ADVERTISEMENT

വ്യത്യസ്തമായ പല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ എന്നും വിസ്മയിപ്പിച്ച നടനാണ് ബോളിവുഡ് താരം അനുപം ഖേര്‍. കഴിഞ്ഞ ദിവസം 67-ാമത് ജന്മദിനം ആഘോഷിച്ച നടന്‍ പക്ഷേ പ്രായമെന്നത് തനിക്ക് വെറുമൊരു സംഖ്യയാണെന്ന് വീണ്ടും തെളിയിക്കുകയാണ്. ജന്മദിനം പ്രമാണിച്ച് ഇന്‍സ്റ്റാഗ്രാമില്‍ അനുപം ഖേര്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ പ്രായത്തെ വെല്ലുന്ന ചെറുപ്പം ഇന്നും തന്‍റെ ശരീരത്തിനുണ്ടെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതായി. ശരീരത്തിലെ പേശികളും ആകാരവടിവും വിളിച്ചോതുന്ന ചിത്രങ്ങള്‍ വഴി ആരാധകര്‍ക്കും ഫിറ്റ്നസ് സംബന്ധമായ പ്രചോദനം നല്‍കുകയാണ് ഖേര്‍. 

 

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശരീരത്തെ രൂപപ്പെടുത്തുന്നതില്‍ താന്‍ കൈവരിച്ച പതിയെയുള്ള പുരോഗതിയുടെ അടയാളങ്ങളാണ് ഈ ചിത്രങ്ങളെന്ന് അനുപം ഖേര്‍ അടിക്കുറിപ്പായി കുറിച്ചു. ഇത് തുടക്കമാണെന്നും ഒരു വര്‍ഷത്തിന് ശേഷം പുതിയ മട്ടില്‍ എല്ലാവര്‍ക്കും മുന്നില്‍ വരാനാകുമെന്നും ഖേര്‍ വിശ്വാസം പ്രകടിപ്പിച്ചു. 

 

" 37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 65കാരന്‍റെ വേഷത്തില്‍ സിനിമയില്‍ അരങ്ങേറിയ ഒരു യുവനടനെ നിങ്ങള്‍ കണ്ടു. കരിയറില്‍ ഉടനീളം ഒരു അഭിനേതാവ് എന്ന നിലയില്‍ ഓരോ അവസരവും ഞാന്‍ പരമാവധി വിനിയോഗിക്കാന്‍ ശ്രമിച്ചു. എന്നാല്‍ എന്‍റെയുള്ളില്‍ ഉണ്ടായിരുന്ന ഒരു സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഞാന്‍ ഒന്നും ചെയ്തിരുന്നില്ല. ഫിറ്റ്നസിനെ ഗൗരവത്തോടെ എടുത്ത് എന്‍റെതന്നെ ഒരു മികച്ച വേര്‍ഷനായി കാണപ്പെടുക എന്നതായിരുന്നു ആ സ്വപ്നം. ഫിറ്റ്നസ് യാത്രയില്‍ നടന്ന് തുടങ്ങിയ ഞാന്‍ മറ്റ് എല്ലാത്തിനെയും പോലെ ഈ യാത്രയെ പറ്റിയും നിങ്ങളോട് പങ്ക് വയ്ക്കാന്‍ ആഗ്രഹിക്കുന്നു. ഫിറ്റ്നസ് യാത്രയിലെ എന്‍റെ നല്ല ദിനങ്ങളും മോശം ദിനങ്ങളും ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കാം. ഒരു വര്‍ഷത്തിന് ശേഷം ഒരു പുതിയ ഞാനായി നിങ്ങള്‍ക്കൊപ്പം ജന്മദിനം ആഘോഷിക്കാമെന്ന് പ്രത്യാശിക്കുന്നു."... ഇങ്ങനെ നീളുന്നു അനുപം ഖേറിന്‍റെ കുറിപ്പ്. 

 

ഫിറ്റായും ഊര്‍ജ്ജസ്വലമായും ഇരിക്കാനുള്ള ദിനചര്യ പിന്തുടരാന്‍ ആരാധകരോടും താരം അഭ്യര്‍ഥിക്കുന്നു. രണ്ട് വര്‍ഷം കൊണ്ട് 16 കിലോയോളം കുറയ്ക്കാന്‍ സാധിച്ചതായി അഭിമുഖങ്ങളിലൊന്നില്‍ അനുപം ഖേര്‍ വെളിപ്പെടുത്തിയിരുന്നു. ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, അനില്‍ കപൂര്‍ എന്നിവരാണ് തന്‍റെ ഫിറ്റ്നസ് പ്രചോദനമെന്നും അനുപം ഖേര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

Content Summary : Anupam Kher Shares Drastic Body Transformation Photo On His 67th Birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com