മുട്ട കഴിച്ചും വണ്ണം കുറയ്ക്കാം; സംഗതി ഇതാണ്
Mail This Article
വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ മുട്ടയ്ക്ക് 'നോ' പറയുന്നത് മിക്കവരുടെയും ശീലമാണ്. കാരണം മുട്ടയില്‍ ധാരാളം കാലറിയും ഫാറ്റും അടങ്ങിയിട്ടുണ്ട് എന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഇത് ശരിയാണോ
അല്ലെന്നു തന്നെയാണ് വിദഗ്ധര്‍ പറയുന്നത്. നല്ല കൊഴുപ്പ് ധാരാളം അടങ്ങിയതാണ് മുട്ട. അതിനാല്‍തന്നെ മുട്ട ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പുഴുങ്ങിയ മുട്ടയില്‍ പോലും 80 കാലറിയാണ് അടങ്ങിയിരിക്കുന്നത്. ഈ നല്ല ഫാറ്റ് ശരിക്കും വണ്ണം കുറയ്ക്കാനാണ് സഹായിക്കുക എന്ന് അധികം ആരും അറിയാതെ പോകുന്നു എന്നതും വാസ്തവം. ശരീരത്തിന്റെ മെറ്റബോളിക് പ്രവര്‍ത്തനങ്ങളെ വേഗത്തിലാക്കാന്‍ മുട്ടയ്ക്ക് സാധിക്കും.
ഇതിനു സഹായിക്കുന്ന കോളിൻ എന്ന പോഷകം മുട്ടയില്‍ ധാരാളമായുണ്ട്. ഒപ്പം പ്രോട്ടീന്‍ കലവറയായ മുട്ട കഴിക്കുമ്പോള്‍ ആ പ്രോട്ടീന്‍ നന്നായി ദഹിക്കാന്‍ ശരീരം ധാരാളം കാലറി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. മുട്ടയുടെ മറ്റൊരു ഗുണകരമായ വശം അമിതമായി ആഹാരം കഴിക്കുന്നത് തടയാന്‍ മുട്ടയ്ക്ക് സാധിക്കും എന്നതാണ്. കാരണം ഹൈ പ്രോട്ടീന്‍ അടങ്ങിയ മുട്ട കഴിക്കുമ്പോള്‍ അത് വിശപ്പില്ലാതാക്കും. ഇടയ്ക്കിടെ ഉള്ള ആഹാരശീലം ഇതുമൂലം ഉപേക്ഷിക്കാനും സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മുട്ടയ്ക്ക് സാധിക്കും. ഓട്ട്സ് മീല്‍, ഹോള്‍ വീറ്റ് ബ്രെഡ് എന്നിവയ്ക്കൊപ്പം മുട്ട കൂടി കഴിച്ചു നോക്കുന്നത് ഏറെ നല്ലതാണ്.
മുട്ടയുടെ മഞ്ഞ നല്ലതാണോ അല്ലയോ എന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. 186 എംജി കൊളസ്ട്രോള്‍ ആണ് ഒരു മുട്ടയിലുള്ളത്. ഒരു ദിവസം ഒരാള്‍ കഴിക്കേണ്ടത് 300 എംജിയില്‍ കുറവ് കൊളസ്ട്രോള്‍ ആയിരിക്കണം. ഉയര്‍ന്ന കൊളസ്ട്രോള്‍ നില മൂലം മുട്ട ഹൃദ്രോഗമുണ്ടാക്കുമെന്നു പറയാറുണ്ട്. എന്നാല്‍ അടുത്തിടെ നടന്ന പഠനം പറയുന്നത് മുട്ടയിലെ dietary cholesterol ഒരിക്കലും കൊളസ്ട്രോള്‍ നില വര്‍ധിപ്പിക്കുന്നില്ല എന്നാണ്. അയണ്‍, ഫോലേറ്റ്, വൈറ്റമിന്‍ എന്നിവയെല്ലാം അടങ്ങിയതാണ് മുട്ടയുടെ മഞ്ഞ. മാത്രമല്ല ദിവസവും ഒരു മുട്ട ശീലിച്ചവരില്‍ ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയുടെ സാധ്യത കുറവാണെന്നും തെളിഞ്ഞിട്ടുണ്ട്. എച്ച്ഡിഎൽ കൊളസ്ട്രോള്‍ നില ഉയരുന്നതാണ് ഇതിനു കാരണമായി പറയുന്നത്.