ADVERTISEMENT

പ്രവാസജീവിതം സമ്മാനിച്ച അമിതവണ്ണം മസിലാക്കിയ മനുവിന് ‘മിസ്റ്റർ കേരള-എൻപിസി’ മത്സരത്തിൽ വെങ്കല നേട്ടം. ഇതോടെ ബോഡി ബിൽഡിങ് രാജ്യാന്തര മത്സരങ്ങളിലേക്കുള്ള അവസരം കൂടിയാണ് കായംകുളം പത്തിയൂർ ശ്രുതിലയത്തിൽ മനു മന്ദഹാസിന് (25) തുറന്നു കിട്ടിയത്. ലോക്ഡൗണിനെത്തുടർന്ന് ജിമ്മുകൾ അടച്ച സമയത്ത് വീട്ടിലിരുന്ന് വ്യായാമം ചെയ്താണ് മനു തന്റെ ലക്ഷ്യത്തിലേക്ക് മസിലുരുട്ടിയത്. 

ഒന്നര മാസത്തിലെ മാറ്റം 

2019ൽ മിസ്റ്റർ ആലപ്പുഴ മത്സരത്തിൽ 80 പ്ലസ് വിഭാഗത്തിൽ ജേതാവായിരുന്നു. മത്സരത്തിന് ഏതാനും മാസങ്ങൾക്കു മുൻപാണ് ഗൾഫിലെ ജോലി നിർത്തി തരിച്ചു വരുന്നത്. വണ്ണം, നല്ലവണ്ണം കൂടി. ശരീരഭാരം 98 കിലോഗ്രാമായി. ഒന്നര മാസം കൃത്യമായി ഡയറ്റും വർക്ക്ഔട്ടും ചെയ്തതോടെ അത് 83 കിലോഗ്രാമിലെത്തി. ആ ധൈര്യത്തിലാണ് 80 പ്ലസ് വിഭാഗത്തിൽ മത്സരിച്ചത്.

ഓൺലൈൻ കസർത്ത് 

തനിക്ക് ഇത്രയും വേഗം ബോഡി ബിൽഡ് ചെയ്യാനായ രീതി മറ്റുള്ളവർക്കു കൂടി പകർന്നു നൽകണമെന്നു തോന്നി. ജിമ്മിൽ ഇൻസ്ട്രക്ടറായും ഓൺലൈനായി ബോഡി ബിൽഡിങ് പരിശീലിപ്പിച്ചും നാട്ടിൽ തുടർന്നു. ഇതിനിടെ കോഴിക്കോടുകാരൻ കെ.ടി.റാഷിദിന് കായംകുളത്തിരുന്ന് വാട്ട്സാപ്പിലൂടെ പരിശീലനം നൽകി, മിസ്റ്റർ ഇന്ത്യമത്സരത്തിനു യോഗ്യത നേടിക്കൊടുത്തത് മനുവിന് അഭിമാനനേട്ടമായി. തുടർന്ന് ഒട്ടേറെപ്പേർക്ക് വാട്സാപ്പിലൂടെ പരിശീലനം നൽകി. 

ജിമ്മുകളില്ലാത്ത കോവിഡ് കാലം 

ലോക്ഡൗൺ കാലത്ത് വർക്ക് ഔട്ട് മുടങ്ങിയതോടെ മനുവിന്റെ വണ്ണം തിരികെവന്നു. 115 കിലോയായി ഭാരം. കഴിഞ്ഞ ജൂൺ മുതൽ വീട്ടിലിരുന്ന് വ്യായാമം തുടങ്ങി. ജിം തുറന്നതോടെ കഠിനപരിശീലവും. ഭാരം 90 കിലോയിലെത്തി. മിസ്റ്റർ കേരള എൻപിസി തുറന്നുതന്ന അവസരങ്ങളിലൂടെ കഴിയുന്നത്ര മുന്നേറാനാണ് മനുവിന്റെ പ്ലാൻ. വർക്ക്ഔട്ടിന് ഇനി അവധി നൽകില്ലെന്ന് ഉറച്ചതീരുമാനവും. ഫൊട്ടോഗ്രഫറായ എം.സത്യന്റെയും ജയലതയുടെയും മകനായ മനു അച്ഛൻ നടത്തുന്ന  മനു മാധവ് സ്റ്റുഡിയോയിയിൽ ഫൊട്ടോഗ്രഫറായും ജോലി ചെയ്യുന്നുണ്ട്. സഹപാഠിയായിരുന്ന സജിഷയാണ് ഭാര്യ. മകൻ ആദിത്ത് മന്ദഹാസ്. 

English Summary : Mr. Kerala-NPC's competition Bronze medal winner Manu mandahas about his fitness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com