ADVERTISEMENT

പണ്ട് അറിവുള്ളവർ പറയുന്ന ഒരു വാക്കുണ്ടായിരുന്നു. ആരുടെ മുന്നിലും നട്ടെല്ലു വളയ്ക്കരുതെന്ന്. ആത്മവിശ്വാസമില്ലാതെ വരുമ്പോൾ കാണുന്നവരുടെയെല്ലാം മുന്നിൽ വിധേയത്വം കാട്ടരുതെന്നായിരുന്നു അതിനർഥം. ഇന്നാകട്ടെ പലർക്കും എല്ലാവരുടെ മുന്നിലും നട്ടെല്ലു വളച്ചു കുനിച്ചു നിൽക്കാനേ സാധിക്കൂ. നല്ലൊരു ശതമാനം പേർക്കും അസഹ്യമായ നടുവേദന ഒഴിയാബാധ പോലെ കൂടിയിരിക്കുന്നു എന്നതാണ് കാരണം. 

നമ്മുടെ ശരീരത്തിന്റെ നെടുംതൂണാണു നട്ടെല്ല്. നട്ടെല്ലുയർത്തി നിവർന്നു നില്‍ക്കുകയും നടക്കുകയും ചെയ്യുന്ന ഏക ജീവിയും മനുഷ്യൻ തന്നെയാണ്. ജീവിതത്തിലൊരിക്കലെങ്കിലും നടുവേദന വരാത്ത മനുഷ്യർ വളരെ കുറവായിരിക്കും. അതും നട്ടെല്ലിന്റെ പല ഭാഗത്തായിരിക്കും. മുപ്പത്തിമൂന്നു കശേരുക്കൾ കൂടിച്ചേർന്ന ഈ നട്ടെല്ലിലെ ഇരുപത്തിനാലു കശേരുക്കൾക്കാണ് കൂടുതൽ പ്രാധാന്യമുള്ളത്. ഏറ്റവും താഴത്തെ ഒൻപതു കശേരുക്കൾക്കു പൊതുവെ വഴക്കം കുറവാണ്. ദൃഢതയും വഴക്കവും കിട്ടുന്നവിധത്തിലാണ് നമ്മുടെ നട്ടെല്ലിന്റെ ഘടന.

ജീവിതശൈലിയിലെ പ്രശ്നങ്ങൾ, വളർച്ചയു ടെ ഘട്ടങ്ങളിൽ വരുന്ന താളപ്പിഴകൾ, നട്ടെല്ലിനു ജന്മനാ ഉള്ള അസാധാരണമായ വളവ്, ചതവ്, നീർക്കെട്ട് ഇവകൊണ്ടെല്ലാം നടുവേദന ഉണ്ടാകാം. തൊഴിലിനോടനുബന്ധിച്ചുള്ള പ്രശ്ന ങ്ങൾ മൂലവും ഇരുചക്ര വാഹനങ്ങളിലെ ദീർഘദൂരയാത്ര, ആവർത്തന വിരസതയുള്ള ജോലി, മേലധികാരികളുടെ സമ്മർദം മൂലമുള്ള ജോലികൾ, കശേരുക്കളുടെയോ ഡിസ്ക്കി ന്റെയോ തേയ്മാനം, നട്ടെല്ലിലെ കാൻസർ, നട്ടെല്ലിനുണ്ടാകു ന്ന മുഴ, വൃക്കരോഗം, ദഹനക്കേട്, കാലുകളുടെ ജന്മനാ ഉള്ള നീളക്കുറവ്, വളരെയധികം നിന്നും കുനിഞ്ഞുമുളള ജോലികൾ , അധികസമയം ഇരുന്നുള്ള ജോലികൾ മുതലായവകൊണ്ടും നടുവേദന കാണപ്പെടുന്നു. 

നടുവേദന അകറ്റാൻ പരിശീലിക്കാവുന്ന ഒരു യോഗാസനമാണ് ചലനപവനമുക്താസനം. ഈ ആസനം ചെയ്യുന്നതു മൂലം നട്ടെല്ലിനു തിരുമ്മുമ്പോഴുണ്ടാകുന്ന ഗുണങ്ങളാണു കിട്ടുന്നത്. നട്ടെല്ലിന്റെ കശേരുക്കൾ തറയിൽ അമരുന്നതു മൂലം നല്ല വഴക്കവും അയവും രക്തയോട്ട വും കിട്ടുന്നു. അതുപോലെ നടുവിലെയും പുറത്തെയും അരക്കെട്ടിലെയും പേശികൾ ഈ അമർച്ചയും ആട്ടവും മൂലം അയഞ്ഞു കിട്ടുകയും അതോടൊപ്പം നീർക്കെട്ടിനും വേദനയ്ക്കും ശമനം കാണപ്പെടുകയും ചെയ്യുന്നു. അരക്കെട്ടിലെയും പുറത്തെയും നാഡീ ഞരമ്പുകളെ ഉത്തേജിപ്പിക്കുന്നു. 

ചലനപവനമുക്താസനം ചെയ്യുന്ന വിധം: കാലുകൾ രണ്ടും ചേർത്തു പിടിച്ച് മലർന്നു കിടക്കുക. ഇരുകൈകളും ശരീര ത്തിനിരുവശത്തും ചേർത്തുവച്ചു തറയിൽ കമഴ്ത്തി വയ്ക്കുക. സാവധാനം ശ്വാസമെടുത്തുകൊണ്ട് ഇരു കാലുകളും മടക്കി ഇരുകൈകളുമെടുത്ത് കാൽമുട്ടുകൾക്കു മുകളിലൂടെ കോർത്തു പിടിക്കുക. ശ്വാസം വിട്ടുകൊണ്ട് മുന്നോട്ട് ആടി വന്ന് കുന്തം കാലിൽ ഇരിക്കാൻ ശ്രമിക്കുക. വീണ്ടും അതേ പോലെ തന്നെ ശ്വാസം എടുത്തുകൊണ്ട് പുറകോട്ടും ആടി വരിക. ഇങ്ങനെ അഞ്ചോ എട്ടോ തവണ കൂടി ആവർത്തിക്കാ വുന്നതാണ്. ബുദ്ധിമുട്ടു വരുമ്പോൾ വിശ്രമിക്കുക. വീണ്ടും ഒന്നോ രണ്ടോ തവണ കൂടി ആവർത്തിക്കുക. 

English Summary: Yoga Pose to Relieve Back Pain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com