നടുവേദന അലട്ടുന്നുണ്ടോ; ചെയ്യാം ശലഭാസനം
Mail This Article
ഇന്നു ഭൂരിഭാഗം പേരെയും അലട്ടുന്ന ഒന്നാണ് നടുവേദന. ദീർഘനേരം ഒരേ ഇരുപ്പ് ഇരുന്നുള്ള ജോലിക്കാരിൽ നടുവേദന കൂടുതലായി കാണുന്നുണ്ട്. നടുവേദന അകറ്റാൻ വിവിധ യോഗാസനങ്ങളുണ്ട്. ഇതിൽ ശലഭാസനം ചെയ്യുന്ന വിധം പരിചയപ്പെടാം.
ശലഭാസനം ചെയ്യുന്ന വിധം: ഇരുകാലുകളും ചേർത്തുവച്ചു കമഴ്ന്നു കിടക്കുക. അതോടൊപ്പം നെറ്റി തറയിൽ പതിഞ്ഞിരിക്കുകയും വേണം. ഇനി ഇരുകൈകളും ശരീരത്തിനിരുവശത്തും ചേർത്തു തറയിൽ മലർത്തിവയ്ക്കുക. വിരലുകളെല്ലാം ചുരുട്ടിപ്പിടിക്കുകയും വേണം. സാവധാനം ശ്വാസമെടുത്തു കൊണ്ട് ഇരുകാലുകളും തറയിൽനിന്നുയർത്തുകയും ശ്വാസം വിട്ടുകൊണ്ടു താഴ്ത്തുകയും ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ കാൽമുട്ടുകൾ മടങ്ങാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അതോടൊപ്പം താടി തറയിൽ പതിഞ്ഞിരിക്കുകയും വേണം.
ഇതേ പോലെ എട്ടോ പത്തോ തവണ ആവർത്തിക്കാവുന്നതാണ്. ബുദ്ധിമുട്ടുള്ളവർ ഓരോ കാലുവീതം മാത്രം ഉയർത്തിയും ചെയ്യുക.
രോഗികള്‍ക്കുണ്ടാകുന്ന മാറ്റങ്ങൾ
നടുവിനും പുറത്തും ഇടുപ്പിനും ഉണ്ടാകുന്ന പേശികളുടെ വലിഞ്ഞു മുറുകിയിരിക്കുന്ന അവസ്ഥ മാറിക്കിട്ടുന്നു. അരക്കെട്ടിലെയും നടുവിലെയും നാഡീഞരമ്പുകള്‍ ശക്തങ്ങളാകുന്നു. നടുവിനുണ്ടാകുന്ന നീർക്കെട്ടിനും വേദനയ്ക്കും ശമനം കിട്ടുന്നു. കാലുകളുടെ തുടകളിലെ പേശികളും മുട്ടിനു താഴെയുള്ള പേശികളും അയഞ്ഞു കിട്ടുന്നതു മൂലം ആ ഭാഗത്തുള്ള വേദനയും കഴപ്പും മസിലുകയറ്റവും കുറയുന്നു.