ഭാരം കുറയ്ക്കാന്‍ ഞാന്‍ എന്നെത്തെന്നെ വെല്ലുവിളിച്ചു; ഒടുവില്‍ കുറച്ചത് 17 കിലോയും
Mail This Article
ചെറുപ്പകാലം മുതലേ ‘ഗുണ്ട് മണി’ എന്ന വിളി ഗരിമ തിവാരിക്കു പുത്തരിയായിരുന്നില്ല. ക്ലാസിലെ ഏറ്റവും ഉയരവും ഭാരവും ഉള്ള പെണ്‍കുട്ടിയായിരുന്നു ഗരിമ. സ്കൂളില്‍ മാസാമാസം ഉയരവും ഭാരവും അളക്കുന്ന സമയത്ത് കൂട്ടുകാര്‍ കളിയാക്കുമെന്ന് ഭയന്നു വെയിങ് മെഷിനില്‍ കയറാന്‍ മടിച്ചു നിന്ന പെണ്‍കുട്ടി, അപ്പോഴൊന്നും തന്റെ പ്രശ്നം അമിതവണ്ണം ആണെന്ന് ചിന്തിച്ചില്ല. വണ്ണം കുറയ്ക്കാന്‍ സാധിക്കുമെന്ന ചിന്ത പോലും ഗരിമയുടെ മനസ്സില്‍ വന്നതുമില്ല.
എന്നാല്‍ 2019 ഗരിമയുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ക്കു തുടക്കമിട്ട വർഷമായിരുന്നു. കൗമാരം വിട്ട് യൗവനത്തിലെത്തിയപ്പോഴാണ് വണ്ണം തന്റെ ആത്മവിശ്വാസം കെടുത്തുന്നു എന്ന കാര്യം ഗരിമ ചിന്തിച്ചത്. ഇതായിരുന്നു വഴിത്തിരിവ്.
പിന്നെ താമസിച്ചില്ല, നേരെ പോയി ജിമ്മില്‍ ചേര്‍ന്നു. കൂടെ വീട്ടില്‍ വര്‍ക്ക് ഔട്ട്, ജോഗിങ് എന്നിവയും. പക്ഷേ ഇതൊന്നും വിചാരിച്ച പോലെ ഫലം കണ്ടില്ല. അതോടെയാണ് തന്റെ ഡയറ്റ് ശരിയല്ല എന്ന് ഗരിമ തിരിച്ചറിഞ്ഞത്. പിന്നീട് കൃത്യമായ ഡയറ്റ് പാലിച്ചു കൊണ്ടുള്ള വ്യായാമം തുടങ്ങി.
ആദ്യ മാസം ഏറെ കഠിനമായിരുന്നു. കാരണം പെട്ടെന്നുള്ള ജീവിതശൈലീമാറ്റവുമായി ഗരിമയ്ക്ക് ആദ്യം പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. എന്നാലും വിട്ടുകൊടുക്കില്ല എന്നുതന്നെ തീരുമാനിച്ചു. അങ്ങനെ എട്ടുമാസം കൊണ്ട് 17 കിലോ കുറഞ്ഞതോടെ ആത്മവിശ്വാസമായി.
യോഗ, RPM സ്പിന്നിങ് , നൃത്തം എന്നിവയായിരുന്നു വ്യായാമമുറകള്‍. ഒരു ദിവസം പോലും ഡയറ്റില്‍നിന്നു പിന്മാറാതെയായിരുന്നു ശ്രമങ്ങള്‍. ആദ്യം വലിയ പാടായിരുന്നു. മധുരവും ഫാസ്റ്റ് ഫുഡും കഴിക്കാന്‍ സദാ ശരീരം പറഞ്ഞു കൊണ്ടിരുന്നു. എന്നാല്‍ ഗരിമ തീരുമാനത്തില്‍ ഉറച്ചു നിന്നു. അതിന്റെ ഫലം ലഭിച്ചു എന്നാണ് ഗരിമ പറയുന്നത്. ഇപ്പോള്‍ തന്നെ കണ്ടാല്‍ ആരുമൊന്നു പറയും ‘എത്ര ഫിറ്റ് ബോഡി’ എന്ന് ഗരിമ ചിരിയോടെ പറയുന്നു.
English Summary: Weight loss tips of Garima Tiwari