ട്രക്ക് ആക്രമണം, സ്ഫോടനം, ടെസ്‌ല ട്രക്ക് പൊട്ടിത്തെറി; യുഎസ് സൈനികൻ കൊല്ലപ്പെട്ടു; പുതുവർഷദിനത്തിൽ നഗരത്തെ നടുക്കി അക്രമണപരമ്പര
Mail This Article
ന്യൂയോർക്ക് ∙ പുതുവർഷദിനത്തിൽ യുഎസ് നഗരമായ ന്യൂഓർലിയൻസിൽ ഐഎസ് ബന്ധമുള്ള വിമുക്തഭടൻ ജനക്കൂട്ടത്തിലേക്കു ട്രക്ക് ഓടിച്ചുകയറ്റി 15 പേരെ കൊലപ്പെടുത്തി മണിക്കൂറുകൾക്കകം നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ലാസ് വേഗസിലെ ഹോട്ടലിനു മുന്നിൽ ടെസ്‌ലയുടെ ഇലക്ട്രിക് വാഹനമായ സൈബർട്രക്ക് പൊട്ടിത്തെറിച്ചു ഡ്രൈവർ കൊല്ലപ്പെട്ടു. 7 പേർക്കു പരുക്കേറ്റു.
കൊല്ലപ്പെട്ട ഡ്രൈവർ യുഎസ് സൈനികനായ മാത്യു ലൈവൽസ്ബർഗർ ആണെന്നു തിരിച്ചറിഞ്ഞു. യുഎസ് സേനയിലെ ഗറില്ല യുദ്ധവിദഗ്ധരായ ഗ്രീൻ ബറേറ്റ്സ് സ്പെഷൽ ഫോഴ്സസിലെ അംഗമായ മാത്യു അവധിയിലായിരുന്നുവെന്നു അധികൃതർ വ്യക്തമാക്കി. പുതുവർഷത്തിൽ യുഎസിനെ നടുക്കിയ 2 സംഭവങ്ങളും തമ്മിൽ നേരിട്ടു ബന്ധമില്ലെന്നും ന്യൂഓർലിയൻസിലെ അക്രമി തനിച്ചാണു കൃത്യം നടത്തിയതെന്നും എഫ്ബിഐ അറിയിച്ചു. കൂടുതൽപേർ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചനയാണ് ആദ്യം എഫ്ബിഐ നൽകിയിരുന്നത്.
ജനുവരി ഒന്നിനു രാവിലെ എട്ടരയ്ക്ക് ലാസ് വേഗസിലെ ട്രംപ് ഇന്റർനാഷനൽ ഹോട്ടലിനു പുറത്തു നിർത്തിയ ഉടനെയാണു ടെസ്‌ലയുടെ സൈബർട്രക്ക് ഉഗ്രസ്ഫോടനത്തോടെ അഗ്നിഗോളമായത്. ട്രംപിന്റെ മുഖ്യ ഉപദേശകനായ ഇലോൺ മസ്കാണു ടെസ്‌ലയുടെ സിഇഒ. ന്യൂഓർലിയൻസിൽ ആക്രമണത്തിന് ഉപയോഗിച്ച വാഹനവും ഹോട്ടലിനു മുന്നിൽ പൊട്ടിത്തെറിച്ച ട്രക്കും വാടകയ്ക്കെടുത്തതായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ബോംബ് പോലെ ഉഗ്രശേഷിയുള്ള വസ്തുവാകാം ട്രക്കിലെ സ്ഫോടനത്തിനു കാരണമെന്നും വാഹനത്തിന്റെ കുഴപ്പമല്ലെന്നും മസ്ക് പറഞ്ഞു. വാഹനത്തിന്റെ പ്രവർത്തനം സംബന്ധിച്ചു ടെസ്‌ല ആസ്ഥാനത്തേക്ക് അതതു സമയം ലഭിക്കുന്ന ഡേറ്റയിലും സാങ്കേതികപ്രശ്നം കാണാനില്ലെന്നു മസ്ക് പറഞ്ഞു.