ADVERTISEMENT

96 കിലോയിലെത്തിയ ശരീരഭാരത്തെ കൗതുകം കൊണ്ട് സെഞ്ച്വറി അടിപ്പിക്കാൻ നോക്കിയതാണ് കോട്ടയം സ്വദേശിയും കുവൈത്തിൽ ഉദ്യോഗസ്ഥനുമായ ദീപു തോമസ്. പക്ഷേ നൂറിലെത്തിക്കഴിഞ്ഞ് അതുപിന്നെ താഴേക്കു വന്നതേയില്ല.  ഭാരസൂചിക 125 ൽ തട്ടി നിന്നു. അപ്പോഴുണ്ടായ ചില ആരോഗ്യപ്രശ്നങ്ങൾ ദീപുവിന്റെ ആ കൗതുകത്തെ തോൽപിക്കാൻ ശക്തിയുള്ളതായിരുന്നു. ഇനി ആലോചിച്ചിട്ടു കാര്യമില്ല, എന്റെ ആഗ്രഹങ്ങൾ സഫലമാക്കണം, അതിന് ഈ തടി ഒരു തടസ്സമാകരുതെന്ന ചിന്ത ദീപുവിനെ എത്തിച്ചത് 33 കിലോ കുറയ്ക്കുക എന്ന ഉദ്യമത്തിലായിരുന്നു. അതിനു പിന്നിലുള്ള രസകരമായ ചില അനുഭവങ്ങളും തോൽക്കാത്ത മനസ്സും ഇതൊക്കെ കണ്ട് ഭാരം കുറച്ച ഒരു ഭാര്യയും... ദീപു ആ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

125 കിലോയിൽ നോട്ട് ഔട്ട്

ഞാൻ നല്ലൊരു ഭക്ഷണപ്രേമിയാണ്. കുടുംബവും അങ്ങനെ തന്നെ. നല്ല ഫുഡ് എവിടെ കിട്ടിയാലും കഴിക്കാൻ മടിയില്ല. വിവാഹസമയത്ത് 75 കിലോ ഭാരമേ ഉണ്ടായിരുന്നുള്ളൂ. ഉയരം 183 സെ.മീ ആണ്. അപ്പോൾ എനിക്ക് 83 കിലോ വെയ്റ്റേ പാടുള്ളൂ. കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഭാരം 96 കിലോ ആയി. അപ്പോൾ എനിക്ക് ഒരു കുസൃതി തോന്നി. ഒരു നാലു കിലോ കൂടി ഉണ്ടെങ്കിൽ 100 കിലോ ആകുമല്ലോ. അതിൽ എത്തിച്ചിട്ട് കുറയ്ക്കാം എന്നു കരുതി ഞാൻ ഭക്ഷണം കൂടുതൽ കഴിക്കാൻ തുടങ്ങി. പെട്ടെന്നുതന്നെ 100 കിലോ ആയി. പക്ഷേ പിന്നീടെനിക്ക് 100 ൽ നിന്ന് താഴേക്ക് പോകാൻ സാധിച്ചില്ല. അതങ്ങനെ കൂടിക്കൂടി 112 കിലോ വരെയെത്തി. 2011 ൽ ഞാൻ കുവൈത്തില്‍ വരുന്ന സമയത്ത് 112 കിലോ വെയ്റ്റ് ഉണ്ടായിരുന്നു. വർഷങ്ങളായുള്ള എന്റെ ഓവർ വെയ്റ്റ് ആണിത്. അല്ലാതെ പെട്ടെന്നു കൂടിയ വെയ്റ്റല്ല. ഇടയ്ക്ക് എത്ര ചെറിയ ഡയറ്റുകൾ എടുത്താലും ഭാരം കൂടുന്നതല്ലാതെ കുറയുന്നില്ല. പതിയെ വെയ്റ്റ് കൂടി 117 കിലോയിൽ എത്തി. ഇടയ്ക്ക് ഒരു മാസം കഠിനമായ ഡയറ്റിലൂടെ 10 കിലോ കുറയ്ക്കാനായി. പക്ഷേ ആ ‍ഡയറ്റ് തുടരാൻ സാധിച്ചില്ല. വീണ്ടും 125 കിലോ ആയി. 

