ഒരു ദീര്‍ഘ ഓട്ടത്തിനു ശേഷം ഒരിക്കലും ചെയ്യരുതാത്ത അഞ്ച് കാര്യങ്ങള്‍
Mail This Article
ഒരു നല്ല ഓട്ടം ശരീരത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ദിവസവുമുള്ള ഓട്ടത്തിനു ശേഷം ലഭിക്കുന്ന അഡ്രിനാലിന്‍ ഒഴുക്കും ഊര്‍ജ്ജവും താരതമ്യങ്ങളില്ലാത്തതാണ്. എന്നാല്‍ ഓട്ടം കഴിഞ്ഞു വന്നാല്‍ ഒരിക്കലും ചെയ്യരുതാത്ത ചില കാര്യങ്ങളുണ്ട്. വ്യായാമത്തിന്റെ ഗുണങ്ങളെതന്നെ ഇല്ലാതാക്കുന്ന അത്തരം അഞ്ച് ശീലക്കേടുകള്‍ പരിചയപ്പെടാം.
1. കഴിക്കാതിരിക്കല്‍
ഏതു തരം വ്യായാമത്തിന്റെയും വര്‍ക്ക് ഔട്ടിന്റെയും അടിസ്ഥാന നിയമം അതിനു മുന്‍പും ശേഷവും എന്തെങ്കിലും കഴിക്കുകയും കുടിക്കുകയും ചെയ്യുക എന്നതാണ്. ഇത് അവഗണിച്ചാല്‍ വര്‍ക്ക്ഔട്ടിന്റെ ഫലപ്രാപ്തി കുറയും. വ്യായാമത്തിനു ശേഷം നമ്മുടെ ഊര്‍ജ്ജം കുറയുകയും വിയര്‍പ്പിലൂടെ ധാരാളം വെള്ളം പുറത്തു പോവുകയും ചെയ്യും. ഇത് നികത്താനായി പോഷകഗുണമുള്ള എന്തെങ്കിലും കഴിക്കുകയും വെള്ളം കുടിക്കുകയും വേണം. വ്യായാമം കഴിഞ്ഞ് 20-30 മിനിറ്റിനുള്ളില്‍ ശരീരത്തിന് ഈ റീഫില്‍ കിട്ടിയിരിക്കണം.
2. വിശ്രമം ആകാം പക്ഷേ, കിടക്കരുത്
ഹൃദയമിടിപ്പ് ഉയര്‍ത്തുകയും ശ്വാസഗതി വര്‍ധിപ്പിക്കുകയും ചെയ്യുന്ന അധ്വാനമുള്ള ജോലിയാണ് ഓട്ടം. ഇതിനു ശേഷം ഹൃദയമിടിപ്പും ശ്വാസഗതിയും പതിയെ സാധാരണ ഗതിയിലേക്ക് കൊണ്ടു വരാന്‍ വിശ്രമം ആവശ്യമാണ്. എന്നാല്‍ ഇത് ശരിയായ രീതിയില്‍ ചെയ്യണം. ഓട്ടത്തിന്റെ ക്ഷീണത്തില്‍ കയറി കിടക്കാമെന്നോ സോഫയില്‍ മടി പിടിച്ച് ഇരിക്കാമെന്നോ കരുതരുത്. പരിപൂര്‍ണമായും നിര്‍ജ്ജീവമായി ഇരിക്കുന്നതിനു പകരം ചെറിയ തോതിലുള്ള എന്തെങ്കിലും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് വിശ്രമിക്കാന്‍ ശ്രമിക്കണം.
3. വിയര്‍പ്പുള്ള വസ്ത്രത്തില്‍തന്നെ ഇരിക്കരുത്
ഓടി വിയര്‍ത്ത് വന്ന് അതേ വസ്ത്രത്തില്‍ തുടരുന്നവരുണ്ട്. അത് നല്ല പരിപാടിയല്ല. വ്യായാമത്തിനു ശേഷം ശരീരത്തില്‍ നിന്ന് പൊടിയുന്ന വിയര്‍പ്പ് തുണിയില്‍ പറ്റി പിടിക്കുമ്പോള്‍ അവയില്‍ ബാക്ടീരിയ വളരാനും ചര്‍മപ്രശ്‌നം ഉണ്ടാക്കാനുമുള്ള സാധ്യതയുണ്ട്. വിയര്‍പ്പ് കൊണ്ടു നനഞ്ഞ വസ്ത്രം ദീര്‍ഘനേരം ഇടുന്നത് ജലദോഷ പനിക്കും കാരണമാകാം. അതിനാല്‍ ഓട്ടം കഴിഞ്ഞെത്തി ഇട്ടിരിക്കുന്ന വസ്ത്രങ്ങള്‍ അലക്കാനിടണം. ഉടനെ കുളിച്ചില്ലെങ്കിലും ഉടനെ വസ്ത്രം മാറാന്‍ മറക്കരുത്.
4. കഠിനമായ ജോലിയില്‍ ഏര്‍പ്പെടരുത്
അത്യധികം ഊര്‍ജ്ജം ആവശ്യമായ ജോലികള്‍ ഓട്ടം കഴിഞ്ഞ് വന്ന് ഉടനെ ചെയ്യരുത്. ഓട്ടത്തിനു ശേഷം ക്ഷീണിച്ചിരിക്കുന്ന പേശികള്‍ക്ക് കുറച്ച് വിശ്രമം ആവശ്യമാണ്. ഇതിന് സമയം കൊടുക്കാതെ വീണ്ടും കനപ്പെട്ട ജോലികള്‍ ചെയ്താല്‍ അത് പേശീകള്‍ക്ക് സമ്മര്‍ദമേറ്റും. ശരീരത്തിന് കൂടുതല്‍ ക്ഷീണം തോന്നാനേ ഇത് കൊണ്ട് ഉപകരിക്കൂ.
5. ചൂടു വെള്ളത്തില്‍ കുളി ഉടനെ വേണ്ട
ഓടി കഴിഞ്ഞെത്തി ചെറു ചൂടു വെള്ളത്തില്‍ ഒരു കുളി പാസ്സാക്കിയാല്‍ ക്ഷീണമെല്ലാം പോകുമല്ലോ എന്ന് കരുതും. പക്ഷേ, ഇത് ശരിയായ രീതിയല്ല. ശരീരത്തിന്റെ വേദന പോയി കഴിഞ്ഞ ശേഷമാണ് ചൂടു വെള്ളം സഹായകമാകുക. ഐസും ചൂടും മാറി മാറി നല്‍കുന്നതാണ് ശരിയായ രീതി. ആദ്യം ഒരു ഐസ് പാക്ക് ഉപയോഗിച്ച് വേദനയും നീര്‍ക്കെട്ടും ഒക്കെ മാറ്റുക. പിന്നീട് കുറച്ച് വിശ്രമിച്ച ശേഷം ചൂടു വെള്ളത്തില്‍ കുളിക്കുക.
English Summary : 5 things you should never do after a long run