ADVERTISEMENT

നമ്മളില്‍ പലരും വ്യായാമം ചെയ്യാനും ഓടാനും ചാടാനും ബാഡ്മിന്റൻ കളിക്കാനുമൊക്കെ പോകുന്നത് രാവിലെ എണീറ്റ് വെറും വയറ്റിലാണ്. ഇതെല്ലാം കഴിഞ്ഞ് തിരികെ വന്ന് കഴിഞ്ഞാണ് പലരും രാവിലെ ചായ പോലും കുടിക്കുക. എന്നാല്‍ ശരീരത്തിന് ഊര്‍ജ്ജം നല്‍കാന്‍ വയറ്റില്‍ ഒന്നും ഇല്ലാത്ത അവസ്ഥയില്‍ വ്യായാമം ചെയ്യുന്നത് നല്ലതാണോ എന്ന സംശയങ്ങള്‍ പലപ്പോഴും ഉയരാറുണ്ട്. ഇതിന്റെ ശരിതെറ്റുകള്‍ വിലയിരുത്തുകയാണ് യുകെയിലെ നോര്‍ത്താംബ്രിയ സര്‍വകലാശാല നടത്തിയ പഠനം. 

വെറും വയറ്റില്‍ വ്യായാമം ചെയ്യാമോ, ഇത്തരത്തില്‍ ചെയ്യുന്നത് പിന്നീട് കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ കാരണമാകുമോ, കഴിച്ചിട്ടും കഴിക്കാതെയും ചെയ്യുന്ന വ്യായാമത്തില്‍ ഏതിലാണ് കൂടുതല്‍ കൊഴുപ്പ് കത്തിതീരുക തുടങ്ങിയ കാര്യങ്ങളാണ് പഠനത്തില്‍ ഗവേഷകര്‍ പരിശോധിച്ചത്. ഇതിനായി 12 പുരുഷന്മാരെ തിരഞ്ഞെടുത്തു. രാവിലെ 10 മണിക്ക് ട്രെഡ്മില്‍ വ്യായാമം ചെയ്യാന്‍ ഇവരോട് ആവശ്യപ്പെട്ടു. ഇവരില്‍ പകുതി പേര്‍ക്ക് വര്‍ക്ക് ഔട്ടിന് മുന്‍പ് പ്രഭാത ഭക്ഷണം നല്‍കിയപ്പോള്‍ ശേഷിക്കുന്ന ആറു പേര്‍ വെറും വയറ്റിലാണ്  വ്യായാമം ചെയ്തത്. 

വ്യായാമത്തിന് ശേഷം എല്ലാവര്‍ക്കും ചോക്ലേറ്റ് മില്‍ക്ക്‌ഷേക്ക് നല്‍കി. ഉച്ചഭക്ഷണത്തിന് പാസ്ത നല്‍കുകയും എല്ലാവരും വയര്‍ നിറഞ്ഞെന്ന് തോന്നും വരെ കഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഉച്ചഭക്ഷണത്തിന്റെ സമയത്ത് അവര്‍ കഴിച്ച ഭക്ഷണത്തിന്റെ ഊര്‍ജ്ജവും കൊഴുപ്പും അളന്നു. രാവിലെ വ്യയാമ സമയത്ത് കത്തിച്ചു കളഞ്ഞ ഊര്‍ജ്ജത്തിന്റെയും കൊഴുപ്പിന്റെയും തോതും അളന്നു. 