കുവൈത്തിൽ ഫ്ലാറ്റിൽ ഞാനും ഭാര്യയും മാത്രമായതിനാൽ അടുക്കളയിലും ഞങ്ങള്‍ രണ്ടു പേരും മാറി മാറി കയറും. അങ്ങനെ നല്ലൊരു കുക്കായി. യൂട്യൂബിലും മാഗസിനിലും വരുന്ന പാചകങ്ങളെല്ലാം പരീക്ഷിക്കുകയും ആവശ്യത്തിൽ കൂടുതൽ ഫുഡ് കഴിക്കുകയും ചെയ്തിരുന്നു. പാർട്ടികളില്‍ പോകും, ഫുഡ് കഴിക്കും. വേറെ എന്റർടെയ്ൻമെന്റ്സ് ഒന്നും ഇവിടില്ല. അതും വെയ്റ്റ് കൂടാനുള്ള ഒരു കാരണമായി. ആഴ്ചയിലൊരിക്കൽ പുറത്തുനിന്നുള്ള ആഹാരവും. കോവിഡ് വന്നപ്പോൾ രണ്ടാഴ്ച ജോലിക്ക് പോകാതെ വീട്ടിൽത്തന്നെ ഇരിക്കേണ്ടി വന്നു. ആ ആഴ്ച ആഹാരവും സ്നാക്ക്സും ഇടവേളകളില്ലാതെ കഴിച്ചു കൊണ്ടിരുന്നു.  

എന്നാലും എന്റെ കാലേ...

deepu-thomas02

2020 ഒാഗസ്റ്റിലാണ് അതു സംഭവിച്ചത്, എന്റെ കാലൊന്ന് ഉളുക്കി. വളരെ നിസ്സാരമായി തീരേണ്ട ഒരു കാര്യം, എന്റെ ശരീരം ചതിച്ചതുകൊണ്ട് ഗുരുതരമായി. കാലിന്റെ കണ്ണ ഭാഗം നീരു വച്ചു. എക്സ്റേ എടുത്തപ്പോൾ ലിഗമെന്റ് ഫ്രാക്ചർ. അങ്ങനെ ഒരു മാസത്തോളം മുട്ടിനു താഴേക്ക് പ്ലാസ്റ്റർ ഇട്ട് ബെഡ് റെസ്റ്റ് ആയി.  ദൈനംദിന കാര്യങ്ങളിൽ പോലും ആരെയെങ്കിലും ആശ്രയിക്കേണ്ട അവസ്ഥ. ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ പറ്റാതെ വന്നു. ആ ബുദ്ധിമുട്ട് മനസ്സിലാക്കിയതിനു ശേഷമാണ് ഭാരം കുറയ്ക്കണമെന്ന ചിന്ത ഉണ്ടായത്. അങ്ങനെ വെയ്റ്റ് കുറയ്ക്കാനുള്ള മാർഗങ്ങൾ സോഷ്യൽ മീഡിയയിലൂടെയും പരസ്യങ്ങൾ വഴിയും അന്വേഷിച്ചു കൊണ്ടിരുന്നു. മൂന്നു മാസം മഴുവൻ സെർച്ചിങ് ആയിരുന്നെന്നു പറയാം. ഈ സമയത്ത് ശരീരഭാരം 123 കിലോ ആയിരുന്നു.

