15 ദിവസം കൊണ്ട് കുറഞ്ഞത് 5 കിലോ; ഡയറ്റും വർക്ഔട്ടും പങ്കുവച്ച് ഡിംപിൾ റോസ്
Mail This Article
ഡിംപിൾ റോസ് എന്നു കേൾക്കുമ്പോൾതന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് ഒരു ഗുണ്ടുമണി രൂപമാണ്. ഇത് ഡിംപിളും ശരിവയ്ക്കുന്നു. പലപ്പോഴും ഡയറ്റെടുത്ത് ശരീരഭാരം ഒന്നു കുറച്ച് മെലിയണമെന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കിലും അത് നടന്നിട്ടില്ല. എന്നാൽ
പ്രസവശേഷം ഇതു വിജയിച്ചെന്നു പറയുന്നു ഡിംപിൾ റോസ്. എടുത്ത ഡയറ്റും ചെയ്ത വർക്ഔട്ടുമെല്ലാം ഫലം കണ്ടതിനെത്തുടർന്ന് മറ്റുള്ളർക്കായി ഡിംപിൾതന്നെ വെയ്റ്റ് ലോസ് വിശേഷങ്ങൾ യുട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയായിരുന്നു.
‘പ്രസവത്തിനു മുമ്പുവരെയും എന്റെ ഡയറ്റീഷൻ താൻതന്നെയായിരുന്നുവെന്ന് ഡിംപിൾ പറയുന്നു. എന്നാൽ ഇപ്പോൾ ഒരു ഓൺലൈൻ പ്രോഗ്രാമിൽ ചേർന്നു ഫിറ്റ്നസ് ലോകത്തേക്കു കാൽവച്ചിരിക്കുകയാണ് ഡിംപിൾ. പ്രസവത്തോടനുബന്ധിച്ച് കുറച്ചധികം മരുന്നുകൾ എടുത്തിരുന്നു. മുലയൂട്ടുന്ന സമയത്ത് ഒരു ഡയറ്റ് എടുക്കുന്നത് ശരിയായ കാര്യമല്ല. എന്നാൽ നമ്മുടെ ബ്രെസ്റ്റ് ഫീഡിങ്ങിനെ ബാധിക്കാത്ത രീതിയിലുള്ള വർക്ക് ഔട്ട് ആയാൽ കുഴപ്പമില്ല. അതുകൊണ്ട് രണ്ടും ഒരുപോലെ കൊണ്ടു പോകാൻ സാധിക്കും.
ഈ പ്രോഗ്രാമിൽ ജോയിൻ ചെയ്യുന്നതിന് മുൻപ് നമ്മുടെ ഹിസ്റ്ററി എടുക്കും. അതായത് നമ്മൾ എങ്ങനെയുള്ള ഭക്ഷണം കഴിക്കുന്ന ആളായിരുന്നു എങ്ങനെ ആയിരുന്നു നമ്മുടെ ലൈഫ് സ്റ്റൈൽ എന്നൊക്കെയുള്ള ഒരു അവലോകനം. ശേഷമാണ് നമ്മുടെ ശരീരത്തിന് എന്ത് ഡയറ്റ് ആണ് വേണ്ടത് എന്തു തരം വർക്ക് ഔട്ട് ആണ് വേണ്ടത് എന്നു തീരുമാനിക്കുന്നത്. ശേഷം ഓരോരുത്തർക്കുമുള്ള ഡയറ്റ് പ്ലാനും വർക്ക് ഔട്ട് പ്ലാനും നൽകും. അതാണ് തന്നെ പ്രധാനമായി ആകർഷിച്ചതെന്നു ഡിംപിൾ പറയുന്നു.
ഇപ്പോൾ ഞാൻ 78 കിലോയാണുള്ളത്. എന്റെ ഐെഡിയൽ വെയ്റ്റ് 64 ആണ്. ഗർഭിണി ആയിരുന്ന സമയത്ത് 76 കിലോ ഉണ്ടായിരുന്നു. പ്രസവം കഴിഞ്ഞു് ഇപ്പോൾ 3 മാസം ആയി. നോർമൽ ഡെലിവറി ആയിരുന്നതു കൊണ്ട് വ്യായാമം ചെയ്യുന്നതു കൊണ്ടോ ഡയറ്റ് ചെയ്യുന്നതു കൊണ്ടോ കുഴപ്പമില്ല. മാത്രമല്ല ഹെൽത്തി ഡയറ്റ് ആണ്.
