ADVERTISEMENT

ശരീരഭാരം കുറയ്ക്കാൻ ശ്രമിച്ചിട്ടുള്ളവർക്കറിയാം അതത്ര എളുപ്പമല്ലെന്ന്. ഡയറ്റും വർക്കൗട്ടും കൃത്യമായി പിന്തുടരുന്നതിനു പുറമേ മറ്റു ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കാനുണ്ട്.

ആരോഗ്യവും ഫിറ്റ്നസും നിലനിർത്താൻ ആവശ്യമായ അളവിൽ വെള്ളം കുടിക്കണമെന്ന് നമുക്കറിയാം. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ അത് ഏറെ പ്രധാനവുമാണ്. കോശങ്ങളിലെ വിഷാംശം നീക്കം ചെയ്യാൻ വെള്ളം സഹായിക്കും. പ്രധാന ഭക്ഷണത്തിനു മുൻപ് രണ്ടു ഗ്ലാസ് വീതം വെള്ളം കുടിക്കുന്നത് ശരീരഭാരം വേഗം കുറയ്ക്കാൻ സഹായിക്കുമെന്ന് അടുത്തിടെ നടന്ന ഒരു പഠനത്തിൽ തെളിഞ്ഞു.

ബ്ലാക്സ്ബർഗിലെ വിർജീനിയ െടക്കിലെ കോളജ് ഓഫ് അഗ്രിക്കൾച്ചർ ആൻഡ് ലൈഫ് സയൻസിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഹ്യൂമൻ ന്യൂട്രീഷൻ, ഫുഡ്സ് ആൻഡ് എക്സർസൈസിലുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ഓരോ തവണത്തെ ഭക്ഷണത്തിനും മുൻപ് രണ്ട് ഗ്ലാസ് വെള്ളം വീതം കുടിച്ചവരിൽ 12 ആഴ്ച കൊണ്ട് രണ്ടു കിലോയിലധികം ഭാരം കുറഞ്ഞതായി കണ്ടു. 

55 മുതൽ 75 വരെ വയസ്സ് പ്രായമുള്ള 48 പേരിലാണ് പഠനം നടത്തിയത്. ഇവരെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചു. രണ്ടു ഗ്രൂപ്പുകളും കാലറി നിയന്ത്രിത ഭക്ഷണരീതി പിന്തുടർന്നു. 

ഒരു ഗ്രൂപ്പ്, ദിവസം മൂന്നു നേരം വീതം ഭക്ഷണത്തിനു മുൻപ് രണ്ടു ഗ്ലാസ് വെള്ളം കുടിച്ചു. രണ്ടാമത്തെ ഗ്രൂപ്പ് ഇതു ചെയ്തില്ല. പഠനത്തിൽ പങ്കെടുത്തവർ 12 ആഴ്ചയും ഒരേ രീതി പിന്തുടർന്നു. പഠനത്തിനൊടുവിൽ, വെള്ളം കുടിക്കാത്ത ഗ്രൂപ്പിനെ അപേക്ഷിച്ച് ദിവസം രണ്ടു ഗ്ലാസ് വെള്ളം വീതം ഭക്ഷണത്തിനു മുൻപു കുടിച്ചവർക്ക് രണ്ടു കിലോയിലധികം ശരീരഭാരം കുറഞ്ഞതായി കണ്ടു. 

ഭക്ഷണത്തിനു മുൻപ് വെള്ളം കുടിക്കുമ്പോൾ സ്വാഭാവികമായും ഭക്ഷണം കുറച്ചേ കഴിക്കൂ. കാലറി കുറച്ചു മാത്രം ഉള്ളിൽ ചെല്ലുമ്പോൾ ദിവസവും ശരീരഭാരം കുറയും. 

കൂടുതൽ ഗുണങ്ങൾ ലഭിക്കാൻ ഭക്ഷണത്തിൽനിന്ന് പഞ്ചസാരയും കാലറി കൂടിയ പാനീയങ്ങളും ഒഴിവാക്കണം. അമിതമായി വെള്ളം കുടിക്കുന്നത് ചിലർക്ക് അപകടകരമായേക്കാം. ഇത് വാട്ടർ ഇൻ ടോക്സിക്കേഷൻ എന്ന അവസ്ഥയിലേക്കു നയിക്കാമെന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. 

English Summary: Weight loss tips: Drink 2 glass of water before every meal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com