എന്തൊക്കെ ചെയ്തിട്ടും കുടവയര്‍ മാറുന്നില്ലേ? കാരണങ്ങള്‍ ഇവയാകാം
Mail This Article
ദിവസവും വ്യായാമം. കടുത്ത ഭക്ഷണ നിയന്ത്രണം. എന്തൊക്കെ ചെയ്തിട്ടും മിഥുനം സിനിമയിലെ ഇന്നസെന്റ് കഥാപാത്രത്തെ പോലെ കയ്യും കെട്ടി കുലുങ്ങാതെ നില്‍ക്കുന്ന കുടവയര്‍. പലരും നേരിടുന്ന പ്രശ്‌നമാണ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും മാറാതെ നില്‍ക്കുന്ന കുടവയര്‍.
നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളിലെ എന്തോ ഒരു പന്തികേടായിരിക്കാം ഇതിനു പിന്നില്‍. കൊഴുപ്പ് ശരീരത്തിന്റെ മധ്യ ഭാഗത്ത് വയറിന്റെ താഴെയായി അടിഞ്ഞു കൂടിയാണ് കുടവയര്‍ ഉണ്ടാകുന്നത്. രൂപഭംഗി കെടുത്തി ആത്മവിശ്വാസം നശിപ്പിക്കുക മാത്രമല്ല, നിരവധി രോഗങ്ങളും നമുക്ക് സമ്മാനിക്കുന്നതാണ് ഈ കുടവയര്‍.
കുടവയര്‍ മാറാത്തതിന് പിന്നില്‍ ഇനി പറയുന്ന കാരണങ്ങളില്‍ ഒന്നാകാം
1. തെറ്റായ ഭക്ഷണം
സ്റ്റാര്‍ച്ചും കാര്‍ബോഹൈഡ്രേറ്റും ചീത്ത കൊഴുപ്പും അടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിക്കുന്നവര്‍ക്ക് കുടവയര്‍ വിട്ടു മാറില്ല. ചോക്ലേറ്റ്, കേക്ക്, കൊഴുപ്പടങ്ങിയ മാംസം, ബര്‍ഗര്‍, ഫ്രൈ എന്നിവയെല്ലാം ഇക്കാര്യത്തില്‍ വില്ലനാകും. ഈ ഭക്ഷണങ്ങളാണോ നിങ്ങളുടെ കുടവയര്‍ മാറാത്തതിന് പിന്നിലെന്ന് അറിയാന്‍ ഇവ നിര്‍ത്തി പകരം പച്ചക്കറികളും ആരോഗ്യപ്രദമായ കൊഴുപ്പ് അടങ്ങിയ നട്‌സും മീനുമെല്ലാം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം.
2. പുകവലി
പുകവലി കുടവയര്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. സ്ഥിരം പുകവലിക്കാരനാണെങ്കില്‍ അത് പടി പടിയായി നിര്‍ത്തി കുടവയറില്‍ മാറ്റമുണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിക്കാം.
3. തെറ്റായ വ്യായാമം
വ്യായാമം ചെയ്തിട്ടും കുടവയര്‍ കുറയുന്നില്ലെങ്കില്‍ നിങ്ങള്‍ ഒന്നുകില്‍ ആവശ്യമുള്ള അത്ര വ്യായാമം ചെയ്യുന്നില്ല. അല്ലെങ്കില്‍ തെറ്റായ വ്യായാമമമാണ് ചെയ്യുന്നത്. അധികമുള്ള ഭാരം ശരീരത്തില്‍ നിന്ന് കളയാന്‍ നിങ്ങളുടെ വ്യായാമത്തില്‍ വെയിറ്റ് ട്രെയിനിങ്ങ് ഉള്‍പ്പെടുത്തുക. പേശികള്‍ വളരാനും കൂടുതല്‍ കാലറി കത്തിച്ചു കളയാനും ഇത് സഹായകമാണ്. തുടക്കക്കാര്‍ക്ക് നടത്തം, ഓട്ടം പോലുള്ള എയറോബിക് എക്‌സര്‍സൈസ് മതിയാകും. പതിയെ പതിയെ വര്‍ക്ക് ഔട്ടിന്റെ തീവ്രത വര്‍ധിപ്പിക്കാം.
4. ഉയര്‍ന്ന സമ്മര്‍ദം
കോര്‍ട്ടിസോളുകള്‍ എന്ന സമ്മര്‍ദ ഹോര്‍മോണുകള്‍ കുടവയര്‍ വിട്ടുമാറാതെ നില്‍ക്കാന്‍ കാരണമാകും. അതിനാല്‍ സമ്മര്‍ദം കുറയ്ക്കാനും ശ്രമം നടത്തണം. മനസ്സിനും ശരീരത്തിനും വിശ്രമം നല്‍കാന്‍ യോഗ പോലുള്ള വ്യായാമങ്ങള്‍ ശീലമാക്കാം.
5. ആവശ്യത്തിന് വെള്ളം
ശരീരത്തെ വിഷമുക്തമാക്കാനും ആവശ്യമില്ലാത്ത കൊഴുപ്പും കുടവയറും അകറ്റാനും വെള്ളം ആവശ്യമാണ്. എനര്‍ജി ഡ്രിങ്കും സോഫ്ട് ഡ്രിങ്കും ഒക്കെ കുടിക്കുന്ന സമയത്ത് ആവശ്യത്തിന് വെള്ളം കുടിക്കാന്‍ ശ്രമിക്കുക.
6. ഉറക്കക്കുറവ്
ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനം താറുമാറാകുകയും സമ്മര്‍ദ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും. ഇത് കുടവയര്‍ വര്‍ധിപ്പിക്കും. അതിനാല്‍ കുടവയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആവശ്യത്തിന് ഉറങ്ങുന്നുണ്ടെന്ന് ഉറപ്പാക്കുക.
7. മദ്യപാനം, എനര്‍ജി ഡ്രിങ്കുകള്‍
മദ്യപാനം ശരീരത്തിലെ കാലറി കൂട്ടി കുടവയര്‍ വര്‍ധിപ്പിക്കും. ബിയര്‍ അധികം കുടിക്കുന്നവര്‍ അതിന്റെ തോത് കുറയ്ക്കുകയോ പൂര്‍ണമായും നിര്‍ത്തുകയോ വേണം. ഉയര്‍ന്ന പഞ്ചസാരയുള്ള എനര്‍ജി ഡ്രിങ്കുകളും നമ്മുടെ ശരീരത്തിലെ കാലറി ഉയര്‍ത്തും. അവയും ഒഴിവാക്കേണ്ടതാണ്.
8. ജനിതക പ്രശ്‌നം
ഒരാളുടെ ജനിതക സംവിധാനവും അയാളുടെ കുടവയര്‍ നിര്‍ണയിക്കുന്നതില്‍ സ്വാധീനം ചെലുത്താറുണ്ട്. അമിതവണ്ണം നിങ്ങളുടെ ജീനുകളില്‍ തന്നെയുള്ള സവിശേഷതയാണെങ്കില്‍ അത് ഒഴിവാക്കുന്നത് ബുദ്ധിമുട്ടാണ്. എന്നാല്‍ അത് അസാധ്യമല്ല. ശരിയായ വ്യായാമത്തിലൂടെയും പോഷണ പദ്ധതികളിലൂടെയും ഒരാള്‍ക്ക് അമിതവണ്ണം തടയാന്‍ സാധിക്കും.
English Summary : Not Losing Belly Fat? Reasons are here