ഒരു ദിവസം എത്ര നേരം ജിമ്മില്‍ ചെലവഴിക്കും; മാസ് മറുപടിയുമായി മിലിന്ദ് സോമന്‍
Mail This Article
ഇന്ത്യയിലെ ഏറ്റവും സെക്സ് അപ്പീല്‍ ഉള്ള നടന്‍. പ്രായത്തെ വെല്ലുന്ന ഫിറ്റ്നസ്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും ആരാധികമാരുടെ ഹോട്ട് ഫേവറിറ്റ്. അന്‍പതുകളുടെ പാതി പിന്നിട്ട ബോളിവുഡ് നടനും മോഡലുമൊക്കെയായ മിലിന്ദ് സോമന്‍റെ വിശേഷണങ്ങളാണ് ഇവയെല്ലാം. ഇത്രയും ഫിറ്റായ മിലിന്ദ് ഒരു ദിവസം എത്ര നേരം ജിമ്മില്‍ ചെലവഴിക്കുന്നുണ്ടാകും എന്ന് ചിന്തിച്ചെങ്കില്‍ തെറ്റി. ഫിറ്റ്നസിന് ജിമ്മും ഉപകരണങ്ങളും ഒന്നും ആവശ്യമില്ലെന്നും ശരീരവും മനസ്സും ഒരുമിച്ച് ഇതിന് വേണ്ടി പ്രവര്‍ത്തിച്ചാല്‍ മതിയെന്നുമാണ് മിലിന്ദിന്‍റെ ഉപദേശം. ഓട്ടം, നീന്തല്‍, പുഷ് അപ്പ്, സിറ്റ് അപ്പ് പോലുള്ള ശരീരഭാരം ഉപയോഗപ്പെടുത്തിയുള്ള വ്യായാമങ്ങളാണ് നടന്‍ നിര്‍ദ്ദേശിക്കുന്നത്.
എല്ലാ ദിവസവും മുടങ്ങാതെ താന്‍ വ്യായാമം ചെയ്യുമെങ്കിലും പത്തോ പതിനഞ്ചോ മിനിറ്റ് മാത്രമേ ഇതിനായി മാറ്റിവയ്ക്കാറുള്ളൂ എന്ന് എന്‍റര്‍ടൈന്‍മെന്‍റ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ മിലിന്ദ് സോമന്‍ വെളിപ്പെടുത്തുന്നു. ഫിറ്റ്നസ് എന്നത് സിക്സ് പായ്ക്കല്ലെന്നും അദ്ദേഹം ഓര്‍മപ്പെടുത്തുന്നു. മനസ്സില്‍ ഫിറ്റ്നസിനായി ഒരു ലക്ഷ്യം കുറിക്കുകയും മുന്‍ഗണനകള്‍ നിശ്ചയിക്കുകയും ചെയ്താല്‍ മറ്റെല്ലാം ഇതിലേക്ക് നയിക്കുമെന്ന് മിലിന്ദ് പറയുന്നു. ജീവിതത്തില്‍ ഉടനീളം മനസ്സമാധാനമായിരുന്നു താന്‍ മുന്‍ഗണന നല്‍കിയ കാര്യമെന്നും എല്ലാ തീരുമാനങ്ങളും ഈയൊരു ചിന്തയോടെയാണ് സ്വീകരിച്ചതെന്നും മിലിന്ദ് കൂട്ടിച്ചേര്‍ത്തു. മനസ്സമാധാനത്തെ ബാധിക്കുന്ന കാര്യങ്ങളൊന്നും താന്‍ ചെയ്യില്ലെന്നും അദ്ദേഹം പറയുന്നു.
"സാധാരണ ആളുകള്‍ അമിതഭാരം വരുമ്പോഴാണ് വ്യായാമം ചെയ്തു തുടങ്ങുന്നത്. ഞാന്‍ ദിവസവും വര്‍ക്ക്ഔട്ട് ചെയ്യുന്നത് ജീവിതം കഠിനമായതാണെന്ന ബോധ്യമുള്ളതിനാലാണ്. ജീവിതത്തില്‍ എന്താണ് നടക്കാന്‍ പോകുന്നതെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. എന്നാല്‍ നാം മാനസികമായും ശാരീരികമായും വൈകാരികമായും ഫിറ്റാണെങ്കില്‍ എന്തുതന്നെ സംഭവിച്ചാലും നമുക്ക് അതിനെ എളുപ്പത്തില്‍ നേരിടാന്‍ സാധിക്കും. ഓരോ ദിവസവും നാം നമ്മളെതന്നെ വെല്ലുവിളിക്കുമ്പോൾ ശരീരവും മനസ്സും ഈ വെല്ലുവിളി ഏറ്റെടുത്ത് അതിനോട് പൊരുത്തപ്പെടും", മിലിന്ദ് വിശദീകരിക്കുന്നു.
അതികാലത്ത് എഴുന്നേറ്റുള്ള വ്യായാമം ഒന്നും തനിക്ക് പറ്റില്ലെന്നും രാവിലെ 10 മണിക്കാണ് സൈക്കിള്‍ ചവിട്ടാറുള്ളതെന്നും മിലിന്ദ് കൂട്ടിച്ചേര്‍ക്കുന്നു. മാരത്തണ്‍ ഓട്ടങ്ങളിലെ സജീവ സാന്നിധ്യം കൂടിയാണ് മിലിന്ദ്.
Content Summary: Fitness tips of Milind Soman