ഒടുവിൽ ഫലം കണ്ടു

രാവും പകലുമില്ലാതെയുള്ള സെർച്ചിങ്ങിന് ഒടുവിൽ ഫലം കിട്ടി. ഒരു വെയ്റ്റ്‌ലോസ് ഒരു ഗ്രൂപ്പിന്റെ പരസ്യം കണ്ട് അവരെ കോൺടാക്ട് ചെയ്തു. അതിലുള്ള ഒരു ട്രെയിനറുമായി സംസാരിക്കാനുള്ള അവസരം കിട്ടി അവരുടെ പല സെഷൻസും ഞാൻ കണ്ടു. ശരീരത്തെ കുറിച്ചും ആരോഗ്യത്തെക്കുറിച്ചുമൊക്കെ എന്തുമാത്രം തെറ്റിദ്ധാരണകളാണ് പുലർത്തിയിരുന്നതെന്ന് എനിക്ക് അപ്പോഴാണ് മനസ്സിലായത്. എന്റെ അറിവില്ലായ്മ കൊണ്ടാണ് ഇത്രയും ഭാരം കൂടിയതെന്ന സത്യവും ഞാൻ തിരിച്ചറിഞ്ഞു. തെറ്റായ ജീവിതശൈലിയും ഭക്ഷണ ശീലവുമാണ് വെയ്റ്റ് കൂടാനുള്ള കാരണമെന്ന് മനസ്സിലായതോടെ, ട്രെയിനർ പറഞ്ഞു തന്ന രീതിക്കനുസരിച്ചു ഡയറ്റും വർക്കൗട്ടും ക്രമീകരിച്ചു. ഒരു ദിവസം എങ്ങനെ ഫുഡ് കഴിക്കണം, എത്ര അളവ് കഴിക്കണം, എന്തൊക്കെ ഫുഡിൽ അടങ്ങിയിരിക്കണം എന്നും പ്രോട്ടീൻ, ഫൈബർ, കാലറി മാനേജ്മെന്റ്  തുടങ്ങിയവയെല്ലാം വിശദമായി പറഞ്ഞു തരികയും ചെയ്തു. ഇതനുസരിച്ച് ഭക്ഷണ രീതികൾ മാറ്റി. വർക്കൗട്ടിന്റെ ഭാഗമായി രാവിലെ എക്സർസൈസ് സെഷനുകൾ ഉണ്ടായിരുന്നു. അത് ദിവസവും അറ്റൻഡ് ചെയ്തു.

പരീക്ഷണം വിജയിച്ചപ്പോൾ

deepu-thomas04

ഒരു പരീക്ഷണം എന്ന നിലയ്ക്കാണ് ഞാൻ ഇതിലേക്ക് വന്നത്. പക്ഷേ ആദ്യത്തെ ഒരാഴ്ച കൊണ്ടുതന്നെ ഇത് വളരെയധികം ഹെൽപ് ഫുൾ ആണെന്നും ഈസി ആയി ചെയ്യാൻ പറ്റുന്നതാണെന്നും മനസ്സിലായി. ആ ഒരാഴ്ച കൊണ്ടു രണ്ടു കിലോ കുറഞ്ഞിരുന്നു. ഇതിനു മുൻപേ പല ഡയറ്റുകളും പരീക്ഷിച്ചിട്ടുണ്ടെങ്കിലും അതിൽ നിന്നൊന്നും നല്ല റിസൽട്ട് കിട്ടിയിരുന്നില്ല. ഒരാഴ്ച കൊണ്ടുതന്നെ രണ്ടു കിലോ കുറഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി. അങ്ങനെ കുറച്ചു കൂടി കൃത്യമായി ഡയറ്റ് ഫോളോ ചെയ്തപ്പോൾ ആദ്യ 15 ദിവസം കൊണ്ട് 10 കിലോ കുറയ്ക്കാൻ സാധിച്ചു. ഏഴു മാസത്തോളം സമയമെടുത്ത് 33 കിലോ വെയ്റ്റു കുറച്ച് ഇപ്പോൾ 90 കിലോയിൽ എത്തി. വെയ്റ്റ് കുറഞ്ഞപ്പോൾ ആദ്യം തോന്നിയത് സന്തോഷമാണ്. രണ്ടാമതായി, ബോഡി ഫ്രീയായി തോന്നി. പിന്നെ കൂടുതല്‍ എനർജറ്റിക് ആയി തോന്നി. മുൻപൊക്കെ ജോലി കഴിഞ്ഞു വരുമ്പോൾ ഭയങ്കര ക്ഷീണം തോന്നിയിരുന്നു. ക്ഷീണം കാരണം, വീട്ടിൽ വന്ന് മുക്കാൽ മണിക്കൂറോളം വെറുതെയിരുന്നിട്ടാണ് ഡ്രസ് പോലും മാറാൻ പോകുന്നത്. അങ്ങനെയുള്ള ഞാൻ ഒരു ഫുൾ ഡേ എനർജറ്റിക് ആയി. ജോലി എടുക്കുന്നതിൽ ഉത്സാഹം കൂടി. ഞാൻ കുറച്ചു കൂടി ആക്ടീവായി എന്നൊരു ഫീൽ ആദ്യത്തെ ഒരു മാസം കൊണ്ട് എനിക്ക് കിട്ടി. 

