വ്യായാമം ചെയ്ത് രക്തസമ്മർദം കുറയ്ക്കാം
Mail This Article
ജീവിതശൈലീ രോഗങ്ങളിൽ ഏറ്റവും വ്യാപകമാണd ഉയര്‍ന്ന ബിപി. കേരളത്തിൽ അഞ്ചിൽ രണ്ടുപേർക്ക് ഉയർന്ന ബിപി ഉള്ളതായി കണക്കാക്കപ്പെടുന്നു. ചെറുപ്പക്കാരിലും സ്ത്രീകളിലും ഉയർന്ന ബിപി ഇന്ന് സാധാരണമായിരിക്കുന്നു. മറ്റു പല രോഗങ്ങളെയും പോലെ മരുന്നുകൾ കൊണ്ട് ഇതു ചികിത്സിച്ചു മാറ്റാമെന്നാണ് മിക്കവരും ധരിച്ചിരിക്കുന്നത്. ഇത് ശരിയല്ല. ഉയർന്ന ബിപി നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളിൽ ഒന്നാണ് വ്യായാമം. വ്യായാമം എല്ലാ ദിവസവും ചെയ്യുന്നത് മരുന്നിന്റെ പ്രയോജനം ചെയ്യും. മരുന്നു കഴിക്കുന്നവർക്ക് രക്തസമ്മർദ നിയന്ത്രണം കൂടുതൽ കാര്യക്ഷമമാക്കാനും മരുന്നിന്റെ അളവ് കുറയ്ക്കാനും ചിലപ്പോള്‍ മരുന്നു നിർത്താൻ തന്നെയും വ്യായാമം സഹായിക്കും. വേഗത്തിലുള്ള നടപ്പ്, യോഗ എന്നിവയൊക്കെ പ്രയോജനം ചെയ്യുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കായിക വിനോദങ്ങളായ ടെന്നിസ്, ബാഡ്മിന്റൻ എന്നിവയും പ്രഷർ കുറയ്ക്കാൻ സഹായിക്കും. ദിവസം 45 മിനിറ്റ് വച്ച് ആഴ്ചയിൽ അഞ്ചു ദിവസം വേഗത്തിലുള്ള നടപ്പാണ് ഏറ്റവും ലളിതമായ വ്യായാമം.
വ്യായാമം എങ്ങനെയാണ് ബിപി കുറയ്ക്കുന്നതെന്നു മനസ്സിലാക്കിയാൽ ബിപി നിയന്ത്രണം കൂടുതൽ എളുപ്പമാവും. പ്രമേഹം, ഹൃദയാഘാതം, അമിതവണ്ണം, സ്ട്രോക്ക് തുടങ്ങിയ ഒട്ടനവധി രോഗങ്ങളുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനും വ്യായാമം പ്രയോജനം ചെയ്യുന്നുണ്ട്. പല രീതിയിലാണ് വ്യായാമം ബിപി കുറയ്ക്കുന്നത്.
∙ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
എയ്റോബിക്ക് വ്യായാമം ചെയ്യുമ്പോൾ ഹൃദയ പേശികൾ കൂടുതൽ പ്രവർത്തിക്കേണ്ടി വരുന്നതു കൊണ്ട് അവ കരുത്തുറ്റതാവുന്നു. തന്മൂലം ശരീരത്തിലെ രക്തസമ്മർദം സുഗമമാകുന്നു. ഇവയൊക്കെ ബിപി കുറയ്ക്കുകയും ഹൃദയാഘാതം വരാതെ സംരക്ഷിക്കുകയും ചെയ്യുന്നു.
∙ അധിക ഭാരം, അമിതവണ്ണം എന്നിവ കുറയ്ക്കുന്നു
വ്യായാമം ചെയ്യുമ്പോള്‍ ധാരാളം ഊർജം ചെലവാകുന്നു. ഇത് ശരീരത്തിൽ ഭക്ഷണത്തിലൂടെ എത്തുന്ന അമിത കാലറിയെ കൊഴുപ്പായി ശേഖരിക്കപ്പെടാതെ ഉപയോഗിച്ചു തീർക്കുന്നു. കൊഴുപ്പായി ശരീരത്തിൽ സൂക്ഷിച്ചിരിക്കുന്ന കാലറി വ്യായാമ സമയത്ത് ഉപയോഗിക്കുന്നു. ഇത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും. അമിതവണ്ണം കുറയുന്നതു കൊണ്ട് ശരീരത്തിൽ എല്ലായിടത്തും രക്തം എത്തിക്കാൻ ഹൃദയത്തിന് കൂടുതൽ ആയാസപ്പെടേണ്ടി വരുന്നില്ല. ഇത് പ്രഷർ കുറയ്ക്കാൻ സഹായിക്കുന്നു.
∙ നല്ല കൊളസ്ട്രോൾ കൂട്ടുന്നു. ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു. ഇത് ധമനികളിൽ കൊഴുപ്പ് അടിഞ്ഞു കൂടി ബ്ലോക്കുണ്ടാക്കാനുള്ള സാധ്യത കുറയ്ക്കുന്നു.
∙ മാനസിക സമ്മർദം കുറയ്ക്കുന്നു. മനസിലെ പിരിമുറുക്കം കുറയുന്നത് പ്രഷർ കുറയ്ക്കാൻ സഹായിക്കുന്നു.
∙ ധമനികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ എല്ലാ ധമനികളുടെയും ആരോഗ്യം മെച്ചപ്പെടുത്താനും രക്തസഞ്ചാരം സുഗമമാക്കാനും ബിപി കുറയ്ക്കുന്നത് സഹായിക്കും.
English Summary: Exercise tips for lowering Blood Pressure