ADVERTISEMENT

രോഗം വന്നു ചികിത്സിക്കുന്നതിനേക്കാൾ നല്ലത് അതു വരാതെ നോക്കുന്നതല്ലേ. യോഗ നമ്മുടെ പ്രതിരോധ ശക്തി വർധിപ്പിക്കും. അതാണു യോഗയുടെ പ്രസക്തിയെന്നു പതഞ്ജലി യോഗ ട്രെയിനിങ് ആൻഡ് റിസർച് സെന്റർ (പൈതൃക്) ഡയറക്ടറും യോഗ ഗുരുവുമായ കൈതപ്രം വാസുദേവൻ നമ്പൂതിരി പറയുന്നു.

യോഗയും വ്യായാമ മുറകളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. വ്യായാമങ്ങളിൽ വേഗം വേണം. എന്നാൽ, യോഗയ്ക്കു വേഗം വേണ്ട. യോഗയിൽ ശ്വാസോച്ഛാസവും അംഗചലനങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കുനിയുമ്പോൾ ശ്വാസം വിടുകയും നിവരുമ്പോൾ ശ്വാസമെടുക്കുകയും ചെയ്യും.

വ്യായാമം ചെയ്തു കഴിഞ്ഞാൽ നമുക്കു ക്ഷീണം തോന്നുമെങ്കിൽ യോഗ ചെയ്ത ശേഷം നമുക്ക് ഉൻമേഷമാണു തോന്നുക. യോഗ നമുക്ക് ഊർജം തരും. മറ്റു വ്യായാമങ്ങളിലൂടെ മസിൽ പെരുക്കുകയാണു ചെയ്യുന്നതെങ്കിൽ, യോഗയിലൂടെ മസിലിന്റെ വഴക്കം വർധിക്കുകയാണു ചെയ്യുക. തുറസായ സ്ഥലത്ത് 2 അടി വീതിയും 6 അടി നീളവുമുള്ള പായയുണ്ടെങ്കിൽ ആർക്കും യോഗ ചെയ്യാം– കൈതപ്രം വാസുദേവൻ നമ്പൂതിരി പറഞ്ഞു.

യോ യോ യോഗ
ഇന്നത്തെ യുവത്വത്തിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ചു യോഗയുടെ രീതികളിലും വലിയ മാറ്റം വന്നുവെന്ന് ‘യോഗശ്രുതി’ക്കു നേതൃത്വം നൽകുന്ന യുവ യോഗ പരിശീലക സുദക്ഷണ തമ്പി പറഞ്ഞു. യുവാക്കൾക്കു യോഗയോടു വളരെയധികം താൽപര്യമുണ്ട്. ആ താൽപര്യത്തെ ഉത്തേജിപ്പിക്കുന്ന തരത്തിൽ യോഗയുടെ വ്യത്യസ്ത രൂപങ്ങൾ ഇന്നു പരിശീലിപ്പിക്കുന്നു

ഇന്നു യുവാക്കൾ വളരെ ചെറുപ്പത്തിൽ ജോലി ചെയ്യാൻ തുടങ്ങുന്നവരാണ്. അവർക്ക് സമ്മർദവും ഏറെ. അവരിൽ പലരും സമ്മർദത്തെ മറികടക്കാൻ ശ്രമിക്കുന്നതു യോഗയിലൂടെയാണ്. വേഗം കുറഞ്ഞ പഴയ രീതിയിലുള്ള യോഗയേക്കാൾ കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന ബിക്രം യോഗ പോലുള്ള പുതിയ രീതികൾ ഇവിടെയാണു പ്രസക്തമാകുന്നത്.

ജീവനക്കാരുടെ സമ്മർദം കോർപറേറ്റ് കമ്പനികളുടെയും പ്രശ്നമാണ്. സമ്മർദം മൂലം ചിലർ ജോലിക്കു വരാതാകുന്നു, ചിലർ വിട്ടു പോകുന്നു. ഈ സാഹചര്യങ്ങളിൽ കോർപറേറ്റ് കമ്പനികളും ആശ്രയിക്കുന്നതു യോഗയെയാണ്. ഐടി കമ്പനികളിലും മറ്റും കസേരകളിൽ തന്നെ ഇരുന്നു ചെയ്യാവുന്ന യോഗമുറകൾ പരിശീലിപ്പിക്കുന്നുണ്ട്. ജോലി സ്ഥലത്തു തന്നെ മാറ്റ് വിരിച്ചു യോഗ ചെയ്യുന്നവരുണ്ട്.

‘വെൽനെസി’ന്റെ പ്രാധാന്യത്തെക്കുറിച്ചു നമ്മുടെ യുവാക്കൾ അത്രത്തോളം ബോധവാൻമാരായിരുന്നില്ല. എന്നാൽ, ഇപ്പോൾ കാലം മാറി. എങ്കിലും പലർക്കും ഇപ്പോഴും ഇതു രണ്ടാമത്തെ കാര്യമാണ്. ഏറെ വൈകാതെ ഇതും മാറും. യോഗ ചെയ്യാൻ കൂടുതൽ സമയം വേണ്ടേയെന്നാണു പലരും ചോദിക്കുന്നത്. എന്നാൽ, യോഗ ചെയ്യുമ്പോൾ നമ്മുടെ ക്ഷമത കൂടുമെന്നതിനാൽ ഫലത്തിൽ സമയം കൂടുതൽ കിട്ടുകയാണു ചെയ്യുക– സുദക്ഷണ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com