ADVERTISEMENT

92–ാം വയസ്സിലും മെഡലുകൾ വാരിക്കൂട്ടുകയാണ് തിരുവനന്തപുരം കരമന നീറമൺകര ‘മകയിര’ത്തിൽ കുന്നുങ്ങൽ അശോകൻ. ജീവിതത്തിന്റെ 83 വർഷവും ട്രാക്ക് ആൻഡ് ഫീൽഡിൽ ചെലവഴിച്ച അശോകൻ ഫിറ്റ്നസിന്റെ രഹസ്യം പങ്കുവയ്ക്കുന്നു...

 

‘സ്വപ്നങ്ങൾക്ക് പ്രായമൊരു ഘടകമേയല്ല.  പ്രായം വെറുമൊരു സംഖ്യ മാത്രം. പ്രായത്തെ തോൽപിച്ച് പൊരുതണം. കൃത്യസമയത്തു ഭക്ഷണം കഴിക്കുക, മുടങ്ങാതെ വ്യായാമം ചെയ്യുക, ഓരോ നിമിഷവും ജീവിതം ആസ്വദിക്കുക. ഈ മാർഗങ്ങളിലൂടെ രോഗത്തെ പുറത്തു നിർത്താം, എന്നെന്നും ഫിറ്റ്നസ് കാത്തുസൂക്ഷിക്കാം...’– കുന്നുങ്ങൽ അച്ചുണ്ണി തമ്പാൻ എന്ന കെ.എ.അശോകന്റെ വാക്കുകൾ. 

 

തമിഴ്നാട്ടിലെ കടലൂർ അണ്ണാ സ്റ്റേഡിയത്തിൽ മേയിൽ നടന്ന 41–ാമത് മാസ്റ്റേഴ്സ് അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ഷോട്പുട്, ജാവലിൻത്രോ, ഡിസ്കസ് ത്രോ, ലോങ് ജംപ് എന്നീ ഇനങ്ങളിൽ 4 സ്വർണമെഡലുകൾ വാരിക്കൂട്ടിയാണ് അശോകൻ മിന്നും താരമായത്. 9–ാം വയസ്സു മുതൽ കായികമത്സരങ്ങളിൽ സജീവമായ അശോകന് സ്പോർട്സെന്നു പറഞ്ഞാൽ ത്രില്ലടിക്കും. ഇതുവരെ അശോകൻ വാരിക്കൂട്ടിയ പുരസ്കാരങ്ങൾ ഒട്ടേറെ. കൊച്ചി ചെറായിയിൽ ജനിച്ച അശോകന് പോൾവോൾട്ടിനോടും വോളിബോളിനോടുമായിരുന്നു കൂടുതൽ ഇഷ്ടം.15–ാം വയസ്സിൽ റോയൽ ഇന്ത്യൻ നേവിയുടെ ബോയ് കെഡറ്റായി. 4 വർഷം ഇംഗ്ലണ്ടിലും തുടർന്ന് 15 വർഷം ഇന്ത്യയിലും സേവനം അനുഷ്ഠിച്ചു. ദേശീയ വോളിബോൾ ചാംപ്യൻഷിപ്പിൽ മികവു കാട്ടിയതിനെത്തുടർന്ന് പട്യാലയിലെ നേതാജി സുഭാഷ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ കായിക പരിശീലകനാക്കാനുള്ള പരിശീലനത്തിന് അയച്ചു. നാവികസേനയുടെ വോളിബോൾ പരിശീലകനുമായി. 1965ൽ സേനയിൽ നിന്നു വിരമിച്ച ശേഷം തിരുവനന്തപുരത്ത് അക്കൗണ്ടന്റ് ജനറൽ ഓഫിസിൽ ഓഡിറ്ററായി. വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പാനൽ റഫറിയും 70ൽ കേരളത്തിൽ നടന്ന ഇന്ത്യ ഫ്രാൻസ് വോളിബോൾ മത്സരത്തിൽ രാജ്യാന്തര റഫറിയുമായി. 58–ാം വയസ്സിൽ റഫറിയുടെ കുപ്പായം അഴിച്ചുവച്ചു. 1988ൽ യുഎസിൽ നടന്ന ലോക ചാപ്യൻഷിപ്പിലും ചൈനയിൽ നടന്ന ഏഷ്യൻ മീറ്റിലും ഇന്ത്യൻ ടീം മാനേജരായി. 

 

ദിനചര്യ , ആരോഗ്യം 

 

രാവിലെ 5ന് ഉണരും. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ 6ന് എത്തും. ഒരു മണിക്കൂർ ഗ്രൗണ്ടിൽ പരിശീലനം. മഴയുള്ളപ്പോൾ പരിശീലനം വീട്ടുവളപ്പിലാക്കും. തുടർന്ന് കുളി, പ്രാതൽ, വായന, വിശ്രമം. വൈകിട്ട് അര മണിക്കൂർ നടത്തം. പിന്നെ കൃഷി, വായന, ടിവി കാണൽ. രാത്രി 10 ന് ഉറങ്ങും. ‘‘കൃത്യമായ ദിനചര്യയും വ്യായാമവുമാണ് എന്റെ  ആരോഗ്യരഹസ്യം. ഫിറ്റ്നസാണ് പ്രധാനം. സ്പോർട്സ് എന്റെ ജീവനാണ്. നടക്കാൻ കഴിയുമെങ്കിൽ ഞാൻ ഇനിയും കായികമത്സരത്തിൽ പങ്കെടുത്തിരിക്കും. മികച്ച പരിശീലന സൗകര്യ‍ങ്ങളും മെച്ചപ്പെട്ട വേതനവും ഉറപ്പാക്കിയാൽ കേരളത്തിലെ കായികപ്രതിഭകൾ ഒളിംപിക്സിൽ മിന്നും നേട്ടം കൈവരിക്കും’’–അശോകൻ  പറയുന്നു. ഭാര്യ: കെ.ബി.വിജയലക്ഷ്മി. മക്കൾ: നോവൽ, ബ്രൈറ്റ്, ഷൈൻ. 

 

Content Summary : Manorama Nalla Prayam - Fitness secret of K. A. Ashokan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com