യുഎസ് സ്റ്റേറ്റ് വക്താവായി ടമ്മി ബ്രൂസിനെ പ്രഖ്യാപിച്ച് ട്രംപ്
Mail This Article
വാഷിങ്ടൺ ഡിസി ∙ യുഎസ് സ്റ്റേറ്റ് വകുപ്പിന്റെ ഔദ്യോഗിക വക്താവ് ആയി ടമ്മി ബ്രൂസിനെ പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് പ്രഖ്യാപനം.
വളരെയധികം ബഹുമാനിക്കപ്പെടുന്ന രാഷ്ട്രീയ വിദഗ്ധ എന്നാണ് ഫോക്സ് വാർത്താ അവതാരകയായ ടമ്മി ബ്രൂസിനെ ട്രംപ് വിശേഷിപ്പിച്ചത്. മാഗയുടെ അധികാരവും പ്രാധാന്യവും കൃത്യമായി മനസിലാക്കുന്ന വ്യക്തിയാണ് ടമ്മിയെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ടമ്മിയുടെ വിദ്യാഭ്യാസ യോഗ്യതകളും ട്രംപ് വിശദമാക്കിയിട്ടുണ്ട്. ദീർഘകാല വാർത്താ അവതാരക എന്ന നിലയിൽ രണ്ടു പതിറ്റാണ്ടായി അമേരിക്കൻ ജനതയ്ക്കായി സത്യങ്ങൾ വിളിച്ചു പറയാൻ കാണിക്കുന്ന അതേ കരുത്തിലും ദൃഢവിശ്വാസത്തിലും ഭയരഹിതമായി തന്നെ പുതിയ പദവി സ്വീകരിക്കുമെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
ജനുവരി 20ന് അധികാരത്തിലേറുന്ന പുതിയ ട്രംപ് ഭരണകൂടത്തിലെ പ്രശസ്തരുടെ പട്ടികയിലാണ് ടമ്മി ബ്രൂസിന്റെ സ്ഥാനം. ബൈഡൻ ഭരണം അവസാനിപ്പിക്കുമ്പോൾ നിലവിലെ യുഎസ് സ്റ്റേറ്റ് വക്താവായ മാത്യു മില്ലെറിന്റെ സ്ഥാനത്തേക്കാണ് ടമ്മി എത്തുന്നത്.
പ്രസിഡന്റിന് ആവശ്യമായ ഉപദേശങ്ങൾ നൽകുക, വിദേശ നയ വിഷയങ്ങളിൽ രാജ്യത്തെ നയിക്കുക എന്നിവയാണ് വക്താവിന്റെ ചുമതല.