കീറ്റോഡയറ്റുകാരെ കാത്തിരിക്കുന്നത് മൂന്നു വെല്ലുവിളികൾ; മുന്നറിയിപ്പുമായി ഡോക്ടർമാർ
Mail This Article
ഡയറ്റിങ് രംഗത്ത് ഏറ്റവും ഡിമാൻഡുള്ള, എന്നാൽ നടപ്പിലാക്കാൻ നല്ല സംയമനം ആവശ്യമുള്ള കീറ്റോഡയറ്റ് പാലിക്കുന്നവർക്ക് തുടക്കത്തിൽ പനി പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടർമാരുടെ മുന്നറിയിപ്പ്. പ്രധാനമായും മൂന്നു വെല്ലുവിളികളാണ് കീറ്റോ ഡയറ്റുകാരെ കാത്തിരിക്കുന്നത്.
മെൽബണിൽനിന്നുള്ള ഫ്രന്റിയേഴ്സ് ഇൻ ന്യൂട്രീഷൻ എന്ന ജേണലിൽ ആണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. കാർബോ ഹൈഡ്രേറ്റുകൾ പരിമിതപ്പെടുത്തി കൊഴുപ്പ് നിയന്ത്രിച്ചുകൊണ്ടുള്ള ഡയറ്റ് രീതിയാണ് കീറ്റോ. ഇതു പരിശീലിക്കുന്നവർക്ക് ആദ്യ എട്ടോ പത്തോ ദിവസത്തിനുള്ളിൽ പനിയുടേതിനു സമാനമായ രോഗലക്ഷണങ്ങൾ കണ്ടെത്തിയേക്കാം. ശരീരം പെട്ടെന്ന് അതിന്റെ പതിവുരീതികളോടു വിട്ടുനിൽക്കുന്നതിന്റെ പാർശ്വഫലം മാത്രമാണിത്. പരമാവധി പത്തുദിവസത്തിനകം ശരീരം ഈ പുതിയ ആഹാരക്രമവുമായി പൊരുത്തപ്പെടുമെന്നും ഗവേഷകർ ഉറപ്പുനൽകുന്നു.
കീറ്റോ ഡയറ്റ് നിങ്ങളുടെ ശരീരത്തേക്കാൾ മനസ്സിനെയാണ് പ്രയാസത്തിലാക്കുകയെന്നും ഓസ്ട്രേലിയയിലെ ടാസ്മാനിയ സർവകലാശാലയിലെ ഗവേഷകർ പറയുന്നു. പ്രിയപ്പെട്ട ഭക്ഷണങ്ങൾ– പ്രത്യേകിച്ചു മധുരമുള്ളവ, വറുത്തും പൊരിച്ചും തയാറാക്കുന്ന മാംസാഹാരം എന്നിവ– പെട്ടെന്നു വേണ്ടെന്നു വയ്ക്കേണ്ടി വരുമ്പോൾ തോന്നുന്ന മനഃപ്രയാസം സ്വാഭാവികമാണെന്നും ഈ ചലഞ്ചിനെ അതിജീവിച്ചാൽ പനിയും പമ്പകടക്കുമെന്ന് ഡോക്ടർമാർ പറയുന്നു. രണ്ടാമത്തെ ഈ ചലഞ്ച് കൂടി അതിജീവിക്കുന്നതോടെ നിങ്ങളുടെ ശരീരവും മനസ്സും കീറ്റോ ഡയറ്റുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു.
മൂന്നാമത്തെ ചലഞ്ച് തീൻമേശയിലെ പ്രലോഭനങ്ങളെ അതിജീവിക്കുക എന്നതാണ്. കീറ്റോ ഡയറ്റ് പിന്തുടരുന്നവരെ പ്രലോഭിപ്പിക്കുന്ന പല വിഭവങ്ങളും ഹോട്ടലുകളിലും ബേക്കറികളിലും സുലഭമാണ്. ഇവയിലേക്ക് ശ്രദ്ധ പോകാതിരിക്കുക എന്നതാണ് വേണ്ടത്. വല്ലപ്പോഴും ഇവ അൽപം കഴിക്കുന്നതിൽ തെറ്റില്ല. പക്ഷേ ഇതൊരു ശീലമാക്കിയാൽ കീറ്റോ ഡയറ്റിന്റെ ഗുണം നഷ്ടപ്പെടും. ഊ മൂന്നു ചാലഞ്ചുകളാണത്രേ പ്രധാനമായും കീറ്റോ ഡയറ്റ് നേരിടുന്നത്.
English Summary: The three challenges facing keto diet followers