ഈ ചെയറിൽ ഇരിക്കല്ലേ, ഒടിഞ്ഞു പോകും

ആദ്യമേതന്നെ തടിയനായതു കൊണ്ടാകാം വലിയ രീതിയിൽ ബോഡി ഷേമിങ് ഉണ്ടായിട്ടില്ല. എന്റെ നേർക്കുനേരേ നിന്ന് ആരും കളിയാക്കിയിട്ടില്ല. പക്ഷേ ഓഫിസിൽ വച്ച് ചെറിയ ഒരനുഭവം ഉണ്ടായി. പുതുതായി ചെയർ വാങ്ങിയപ്പോൾ ഒരു ചെയർ ഞാൻ എടുത്തു. ഉടൻ ഓഫിസിലെ ഡ്രൈവർ പറഞ്ഞു നിങ്ങൾക്കിത് പറ്റില്ല. നിങ്ങളിരുന്നാൽ ഇത് ഒടിഞ്ഞു പോകുമെന്ന്. ആ സമയത്ത് ഞാൻ ഡയറ്റ് സ്റ്റാർട്ട് ചെയ്തിരുന്നു. പുള്ളിയോട് ഞാൻ ഒന്നും പറഞ്ഞില്ല എങ്കിലും മനസ്സിൽ ഞാൻ പറഞ്ഞു, ചേട്ടാ ഞാൻ ഈ ചെയറിൽ തന്നെ ഇരിക്കുന്നത് കാണിച്ചു തരാമെന്ന്. അതൊരു വാശി പോലെ എന്റെയുള്ളിൽ കിടപ്പുണ്ടായിരുന്നു. വെയ്റ്റ് കുറച്ചേ ഞാൻ അടങ്ങൂ എന്നുള്ള തീരുമാനം കഠിനമാക്കാൻ ആ കമന്റ് എന്നെ ഒരു പാട് പ്രചോദിപ്പിച്ചിട്ടുണ്ട്. അതുപോലെ എല്ലാവരെയും പോലെ ഇൻസർട്ട് ചെയ്യണമെന്ന ഒരാഗ്രഹവുമുണ്ടായിരുന്നു. അതും ഇപ്പോൾ നടന്നിരിക്കുന്നു.

