍ വെല്‍ഫെയര്‍ പെയ്‌മെന്റ്‌സ് തുടങ്ങിയവയില്‍ വരുന്ന മാറ്റങ്ങള്‍ പ്രവാസിയുടെ ഉയര്‍ന്ന ജീവിത ചിലവ് കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ക്ക് ഒരു പരിധി വരെ സഹായകമാകുമെന്നാണ് പ്രതീക്ഷ. പുതിയ സര്‍ക്കാര്‍ കുറെ നല്ല മാറ്റങ്ങള്‍ വരുത്തുമെന്നുള്ള പ്രതീക്ഷ ശുഭ സൂചനയാണ്. ചില തൊഴില്‍ മേഖലകളിലെ പ്രവാസികള്‍ക്കു അവരുടെ കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള നയങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ വളരെ പോസിറ്റീവായ ഒന്നാണ്. ഉയര്‍ച്ച താഴ്ചകളും ആശങ്കകളും ഒക്കെ മറ്റു പ്രവാസികളെ പോലെ അയര്‍ലന്‍ഡിലും ഉണ്ടെങ്കിലും പ്രവാസികളെ എന്നും ചേര്‍ത്തു നിര്‍ത്തുന്ന ഈ രാജ്യത്തില്‍ നില്‍ക്കുമ്പോള്‍ ആത്മവിശ്വാസത്തോടെയാണ് 2025നെ വരവേല്‍ക്കുന്നത്.
∙ പ്രതീക്ഷ നിറഞ്ഞ പുതുവര്‍ഷം
എബിന്‍ ജോസഫ്
നസ്രത്ത് ഹൗസ് മല്ലോ കമ്പനി നഴ്‌സിങ് ഡയറക്ടര്‍ &ജനറല്‍ മാനേജര്‍
കോര്‍ക്ക്, അയര്‍ലന്‍ഡ്,
സ്വദേശം-എരുമേലി ,കോട്ടയം
അയര്‍ലന്‍ഡിലെ റസിഡന്‌റ് എന്ന നിലയില്‍ പുതുവര്‍ഷം വളരെ പ്രതീക്ഷകള്‍ നിറഞ്ഞതാണ്. സോഷ്യല്‍ സെക്യൂരിറ്റിയുടെ കാര്യത്തില്‍ മുന്‍പില്‍ നില്‍ക്കുന്ന രാജ്യമാണ്. ആ മേഖലയില്‍ വീണ്ടും നല്ല മാറ്റങ്ങളാണ് വരുന്നത്. ജനസംഖ്യ കുറഞ്ഞ രാജ്യമായ ഇങ്ങോട്ടേയ്ക്ക് ആളുകളുടെ വരവ് കൂടിയത് ഭവനപ്രതിസന്ധിക്ക് ഇടയാക്കിയിരുന്നു. അടുത്തിടെ അധികാരത്തിലെത്തിയ പുതിയ ഗവണ്‍മെന്‌റിന്‌റെ നയങ്ങളും ചട്ടങ്ങളും ഇതെല്ലാം പരിഹരിക്കുമെന്നു തന്നെയാണ് കരുതുന്നത്. നിയമപരമായ മാറ്റങ്ങള്‍ ഇവിടുത്തെ പ്രവാസികളുടെ ജീവിതഗുണനിലവാരം ഇനിയും ഉയര്‍ത്തുമെന്നു തന്നെയാണ് പ്രതീക്ഷ.