രാവിലെ എണീറ്റു കഴിഞ്ഞാൽ പ്രാതലിനു മുൻപായി, തലേ ദിവസം ഒരു ഗ്ലാസ്സ് ചെറു ചൂടു വെള്ളത്തിൽ ഇട്ടു വച്ച ഒരു പിടി ഉണക്കമുന്തിരി (raisins) കഴിക്കും. ആദ്യം ഉണക്കമുന്തിരി ഇട്ടു വച്ച വെള്ളം കുടിക്കും. അതിനു ശേഷം ഉണക്ക മുന്തിരി കഴിക്കും. ഉണക്ക മുന്തിരി കഴിച്ചതിനു ശേഷം ഏകദേശം രണ്ടു ഗ്ലാസ്സ് ചെറു ചൂടു വെള്ളം കൂടി കുടിക്കും. കിട്ടാവുന്നത്ര പോഷകങ്ങൾ നമ്മുടെ ശരീരത്തിൽ കിട്ടാൻ വേണ്ടിയാണ് റെയ്സിൻസ് കഴിക്കുന്നത്.
ചൂടു വെള്ളം കുടിച്ച് പതിനഞ്ചു മിനിറ്റിനു ശേഷം ഒരു റോബസ്റ്റ പഴം കഴിക്കും. 15 മിനിറ്റ് കഴിയുമ്പോൾ ഒരു മണിക്കൂർ വർക്ക്ഔട്ട്. ഡെലിവറി കഴിഞ്ഞ സമയമായതിനാൽ അനുയോജ്യമായ വർക്ക് ഔട്ട് വിഡിയോ നോക്കിയാണ് ചെയ്യുന്നത്. വർക്ക്ഔട്ടിനു ശേഷം ബ്രേക്ക് ഫാസ്റ്റ് കഴിക്കും. രണ്ടു ഗോതമ്പ് ദോശയും പയറും ഒക്കെയാണ് പ്രാതൽ. എന്ത് കഴിക്കുന്നുവോ കഴിക്കുന്നതിനു മുൻപായി അതിന്റെ ഫോട്ടോ എടുത്ത് നമ്മളെ മോണിറ്റർ ചെയ്യുന്ന ഡയറ്റീഷന് അയച്ചു കൊടുക്കും. ഫുഡിൽ എന്തെങ്കിലും ചേർക്കണോ അതോ ഒഴിവാക്കണോ എത്ര അളവ് കഴിക്കണം എന്നൊക്കെ അവർ പറഞ്ഞു തരും.
പതിനൊന്ന് മണി ആകുമ്പോൾ ബ്രഞ്ച് കഴിക്കും. ഒരു ഓറഞ്ച് ആണ് ഞാൻ കഴിക്കുന്നത്. ഉച്ചഭക്ഷണത്തിനു മുൻപായി എന്തെങ്കിലും കഴിച്ചില്ലെങ്കിൽ അപ്പോഴേക്കും നമുക്ക് വല്ലാതെ വിശക്കും. അപ്പോൾ ഓട്ടോമാറ്റിക്കലി നമ്മുടെ അളവൊക്കെ ഒന്ന് കൂട്ടും ചീറ്റ് ചെയ്യാൻ തുടങ്ങും ആ വിശപ്പിനെ ഒന്ന് ശമിപ്പിക്കാൻ വേണ്ടിയാണ് ഇടയിൽ എന്തെങ്കിലും കഴിക്കുന്നത്. ഏതെങ്കിലും ഫ്രൂട്ട്സോ അല്ലെങ്കിൽ ഉപ്പിട്ട നാരങ്ങാ വെള്ളമോ മോരും വെള്ളമോ എന്തെങ്കിലും കുടിക്കാം.