ആദ്യം നടന്നത് വയർ

deepu-thomas05

മേക്ക് ഓവർ ആയപ്പോൾ വളരെയധികം സന്തോഷമായി. അമിതവണ്ണവും കുടവയറും കാരണം 4 XL ഷർട്ടുകളാണ് ഉപയോഗിച്ചിരുന്നത്. വയര്‍ കൂടിയപ്പോൾ 5 XL ഷര്‍ട്ട് ഉപയോഗിക്കാൻ തുടങ്ങി. ആ സമയത്ത് കുറച്ചു പേർ കളിയാക്കിയിരുന്നെങ്കിലും ഞാൻ ആ രീതിയിൽ അതിനെ കണ്ടിട്ടില്ല. പക്ഷേ എല്ലാവരും പറയുമായിരുന്നു, ദീപുവിനെ അല്ല അവന്റെ വയറാണ് ആദ്യം വരുന്നത് കണ്ടതെന്ന്. പക്ഷേ ഞാനത് കാര്യമായി എടുത്തിട്ടില്ല. ഈ ഡയറ്റ് തുടങ്ങിയതിനു ശേഷം മൂന്നു മാസം കഴിഞ്ഞപ്പോഴേക്കും എന്നോട് എല്ലാവരും പറയാൻ തുടങ്ങി, ഷർട്ട് മാറ്റണം വല്ലാതെ ലൂസായി തുടങ്ങി, കാണാൻ ഭംഗിയില്ല എന്നൊക്കെ. അങ്ങനെ പുതിയ ഷർട്ട് വാങ്ങിയത് XL ആയിരുന്നു. XL സൈസ് ഷർട്ട് പാകമായി എന്നു കണ്ടപ്പോള്‍ വലിയ സന്തോഷമായി. ആ അനുഭവം വിവരിക്കാൻ പറ്റില്ല.

15 വർഷത്തിലേറെ, 100 കിലോയിലധികം ഭാരവുമായി നടന്ന ഒരാളാണ്. ഈ പ്രോഗ്രാം ചെയ്ത് 99 കിലോ എന്ന സംഖ്യയെ ഞാൻ ടച്ച് ചെയ്തത് ഒരിക്കലും മറക്കാനാകില്ല. 15 വർഷങ്ങൾക്കു ശേഷമാണ് ഞാൻ രണ്ടക്ക സംഖ്യയിലേക്ക് കാലു കുത്തുന്നത്. എന്റെ വെയിങ് മെഷീനിൽ ഞാൻ 99 എന്ന സംഖ്യ ടച്ച് ചെയ്തത് ഫോട്ടോ എടുത്ത് ലാപ്ടോപ്പിൽ സൂക്ഷിച്ചിട്ടുണ്ട്. നാലു മാസം കൊണ്ടാണ് അതിലേക്ക് എത്തിച്ചേർന്നത്. 

അദ്ഭുതപ്പെട്ടവർ അനവധി

പെട്ടെന്ന് ഈ മാറ്റം കണ്ട് പലരും അദ്ഭുതപ്പെട്ട ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കോവിഡ് സമയം ആയതു കൊണ്ട് തമ്മിൽ കാണാതിരുന്ന ഒരുപാട് പേരുണ്ടായിരുന്നു. വെയ്റ്റ് ലോസിന്റെ പ്രോഗ്രാം തുടങ്ങിയ ശേഷം ഞാൻ ഫെയ്സ് ബുക്കിലോ വാട്സാപ്പിലോ ഫോട്ടോസ് പോസ്റ്റ് ചെയ്തിരുന്നില്ല. അമിതവണ്ണമുണ്ടായിരുന്ന എന്നെ പരിചയമുള്ള ഒരുപാട് പേരുണ്ട്. ഞാൻ വെയ്റ്റ് കുറയ്ക്കുന്ന കാര്യം രഹസ്യമാക്കിവച്ചിരിക്കുകയായിരുന്നു. കാരണം എന്റെ മാറ്റം കണ്ടിട്ട് അവർക്കുണ്ടാകുന്ന ആ ഫീൽ അവരുടെ മുഖത്തു നേരിട്ട് കാണണം എന്നുണ്ടായിരുന്നു. ഞാൻ വർക്ക്ചെയ്യുന്ന സ്ഥലത്തും വീട്ടിലുള്ളവർക്കും ആണ് എന്റെ മാറ്റം അറിയാമായിരുന്നത്. പിന്നീട് ഞാൻ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങിയപ്പോൾ ഓരോ കമന്റുകൾ വരാൻ തുടങ്ങി. ജോലി സ്ഥലത്തും പള്ളിയിലും പോകുമ്പോഴാണ് ആളുകളെ കൂടുതൽ കണ്ടിരുന്നത്. ഈ മാറ്റം എങ്ങനെ വന്നു എന്ന് ഒരുപാടു പേര് ചോദിച്ചു. ഞാൻ ചെയ്യുന്ന പ്രോഗ്രാമിനെപ്പറ്റി എല്ലാവരോടും പറഞ്ഞു കൊടുത്തു. ഒരുപാട് പേരെ ഹെൽപ് ചെയ്യാൻ സാധിച്ചു. കുവൈത്തിൽ വന്ന സമയത്ത് 112 കിലോ ആയിരുന്നതിൽ നിന്ന് ഇങ്ങനെ വെയ്റ്റ് കുറഞ്ഞപ്പോൾ ആർക്കും വിശ്വസിക്കുവാൻ സാധിച്ചില്ല. 

