തണ്ണിമത്തൻ മുതൽ കാപ്സിക്കം വരെ: കുടവയർ കുറയ്ക്കാൻ സഹായിക്കും ഈ 5 ഭക്ഷണങ്ങൾ
Mail This Article
കാലറി കുറഞ്ഞതും നാരുകൾ ധാരാളം അടങ്ങിയതുമായ ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാനും കുടവയർ കുറയ്ക്കാനും സഹായിക്കും. ഈ വേനൽക്കാലത്ത് കഴിക്കാൻ ഏറ്റവും മികച്ച അഞ്ചു ഭക്ഷണങ്ങളിതാ. ഇവ കാലറി കുറഞ്ഞതാണെന്നു മാത്രമല്ല. ജീവകങ്ങളും ധാതുക്കളും രോഗങ്ങളെ പ്രതിരോധിക്കുന്ന ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയതാണ്.
1. തണ്ണിമത്തൻ
ഈ കൊടും ചൂടിൽ ഉള്ളു തണുപ്പിക്കാൻ തണ്ണിമത്തനോളം മികച്ച ഒരു ഫലം ഇല്ല തന്നെ. 90 ശതമാനത്തിലധികം ജലം അടങ്ങിയ തണ്ണിമത്തൻ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച ഫലമാണ്. വയറു നിറയാൻ സഹായിക്കുന്നതോടൊപ്പം ഡീഹൈഡ്രേഷൻ (നിര്‍ജലീകരണം) തടയുന്നു, ദാഹമകറ്റുന്നു. ജീവകങ്ങൾ, ധാതുക്കൾ, ഡയറ്ററി ഫൈബർ, ആന്റി ഓക്സിഡന്റുകൾ ഇവ ധാരാളമടങ്ങിയ ഈ ഫലം ഹൃദ്രോഗം, കാൻസർ തുടങ്ങി നിരവധി രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു.
2. വാഴപ്പഴം
പോഷക സമ്പുഷ്ടവും വളരെ കുറഞ്ഞ ഊർജ്ജ സാന്ദ്രതയും ഉള്ള വാഴപ്പഴം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങളേകുന്നു. കാലറി കുറവ് ആണെങ്കിലും ഭക്ഷ്യനാരുകൾ, റസിസ്റ്റന്റ് സ്റ്റാർച്ച് ഇവ ധാരാളമടങ്ങിയതിനാൽ ശരീരഭാരം കുറയാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. അമിതഭാരം കുറയ്ക്കാൻ സഹായിക്കുന്ന പോഷകങ്ങളും ആന്റിഓക്സിഡന്റുകളും വാഴപ്പഴത്തിലുണ്ട്.
3. കാപ്സിക്കം
കാപ്സിക്കത്തിൽ കാപ്സെയ്സിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട് ഇത് കൊഴുപ്പിനെ വേഗം കത്തിച്ചു കളയാനും വിശപ്പ് ഇല്ലാതാക്കാനും സഹായിക്കുന്നു. ഇത് ശരീരഭാരം കുറയാൻ സഹായിക്കുന്നു. ദിവസവും 6 മി.ഗ്രാം കാപ്സിക്കം കഴിക്കുന്നത് സ്ത്രീപുരുഷന്മാരിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു.
4. പച്ചച്ചീര
ഈ വേനലിൽ തീർച്ചയായും ഭക്ഷണത്തിൽ ഉൾ പ്പെടുത്തേണ്ട ഒന്നാണിത്. കാർബോഹൈഡ്രേറ്റും കാലറിയും കുറഞ്ഞ പച്ചച്ചീരയിൽ കാൽസ്യം ഉൾപ്പെടെയുള്ള ധാതുക്കളും ജീവകങ്ങളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. കൊഴുപ്പിനെ കത്തിച്ചു കളയുന്ന പ്രക്രിയയെ ഇവ സഹായിക്കുന്നു. ഇലക്കറികളിൽ ധാരാളമായടങ്ങിയ നാരുകൾ ഏറെ നേരത്തേക്ക് വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കാനും ഇതുവഴി കാലറി കുറച്ചു മാത്രം കഴിക്കാനും സഹായിക്കുന്നു.
5. പയർവർഗങ്ങൾ
പയറുവർഗങ്ങളെല്ലാം പ്രോട്ടീനിന്റെയും ഫൈബറിന്റെയും കലവറയാണ്. ഇവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കുടവയർ കുറയ്ക്കാനും കാലറി കുറച്ചു മാത്രം അകത്താക്കാനും ബീൻസ്, ചെറുപയർ, വൻപയർ ഇവയെല്ലാം സഹായിക്കും.