ഏകാഗ്രത കൂട്ടാൻ പരിശീലിക്കാം താഡാസനം
Mail This Article
പ്രായഭേദമന്യേ ഏവർക്കും പരിശീലിക്കാവുന്ന ഒരു വാം അപ്പ് ആസനയാണ് താഡാസനം (ഒന്നാമത്തെ രീതി). ഏകാഗ്രത കൂടുകയും മനസ്സിനും ശരീരത്തിനും ബലം വർധിക്കുകയും ചെയ്യും. കാൽപാദങ്ങൾ ഉൾപ്പെടെ ശരീരമാസകലം രക്ത സഞ്ചാരം വർധിക്കും. നട്ടെല്ലിനു നല്ല അയവു കിട്ടാനും നാഡി ഞരമ്പുകൾ ഉത്തേജിപ്പിക്കപ്പെടാനും സഹായിക്കുന്നു. ശ്രദ്ധയോടെ അഭ്യസിച്ചാൽ ഗർഭിണികൾക്കു സുഖ പ്രസവത്തിന് ഉത്തമ വ്യായാമമാണ്.
കാൽവിരൽതുമ്പുകളിൽ പൊങ്ങിയുള്ള ഈ ആസന ചെയ്യുമ്പോൾ ബാലൻസ് തെറ്റാതെ ശ്രദ്ധിക്കണം. വിരൽ തുമ്പുകളിൽ സ്വമേധയാ നിൽക്കാൻ സാധിക്കാത്തവർ എവിടെയെങ്കിലും ഒരു കൈ പിടിച്ചുകൊണ്ടു വലതുകൈയ്യും ഇടതു കൈയ്യും മാറി മാറി തലയ്ക്കു മുകളിലേക്കു പൊക്കി പരിശീലിക്കുക..
പാദങ്ങൾ അൽപം അകറ്റി നിൽക്കുക. ദൃഷ്ടികൾ നേരെ മുന്നിലുള്ള ഒരു ബിന്ദുവിൽ ഉറപ്പിക്കുക. കൈകൾ അതതു വശത്തെ കാൽതുടകളിൽ ചേർത്തു വയ്ക്കണം. സാവധാനം ശ്വാസം ഉള്ളിലേക്കു വലിച്ചെടുത്തു കൊണ്ടു കൈകൾ മുകളിലേക്ക് ഉയർത്തുക. അതോടൊപ്പം വിരൽ തുമ്പുകളിൽ നിന്നുകൊണ്ടു കാലിന്റെ ഉപ്പൂറ്റികൾ പരമാവധി മുകളിലേക്ക് ഉയർത്തണം. കൈകൾ തലയ്ക്കു മുകളിലെത്തിയാലുടൻ കൈവിരലുകൾ കോർത്തുകെട്ടി കൈപ്പത്തി മലർത്തി ചിത്രത്തിൽ കാണും വിധം 2-3 സെക്കൻഡ് നിൽക്കുക. ശ്വാസം പുറത്തേക്കു വിട്ടുകൊണ്ടു കൈകൾ തിരികെ തുടയിൽ വയ്ക്കുക. ഇതേ വിധം 8-10 തവണ പരിശീലിക്കാം.