യൂറിക് ആസിഡും ഫാറ്റി ലിവറും കൊളസ്ട്രോളും എവിടെപ്പോയി?

വെയ്റ്റ് ഉണ്ടായിരുന്ന സമയത്ത് എനിക്ക് ഉണ്ടായ ആരോഗ്യപ്രശ്നം അമിതവണ്ണവും കുടവയറും ആയിരുന്നു. അതുകൂടാതെ കൊളസ്ട്രോൾ കൂടുതലായിരുന്നു. ഫാറ്റി ലിവർ ഗ്രേഡ് 2 ആയിരുന്നു. യൂറിക് ആസിഡ് ഉണ്ടായിരുന്നു. നടക്കുമ്പോൾ കിതപ്പ് ഉണ്ടായിരുന്നു. ഓടാൻ വയ്യായിരുന്നു. അമിതമായി ക്ഷീണം ഉണ്ടായിരുന്നു. ഒരു ജോലിയും ഒരുപാട് നേരം ചെയ്യാന്‍ പറ്റില്ലായിരുന്നു. കാലിന് വേദന ഉണ്ടായിരുന്നു. മുഖത്തും കഴുത്തിലും കറുത്ത പാടുകൾ ഉണ്ടായിരുന്നു. ഇതൊക്കെയായിരുന്നു എന്നെ അലട്ടിയിരുന്ന പ്രശ്നങ്ങൾ. ഇപ്പോൾ കൊളസ്ട്രോളും യൂറിക് ആസിഡും നോർമൽ ആയി മാറി. ഫാറ്റി ലിവർ മാറി. നടക്കുമ്പോൾ ഉണ്ടാകുന്ന കിതപ്പും ക്ഷീണവും ഒക്കെ നിശ്ശേഷം മാറി. മുഖത്തുണ്ടായിരുന്ന കറുത്ത പാടുകൾ 90 % മാറി. ഇപ്പോഴും ഡയറ്റും വർക്കൗട്ടും തുടർന്നു കൊണ്ടിരിക്കുന്നു. 

കുടുംബം ഇല്ലാതെന്ത് ആഘോഷം?