ലഞ്ചിന് രണ്ടു ചപ്പാത്തിയോ ഗോതമ്പ് ദോശയോ കഴിക്കാം. കൂടെ ഫിഷ് / ചിക്കൻ കറിയായി കഴിക്കാം. ചിക്കൻ 3 കഷണം. ഇതിന്റെ കൂടെ സാലഡ് നിർബന്ധമായും കഴിക്കണം. വെജിറ്റേറിയൻ ആണെങ്കിൽ എഗ്ഗ് വൈറ്റ് കഴിക്കാം. പയറാണ് കഴിക്കുന്നതെങ്കിൽ ഏതെങ്കിലും ഒരു നേരം എഗ്ഗ് വൈറ്റ് കഴിക്കാം. ഗോതമ്പ് തിരഞ്ഞെടുക്കാൻ കാരണം അത് പെട്ടെന്ന് ദഹിക്കില്ല എന്നതു കൊണ്ടാണ്. ദഹനം പതുക്കെ ആയാൽ നമുക്ക് പതിയെ വിശപ്പ് ഉണ്ടാകൂ. ചോറു കഴിച്ചാൽ അത് പെട്ടെന്ന് ദഹിച്ച് നാലുമണി ആകുമ്പോൾ വിശക്കാൻ തുടങ്ങും. അപ്പോൾ നമ്മൾ എന്തെങ്കിലും സ്‌നാക്‌സ് കഴിക്കും. അത് അധിക കാലറി ആയി നമ്മുടെ ശരീരത്തു കയറും.
നാലു മണിക്ക് ഡയറ്റ് പ്രകാരം ഏതെങ്കിലും ഒരു ഫ്രൂട്ട് കഴിക്കാം (ആപ്പിൾ /ഓറഞ്ച്) അല്ലെങ്കിൽ ഒരു പിടി നട്സ് കഴിക്കാം. 4.30 ആകുമ്പോൾ നടക്കാൻ പോകും. 3000/ 4000 steps /day നടക്കണം.
രാത്രി ഏഴര ആകുമ്പോൾ അത്താഴം കഴിക്കും. എട്ടു മണിക്ക് മുൻപായി ഡിന്നർ കഴിക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്. വളരെ ഈസി ആയിട്ട് ദഹിക്കുന്ന അരി ആഹാരം കഴിക്കാനാണ് ഡയറ്റിൽ പറഞ്ഞിട്ടുള്ളത്. കഞ്ഞിയോ ഓട്സോ അല്ലെങ്കിൽ ദോശയോ കഴിക്കാം. കിടക്കുന്നതിനു മൂന്ന് മണിക്കൂർ മുൻപെങ്കിലും ഡിന്നർ കഴിക്കണം. കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണം ദഹിച്ചില്ലെങ്കിൽ അതെല്ലാം കാലറി ആയി അടിയും. കിടക്കുന്നതിന് ഒരു മണിക്കൂർ മുൻപ് പാലിൽ ഒരു നുള്ള് മഞ്ഞൾപൊടി ഒരു നുള്ള് ചുക്ക് പൊടി ഒരു നുള്ള് കാഷ്യു പൗഡർ ഇട്ട് കുടിക്കണം. അതിനു ശേഷം നന്നായി ഉറങ്ങണം. ഫിറ്റ്നസ്സിൽ ഏറ്റവും പ്രധാനമായിട്ട് പറയുന്ന ഒരു കാര്യമാണ് ഉറക്കം. 7/ 8 മണിക്കൂറെങ്കിലും നന്നായിട്ട് കിടന്ന് ഉറങ്ങണം.
ഇങ്ങനെ 7 ദിവസം കൃത്യമായി നോക്കിയതിനു ശേഷം വെയ്റ്റ് നോക്കണം എന്നായിരുന്നു പറഞ്ഞിരുന്നത്. 78 കിലോ ഉണ്ടായിരുന്ന എന്റെ വെയ്റ്റ് രണ്ട് കിലോ കുറഞ്ഞു 76 കിലോയിൽ എത്തി. അതായത് 7 ദിവസം കൊണ്ട് 2 കിലോ വെയ്റ്റ് കുറഞ്ഞു.
15 ദിവസം കൃത്യമായി ഡയറ്റ് നോക്കിയപ്പോൾ വെയ്റ്റ് 5 കിലോ കുറഞ്ഞ് 73 കിലോ ആയെന്നും ഡിംപിൾ പറയുന്നു.
English Summary : Weight loss tips of Dimple Rose