എല്ലാവരിലും വ്യായാമത്തിനുള്ള ഊര്‍ജ്ജം ശരീരം സംഭരിച്ച് വച്ച ഊര്‍ജ്ജത്തില്‍ നിന്നാണ് എടുത്തതെന്ന് പരീക്ഷണത്തില്‍ കണ്ടെത്തി. വ്യായാമത്തിന് തൊട്ട് മുന്‍പ് കഴിച്ച ഭക്ഷണത്തില്‍ നിന്നല്ല വ്യായാമത്തിനുള്ള ഊര്‍ജ്ജം ഭക്ഷണം കഴിച്ച് ആറു പേരിലും എടുക്കപ്പെട്ടത്. വെറും വയറ്റില്‍ വ്യായാമം ചെയ്തവര്‍ ഇതിന് ശേഷം കൂടുതല്‍ കാലറികള്‍ അകത്താക്കുകയോ ഇവര്‍ക്ക് കൂടുതലായി വിശക്കുകയോ ചെയ്യുന്നില്ലെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. അതേ സമയം പ്രഭാതഭക്ഷണം കഴിച്ച് വ്യായാമം ചെയ്തവരേക്കാൾ 20 ശതമാനം കൂടുതല്‍ കൊഴുപ്പ് കത്തിച്ചു കളഞ്ഞത് വെറും വയറ്റില്‍ വ്യായാമം ചെയ്തവരാണ്. അതായത് കൊഴുപ്പ് കുറയ്ക്കലാണ് നിങ്ങളുടെ വ്യായാമത്തിന്റെ ലക്ഷ്യമെങ്കില്‍ അത് വെറും വയറ്റില്‍ ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. 

ശരീരം രാത്രിയില്‍ നീണ്ട ഉപവാസം കഴിഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ പേശികള്‍ക്കും തലച്ചോറിനും ആവശ്യത്തിന് ഗ്ലൂക്കോസ് നല്‍കാന്‍ ശരീരം ശ്രദ്ധിക്കും. ശരീരത്തിലെ ശേഖരിച്ച് വച്ച പഞ്ചസാര എല്ലാം ഈ വിധം തീര്‍ന്ന് കഴിഞ്ഞാല്‍ പിന്നെ വ്യായാമം ചെയ്യാനുള്ള ഊര്‍ജ്ജത്തിനായി ശരീരം ശേഖരിച്ച് വച്ച കൊഴുപ്പിനെ ആശ്രയിക്കും. ഈ കൊഴുപ്പിനെ പഞ്ചസാരയായി ശരീരം മാറ്റും. ശരീരം പഞ്ചസാരയില്ലാത്ത അവസ്ഥയില്‍ ഇരിക്കുമ്പോള്‍ ചെയ്യുന്ന വ്യായാമം അതിവേഗം കൊഴുപ്പിനെ അലിയിച്ചു കളയാന്‍ സഹായിക്കും. 

എന്നാല്‍ വെറും വയറ്റില്‍ വ്യായാമം ചെയ്യുന്നതിന് ചില പ്രതികൂല വശങ്ങളും ഉണ്ട്. രക്തത്തിലെ പഞ്ചസാര താഴ്ന്നിരിക്കുന്നതിനാല്‍ വല്ലാതെ ക്ഷീണം തോന്നാന്‍ സാധ്യതയുണ്ട്. ഇത് തീവ്രമായി വര്‍ക്ക്ഔട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയാകും. വ്യായാമത്തിന് മുന്‍പ് എന്തെങ്കിലും കഴിക്കുന്നത് തീവ്രമായി വര്‍ക്ക്ഔട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കും. 55 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാരും രാവിലെ വ്യായാമത്തിന് മുന്‍പ് എന്തെങ്കിലും കഴിക്കേണ്ടത് അത്യാവശ്യമാണ്. വ്യായാമത്തിന് മുന്‍പ് ക്ഷീണം വരാതിരിക്കാന്‍ കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു പകുതി പഴം ഒരു സ്പൂണ്‍ വെണ്ണ ചേര്‍ത്തോ അല്ലെങ്കില്‍ പുഴുങ്ങിയ കോഴിമുട്ടയോ കഴിക്കാം. വ്യായാമത്തിന് ശേഷം വെള്ളം കുടിക്കാം. എന്നാല്‍ ഇതിന് ശേഷം ഒന്നു മുതല്‍ ഒന്നര മണിക്കൂര്‍ കഴിഞ്ഞേ ആഹാരം കഴിക്കാവുള്ളൂ. 

English Summary : Working Out On Empty Stomach For Weight Loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com