deepu-thomas03

ഫാമിലിയുടെ സപ്പോർട്ട് പറയാതിരിക്കാൻ പറ്റില്ല. വൈഫും കുട്ടികളും ഫുൾ സപ്പോർട്ടായിരുന്നു. ഇത്രയും വണ്ണം ഉള്ളതുകൊണ്ട് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന് കുട്ടികൾക്കും വൈഫിനും പേടി ഉണ്ടായിരുന്നു. ഡയറ്റ് തുടങ്ങി ഒരാഴ്ച കൊണ്ട് 2 കിലോ കുറഞ്ഞപ്പോൾ ‍വൈഫിനെക്കൂടി ഇതിലേക്ക് ജോയിൻ ചെയ്യിച്ചു. വൈഫിനും 23 കിലോയോളം അധിക വെയ്റ്റ് ഉണ്ടായിരുന്നു. കാൽമുട്ടിന് നല്ല വേദനയും ഉണ്ടായിരുന്നു. വൈഫിനെ ഇതിലേക്ക് കൊണ്ടു വരാൻ ദൈവം തോന്നിച്ചതു പോലെയാണ്. മുട്ടിനു വേദന നിശ്ശേഷം മാറി. 7 മാസത്തിനുള്ളിൽ 21 കിലോയോളം വെയ്റ്റ് കുറഞ്ഞു. പിന്നെ ഞങ്ങളുടെ കിച്ചൻ ഹെൽത്തി കിച്ചൻ ആയി. ഭക്ഷണത്തിൽ പ്രോട്ടീനും കാലറിയും ഒക്കെ അളവിനനുസരിച്ച് കഴിക്കാനും എന്തു കഴിക്കണം, എന്ത് കഴിക്കരുത് എന്നുള്ളതും കുഞ്ഞുങ്ങൾക്കും ഉപകാരപ്പെടുന്ന രീതിയിൽ വന്നു. നല്ല റിസൽട്ട് ഫാമിലിയിൽനിന്നു തന്നെ കിട്ടി. ഞങ്ങള്‍ ഇപ്പോഴും ഇതു തുടരുന്നു. കാരണം ഇപ്പോഴും ഞങ്ങളുടെ ഐഡിയൽ വെയ്റ്റിലേക്ക് എത്തിയിട്ടില്ല. ഐഡിയൽ െവയ്റ്റിൽ എത്താതെ ഈ വെയ്റ്റ് ലോസ് പ്രോഗ്രാം നിർത്തിയാൽ വെയ്റ്റ് വീണ്ടും കൂടാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ഐഡിയൽ വെയ്റ്റിൽ എത്തിയിട്ടു മാത്രമേ ഞങ്ങൾ ഇതു നിർത്തൂ എന്ന ദൃഢനിശ്ചയത്തിലാണ്. കൂടാതെ ഇതുമായുള്ള വർക്കൗട്ടുകളാണ് കൂടുതലും ഞാൻ ചെയ്തു കൊണ്ടിരിക്കുന്നത്. എനിക്ക് കുറച്ചു കൂടി ബോഡി ഫിറ്റാക്കണമെന്ന് ആഗ്രഹമുണ്ട്. അതുകൊണ്ടു തന്നെ ജിമ്മിൽ പോകാൻ പ്ലാൻ ചെയ്തിട്ടുണ്ട്. 

താങ്ക്സ് പറയേണ്ട ഒരാൾ ഞങ്ങളുടെ പഴ്സനൽ ട്രെയിനർ തന്നെയാണ്. ഞങ്ങൾക്കു വേണ്ട എല്ലാ സഹായങ്ങളും ചെയ്തു തന്നിട്ടുണ്ട്. അവര്‍ എങ്ങനെ പറഞ്ഞു തന്നോ ആ രീതിയിൽ മാത്രമാണ് ഞങ്ങൾ പ്രോഗ്രാം  ചെയ്തത്. അതുപോലെതന്നെ ഞങ്ങളുടെ മാറ്റം നല്ല  രീതിയില്‍ അനുഭവപ്പെട്ടു കഴിഞ്ഞപ്പോള്‍ ഞങ്ങളോട് സീരിയസായി അതിനെപ്പറ്റി ചോദിക്കുന്ന എല്ലാവരെയും ഞങ്ങള്‍ ഹെൽപ് െചയ്തു. എല്ലാവരും ആരോഗ്യത്തോടെയിരുന്നാൽ മാത്രമേ ജീവിതം മുന്നോട്ട് കൊണ്ടു പോകുവാൻ സാധിക്കൂ എന്നതു കൊണ്ട് ഞങ്ങളെക്കൊണ്ടുള്ള എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കാറുണ്ട്. ഞങ്ങൾ അതൊരു മിഷനായി കണ്ടാണ് എല്ലാം ചെയ്യുന്നത്. ഞങ്ങളുടെ പഴ്സനൽ ട്രെയ്നർക്കും സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി.

English Summary : Bellyfat and weight loss tips of Deepu Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com