52ലും അജയ് ദേവ്ഗൺ ഫിറ്റ്: അറിയാം താരത്തിന്റെ ആരോഗ്യ രഹസ്യം
Mail This Article
ഫിറ്റ്നസിന്റെ കാര്യത്തിൽ പലപ്പോഴും യുവതലമുറയ്ക്ക് മാതൃകയാണ് ഹിന്ദി സിനിമാ താരങ്ങൾ. സൽമാൻ ഖാൻ, അക്ഷയ് കുമാർ തുടങ്ങി പല ഹിന്ദി സിനിമാ നടൻമാരും ഫിറ്റ്നസ് കാത്തുസൂക്ഷിക്കാൻ ഏതറ്റംവരെയും പോകുന്നവരാണ്. കഴിഞ്ഞദിവസം 52-ാം ജന്മദിനം ആഘോഷിച്ച അജയ് ദേവ്ഗണ്ണും ഫിറ്റ്നസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും കാണിക്കാറില്ല.
നിരന്തരമായ വ്യായാമവും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളുമാണ് ഈ ബോളിവുഡ് താരത്തിന്റെ ആകർഷകമായ ശരീരവടിവിനു പിന്നിലെ രഹസ്യം. സിക്സ് പാക്കിനേക്കാൾ ടോൺഡ് ആയ ശരീരത്തിനാണ് അജയ് ഊന്നൽ നൽകുന്നത്. ഇതിനായി ദിവസവും ഒരു മണിക്കൂറിലധികം വ്യായാമത്തിനായി മാറ്റി വയ്ക്കും.
പലതരം രുചിഭേദങ്ങൾ മിതമായ തോതിൽ ഉൾപ്പെടുത്തുന്നതാണ് അജയ് യുടെ ദിവസേനയുള്ള ഭക്ഷണക്രമം. അനാരോഗ്യകരമായ ജങ്ക്ഫുഡും കൊഴുപ്പു നിറഞ്ഞ ഭക്ഷണവും പൂർണമായും ഒഴിവാക്കും. വല്ലപ്പോഴും മാത്രം മദ്യപിക്കുന്ന താരം അതും പരിമിതമായ തോതിൽ മാത്രമേ ഉപയോഗിക്കാറുള്ളൂ.
ഒരു ചൂടു കാപ്പിയിലും പ്രോട്ടീൻ നിറഞ്ഞ പ്രഭാതഭക്ഷണത്തിലുമാണ് അജയ് തന്റെ ദിവസം ആരംഭിക്കുന്നത്. ഓട്സ്, പഴങ്ങൾ, മുട്ട, നട്ട്സ് എന്നിവയെല്ലാം അജയ് യുടെ പ്രതിദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുന്നു. പോഷകസമ്പുഷ്ടമായ ഓട്സ് കൊളസ്ട്രോൾ തോത് കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താനും ഭാരം കുറയ്ക്കാനും സഹായിക്കുന്നു. ചർമത്തിന്റെ ആരോഗ്യത്തിനും ഓട്സ് വളരെ നല്ലതാണ്. മുട്ടയും പഴങ്ങളും നട്ട്സും ഭാരം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായകമാണ്.
എണ്ണയും കാലറിയും നിറഞ്ഞ ഭക്ഷണത്തേക്കാൾ വീട്ടിലുണ്ടാക്കുന്ന ലളിതമായ വിഭവങ്ങളാണ് തനിക്കിഷ്ടമെന്ന് ഒരിക്കൽ ഒരു അഭിമുഖസംഭാഷണത്തിൽ അജയ് പറഞ്ഞിരുന്നു. ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ ആയ പരിപ്പ്, തവിടുള്ള ബ്രൗൺ അരി, ചപ്പാത്തി, വെജിറ്റബിൾ കറി, സാലഡ് തുടങ്ങിയവയാണ് ഉച്ചഭക്ഷണത്തിനു തിരഞ്ഞെടുക്കുന്നത്. അവശ്യ പോഷകങ്ങൾ അടങ്ങിയ ഈ വിഭവങ്ങൾ ശരീരപുഷ്ടിക്കും ചർമകാന്തിക്കും സഹായിക്കുകയും പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നിറയെ ഫൈബർ അടങ്ങിയ ബ്രൗൺ അരി ഹൃദ്രോഗത്തിന്റെയും പക്ഷാഘാതത്തിന്റെയും അപകടസാധ്യതകൾ കുറയ്ക്കുന്നു. സാധാരണ ഗതിയിൽ ഇത്തരം ചിട്ടകൾ പിന്തുടരുന്ന താരം സിനിമയിലെ റോളുകൾക്ക് അനുസരിച്ച് തന്റെ ഭക്ഷണശീലങ്ങളിൽ മാറ്റം വരുത്താറുണ്ട്.
English Summary : Health and fitness secrets of Ajay Devgn