ജോർജിയയിലെ ജഡ്ജി കോടതിമുറിയിൽ ജീവനൊടുക്കി
Mail This Article
ജോർജിയ∙ എഫിങ്ഹാം കൗണ്ടി സ്റ്റേറ്റ് കോടതിയിൽ ജഡ്ജി സ്റ്റീഫൻ യെക്കൽ (74) ജീവനൊടുക്കി. തിങ്കളാഴ്ച രാത്രി വൈകിയോ ചൊവ്വാഴ്ച പുലർച്ചെയോ ആണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്വയം വെടിവച്ചാണ് ജഡ്ജി ജീവനൊടുക്കിയത്.
2022ൽ സംസ്ഥാന കോടതിയിലേക്ക് നിയമിതനായ യെക്കൽ അടുത്തിടെ രാജിവയ്ക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, ജോർജിയ ഗവർണർ ബ്രയാൻ കെമ്പ് ഇത് നിരസിച്ചു. യെക്കൽ തന്‍റെ സ്ഥാനത്തുനിന്ന് തെറ്റായി പിരിച്ചുവിട്ടതായി ആരോപിച്ച് കോടതി ജീവനക്കാരിയായ ലിസ ക്രോഫോർഡ് കേസ് ഫയൽ ചെയ്തിരുന്നു.
വിവാഹിതനും നാലു മക്കളുടെ പിതാവുമാണ് യെക്കൽ. ചാത്താം കൗണ്ടിയിൽ മുൻ അസിസ്റ്റന്‍റ് ഡിസ്ട്രിക്റ്റ് അറ്റോർണിയും ജോർജിയയിലെ ആൽക്കഹോൾ ആൻഡ് ടുബാക്കോ ടാക്സ് യൂണിറ്റിന്‍റെ പ്രത്യേക ഏജന്‍റുമായിരുന്നു. യെക്കലിന്‍റെ മരണത്തിൽ എഫിങ്ഹാം കൗണ്ടി ബോർഡ് ഓഫ് കമ്മീഷണർമാർ അനുശോചനം രേഖപ്പെടുത്തി.
ജഡ്ജിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് കോടതിമുറി അടച്ചിട്ടു. ജനുവരി രണ്ടിന് കോടതി സാധാരണ നിലയിൽ പ്രവർത്തിക്കും. എഫിങ്ഹാം കൗണ്ടി ഷെരീഫിന്‍റെ ഓഫിസും ജോർജിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും സംഭവം അന്വേഷിക്കുന്നു.