∙ സാമ്പത്തിക രംഗത്ത് മാറ്റങ്ങളുണ്ടാകും
സന്ദീപ് രാജന്‍,
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് &
റിസ്‌ക് ബിസിനസ് പാര്‍ട്ണര്‍
മെല്‍ബണ്‍, ഓസ്‌ട്രേലിയ
സ്വദേശം-കൊച്ചി
കോവിഡ് കഴിഞ്ഞപ്പോ പണപ്പെരുപ്പവും പലിശ നിരക്കും കൂടിയെങ്കിലും പണപ്പെരുപ്പം നിയന്ത്രണ വിധേയമായെന്നത് ആശ്വാസകരമാണ്. പക്ഷേ ഓസ്‌ട്രേലിയയെ സംബന്ധിച്ച് ട്രംപിന്‌റെ രണ്ടാം വരവും അദ്ദേഹത്തിന്‌റെ നയങ്ങളും അത്ര അനുകൂലമല്ലാത്തത് ഇവിടുത്തെ ജീവിതകാര്യങ്ങളെയും ബാധിക്കും. കാരണം ഇനി ചൈനീസ് ചരക്കുകളുടെ ഇറക്കുമതി നിരക്കും ടാക്‌സും കൂടും. ആഗോള ചരക്കുകളുടെ വില കൂടുന്നത് ഓസ്‌ട്രേലിയയില്‍ ഇനിയും വിലക്കയറ്റത്തിന് ഇടയാക്കും അതു പലിശ നിരക്ക് കൂട്ടാന്‍ റിസര്‍വ് ബാങ്കിനെ നിര്‍ബന്ധിതമാക്കും. പക്ഷേ ഇവിടുത്തെ സമ്പദ് വ്യവസ്ഥയുടെ പ്രകടനം മോശമായി തൊഴിലില്ലായ്മ കൂടിയാല്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചേക്കും. ആഭ്യന്തര, രാജ്യാന്തര ഘടകങ്ങളെ ആശ്രയിച്ചാണ് പലിശ നിരക്ക്. സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍ പ്രകാരം 2025 ലെ ആദ്യ 6 മാസം പലിശ നിരക്ക് കുറയില്ലെന്നാണ്.
∙ നല്ല കാര്യങ്ങളുടെ വര്‍ഷമാകട്ടെ
ലെവിന്‍ ജോബോയ്
നാടകസംവിധായകന്‍,
സണ്‍ഷൈന്‍ കോസ്റ്റ്
ഓസ്‌ട്രേലിയ
പോയ വര്‍ഷങ്ങളില്‍ വിദേശ മലയാളികള്‍ക്ക് ദോഷകരമായ നിയമഭേദഗതികളൊന്നും ഓസ്‌ട്രേലിയയില്‍ ഉണ്ടായിട്ടില്ല. പക്ഷേ ഉയര്‍ന്നു നില്‍ക്കുന്ന ജീവിതചെലവുകളും പലിശ ബാധ്യതയും ഒരു പരിധി വരെ ജീവിതം പ്രയാസകരമാക്കുന്നുവെന്നത് ഇവിടുത്തെ മധ്യവര്‍ഗ മലയാളി കുടുംബങ്ങള്‍ക്കിടയില്‍ ഒരളവു വരെ പ്രകടമാണ്. ഏതു തരത്തിലുള്ള നിയമഭേദഗതികള്‍ വന്നാലും സാധാരണക്കാരെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഇത്തരം കാര്യങ്ങളെ മറികടക്കാന്‍ പുതുവര്‍ഷത്തിലെങ്കിലും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനായി നിലവിലുണ്ടായിരുന്ന വ്യവസ്ഥകള്‍, കൂടുതല്‍ കര്‍ശനമാക്കാന്‍ പോകുന്നത് ഒരല്പം ആശങ്ക ഉളവാക്കുന്നതതുമാണ്.
∙ ജീവിതം എളുപ്പമാക്കിയേക്കും
അര്‍ജുന്‍ പത്മവള്ളി
ക്യുഎ പ്രഫഷനല്‍, ടൊറന്‌റോ, കാനഡ
സ്വദേശം-തുറവൂര്‍, ആലപ്പുഴ
ആരോഗ്യകരമാകണം. സന്തോഷമാകണം. കുടുംബം ഹാപ്പിയായിരിക്കണം എന്നതൊക്കെയാണ് 2025ലും ആഗ്രഹിക്കുന്നത്. നാട്ടിലേക്കു പോകാനുള്ള വിമാന ടിക്കറ്റ് കുറയണമെന്ന ആഗ്രഹവുമുണ്ട്. ഇവിടുത്തെ നിയമപരമായ മാറ്റങ്ങള്‍ ജീവിതം കുറച്ചുകൂടി എളുപ്പമാക്കുമെന്നാണ് കരുതുന്നത്. കാരണം. ടാക്‌സ് പരമായ ചില നേട്ടങ്ങള്‍ പ്രവാസികളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. പര്‍ച്ചേസിങ് പവര്‍ കൂട്ടും. ഇത്തരം മാറ്റങ്ങളെ പോസിറ്റീവ് ആയി തന്നെയാണ് നോക്കി കാണുന്നത്.