വെയ്റ്റ് ട്രെയിനിങ് വ്യായാമം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഗുണങ്ങളും അറിയാം
Mail This Article
ഏറ്റവും ഉത്തമമായ വ്യായാമം ഏതാണ്? ഒട്ടും ആലോചിക്കാതെ ചിലർ മറുപടി പറയും ! ‘നടത്തം,’അതായത് കൈകൾ ആഞ്ഞുവീശിക്കൊണ്ടുള്ള പ്രഭാതസവാരി. ചിലർ പറയും: ‘നീന്തൽ’ഇനിയും ചിലർ: ‘യോഗ.’
വ്യായാമം സുരക്ഷിതമായി
മത്സരാടിസ്ഥാനത്തിൽ നടത്തപ്പെടുന്ന ഭാരോദ്വഹന പരിശീലനമല്ല വെയ്റ്റ് ട്രെയിനിങ്. ശരീരത്തിലെ മസിലുകളെയും സന്ധികളെയും ദിനംപ്രതി പുഷ്ടിപ്പെടുത്തുകയും മാംസപേശികൾക്കും അതുവഴി മൊത്തത്തിൽ ശരീരത്തിനും ആകാരഭംഗി പ്രദാനം ചെയ്യുവാനുമുള്ള എളുപ്പമാർഗമാണ് വെയിറ്റ് ട്രെയിനിങ്.
ശാസ്ത്രീയമായി ചെയ്താൽ ഏതു ശരീരപ്രകൃതിയുള്ളവർക്കും ഏതു പ്രായക്കാർക്കും സ്ത്രീകൾക്കു പോലും ഏറ്റവും സുരക്ഷിതമായ വ്യായാമപദ്ധതിയാണിത്. തുടക്കക്കാർക്കു തന്റെ ശരീരശേഷിക്ക് അനുസൃതമായി ഏറ്റവും ചെറിയ വെയ്റ്റ് തിരഞ്ഞെടുത്തു വ്യായാമം ചെയ്തു തുടങ്ങാം.
ക്രമേണ മസിലുകളുടെ ശക്തി വർധിക്കുന്നതോടെ കൂടുതൽ ഭാരം വ്യായാമത്തിന് ഉപയോഗിക്കാം. ഉയർന്ന ശരീര ഭാരമുള്ളവർ വ്യായാമത്തിനായി നടക്കുകയോ ഓടുകയോ ചെയ്യുന്നതിനു മുമ്പ് ഒന്നോ രണ്ടോ മാസം ഈ രീതിയിൽ ചെയ്തു കാലുകൾക്കു ബലം വരുത്തണം. അങ്ങനെ ചെയ്യുന്നതു സന്ധികൾക്കും മസിലുകൾക്കും കൂടുതൽ സുരക്ഷിതത്വം നൽകും.
വെയ്റ്റ് ട്രെയിനിങിൽ വളരെ യുക്തിസഹമായ ശാസ്ത്രീയത്വം അടങ്ങിയിട്ടുണ്ട്. അതായതു വളരെ പ്രയാസപ്പെട്ട് ഒരു നിശ്ചിതഭാരം ഉപയോഗിച്ചു വ്യായാമം ചെയ്യുകയാണെങ്കിൽ (ശരീരശേഷിക്കുതകുന്ന ഭാരം) നിശ്ചിത മണിക്കൂർ വ്യായാമം കഴിഞ്ഞ് മസിലുകൾക്കു വിശ്രമം കൊടുക്കണം.
വിശ്രമവേളയിൽ വ്യായാമത്തിൽ നിന്നുളവാകുന്ന ചെറിയക്ഷതങ്ങളിൽ നിന്നും ക്ഷീണത്തിൽ നിന്നും മസിലുകൾ പരിപൂർണമായി വിമുക്തമാകുന്നു. വിശ്രമ ശേഷം കൂടുതൽ ഉന്മേഷത്തോടെ ഉണർന്നെഴുന്നേൽക്കുന്ന മസിലുകൾ അതേ ഭാരം വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പ്രാപ്തരാകുന്നു.
ക്രമേണ വ്യായാമത്തിനുപയോഗിക്കുന്ന ഭാരം വർധിപ്പിച്ചുകൊണ്ടിരുന്നാൽ മസിലുകളുടെ ശക്തിയും വലിപ്പവും വർധിപ്പിക്കുവാൻ സാധിക്കും.
നല്ല ഡോക്ടറുടേയും വിദഗ്ദ്ധനായ പരിശീലകന്റേയും കീഴിൽ ശാസ്ത്രീയമായ രീതിയിൽ ചെയ്യുന്നതുമൂലം പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവയെ മരുന്നുകളെക്കാൾ ഫലപ്രദമായി വ്യായാമം വഴി നിയന്ത്രക്കാം എന്നു തെളിഞ്ഞിട്ടുണ്ട്.
വെയ്റ്റ് ട്രെയിനിങ് ചെയ്യുമ്പോൾ ഒരു സന്ധിയുടെ എല്ലാ ഭാഗങ്ങൾക്കും ഒരുപോലെ വ്യായാമം ലഭിക്കും. മറ്റെല്ലാ വ്യായാമരീതികളിലും ദിനചര്യകളിലും ഇതു ഭാഗികമായി മാത്രമേ സംഭവിക്കുന്നുള്ളൂ. സന്ധികൾക്കു തേയ്മാനം വരാതെ സൂക്ഷിക്കാൻ അവയുടെ പരിപൂർണമായ പ്രവർത്തനം വളരെ ആവശ്യമാണ്.
English Summary : Health benefits of weight training exercise