ഹോട്ട് മിലിന്ദിന്‍റെ ഫിറ്റ് അമ്മ: 81ലും കയ്യടി നേടി ഉഷ സോമന്‍റെ വര്‍ക്ക് ഔട്ട് വിഡിയോ
Mail This Article
ഈ പ്രായത്തിലും എന്നാ ഒരിതാ എന്ന സിനിമ ഡയലോഗ് അക്ഷരാര്‍ഥത്തില്‍ തോന്നിപ്പിക്കുന്ന ഒരു നടനുണ്ട് ഇന്ത്യയില്‍. ഫിറ്റ്നസ് എന്ന വാക്കിന്‍റെ പര്യായമായി മാറിയ മിലിന്ദ് സോമന്‍. 50കളുടെ പാതിയിലെത്തിയിട്ടും ഇത്രയും സെക്സ് അപ്പീലുള്ള ഫിറ്റായ ഒരു നടനെ വേറെ കാണാനാകുമോ എന്ന് സംശയമാണ്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും ലക്ഷക്കണക്കിന് ആരാധികമാരെ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്ന ബോളിവുഡിന്‍റെ ഈ ഹോട്ട് നടൻ ഫിറ്റ്നസിന്റെയും ജീവിത ശൈലിയുടെയും കാര്യത്തിൽ ഏവർക്കും മാതൃകയാണ്.
ഫിറ്റിന്സിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്ന നിരവധി പരിപാടികളുടെ ശബ്ദവും മുഖവും കൂടിയാണ് മിലിന്ദ്. ഫിറ്റ്നസിനെ പറ്റിയുള്ള താരത്തിന്‍റെ വിഡിയോകളും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ കവരാറുണ്ട്. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുന്‍പ് നടന്‍ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ഫിറ്റ്നസ് വിഡിയോയില്‍ മിലിന്ദിനെക്കാള്‍ ശ്രദ്ധ കവര്‍ന്നത് മറ്റൊരാളാണ്. 81-ാം വയസ്സിലും പതിവായി വര്‍ക്ക് ഔട്ട് ചെയ്യുന്ന മിലിന്ദിന്‍റെ അമ്മ ഉഷ സോമനായിരുന്നു ഈ വിഡിയോയിലെ താരം. ഫിറ്റ്നസിന് പ്രായഭേദങ്ങളില്ലെന്നും ഏതു പ്രായത്തിലുള്ളവര്‍ക്കും വ്യായാമത്തിലൂടെ ശരീരം ഫിറ്റായി സൂക്ഷിക്കാനാകുമെന്നും തെളിയിക്കുകയായിരുന്നു വിഡിയോയിലൂടെ അമ്മയും മകനും.
അമ്മയോടൊപ്പം ഒരുമിച്ച് 10 സ്ക്വാട്ടുകള്‍ പൂര്‍ത്തിയാക്കുന്ന മിലിന്ദ് ആരാധകരോട് ഇത്തരത്തില്‍ മാതാപിതാക്കള്‍ക്കൊപ്പമുള്ള ഫിറ്റ്നസ് വിഡിയോകള്‍ പങ്കുവയ്ക്കാനും ആഹ്വാനം ചെയ്യുന്നു. ഇതാദ്യമായല്ല ഉഷ സോമന്‍റെ ഫിറ്റ്നസ് വിഡിയോകള്‍ ഇന്‍റര്‍നെറ്റില്‍ തരംഗമാകുന്നത്. പുഷ് അപ്പുകളും റോപ്പ് ജംപിങ്ങും ഒക്കെ ചെയ്യുന്ന ഉഷയുടെ വിഡിയോകള്‍ മിലിന്ദ് മുന്‍പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. 52 കിലോമീറ്റര്‍ നീളുന്ന ഉത്തരാഖണ്ഡിലെ സാന്‍ഡക്ഫു ട്രെക്കിങ് പൂര്‍ത്തിയാക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വനിത എന്ന നിലയിലും ഉഷ സോമന്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. അത്യന്തം പ്രചോദനപരമെന്നാണ് സമൂഹ മാധ്യമങ്ങളിലുള്ളവര്‍ വിഡിയോയെ വിശേഷിപ്പിച്ചത്.
English Summary : Milind Soman Working Out With His Mom.