ADVERTISEMENT

പസിഫിക് പാലിസേഡ്സ്∙ കലിഫോർണിയയിലെ പസിഫിക് പാലിസേഡ്സിൽ വൻ കാട്ടുതീ പടരുന്നു. 30,000 ത്തിലധികം പേരെ ഒഴിപ്പിച്ചു. മാലിബു, കലാബസാസ് എന്നിവിടങ്ങളിലേക്ക് വരെ അടിയന്തര ഒഴിപ്പിക്കൽ മുന്നറിയിപ്പുകൾ നൽകി. ടാങ്കറുകൾ വെള്ളം ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. എന്നാൽ കാറ്റിന്‍റെ ദിശയും വേഗതയും മാറുന്നതിനാൽ എല്ലാ വിമാന സർവീസുകൾ മേഖലയിൽ സാധ്യമല്ല.

ലൊസാഞ്ചലസിലെ 2,900 ഏക്കറിലധികം സ്ഥലത്ത് കാട്ടുതീ പടരുകയാണ്. ഈറ്റൺ കാന്യണിനടുത്തുള്ള പസഡെന, അൾട്ടഡെന എന്നിവിടങ്ങളിലേക്ക് പുതിയ കാട്ടുതീ പടരുന്നത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. പസഡെനയ്ക്കടുത്ത് മണിക്കൂറുകൾക്കുള്ളിൽ പടർന്നുപിടിച്ച കാട്ടുതീ 200 ഏക്കറിലധികം സ്ഥലത്തേക്ക് വ്യാപിച്ചു.

പസിഫിക് പാലിസേഡ്സിലെ വീടുകൾ കാട്ടുതീയിൽ തകർന്നിട്ടുണ്ട്. ക്രിസ് പ്രാറ്റ്, റീസ് വിതർസ്പൂൺ, മൈൽസ് ടെല്ലർ തുടങ്ങിയ ഹോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ വീടുകൾ ഈ പ്രദേശത്താണ്. കർദാഷിയൻസ് ഉൾപ്പെടെയുള്ള കൂടുതൽ സെലിബ്രിറ്റികൾ കലാബസാസ്, പസഡെന എന്നിവിടങ്ങളിലും താമസിക്കുന്നുണ്ട്.

ലൊസാഞ്ചലസ് സിറ്റി കൗൺസിൽ പ്രസിഡന്‍റ് മാർക്വീസ് ഹാരിസ്-ഡോസൺ ചൊവ്വാഴ്ച രാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാറ്റിന്‍റെ ശക്തി ഇനിയും വർധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഗവർണർ ഗാവിൻ ന്യൂസം സംസ്ഥാനവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഭീതിയിലായ പ്രദേശവാസികൾ കാൽനടയായി പലായനം ചെയ്യുന്നതിനിടെ, തെരുവുകളിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട ആഡംബര കാറുകൾ നീക്കം ചെയ്യുന്നതിനും രക്ഷാപ്രവർത്തകർക്ക് കുന്നുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള വഴി വൃത്തിയാക്കുന്നതിനും ബുൾഡോസറുകളെ നിയോഗിച്ചു. ടെസ്‌ലകൾ, ബിഎംഡബ്ല്യു, പോർഷെ, മെഴ്‌സിഡസ് തുടങ്ങിയ കാറുകൾ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ബുൾഡോസർ ഉപയോഗിച്ച് നീക്കം ചെയ്തു. കാട്ടുതീയിൽ കുടുങ്ങിയ പ്രശസ്തരിൽ എമ്മി അവാർഡ് ജേതാവായ നടൻ ജെയിംസ് വുഡ്‌സും (77) ഉൾപ്പെടുന്നു.

English Summary:

California wildfire spreads; 30,000 evacuated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com