ADVERTISEMENT

ഒന്നും നിശ്ചയിച്ചു തുടങ്ങിയതല്ലെങ്കിലും ‘ഫിറ്റ്നസ്’ നിലനിർത്താൻ അൽപം യോഗ, ചെറിയ വർക്ക് ഔട്ട്, അതിലേറെ നൃത്തം ചെയ്യൽ. ഇത്രയുമായാൽ നടി കൃഷ്ണപ്രഭയുടെ ആരോഗ്യരക്ഷാമാർഗങ്ങളായി. 

പുലർച്ചെ എഴുന്നേറ്റു ചൂടുവെള്ളം മാത്രം കുടിച്ചു പനമ്പിള്ളി നഗറിലെ യോഗാ സെന്ററിലെത്തും. എറണാകുളം ജനറൽ ആശുപത്രിയിലെ യോഗ തെറപ്പിസ്റ്റ് രാജീവ് പി.നായരുടെ കീഴിലാണു യോഗയും വർക്ക് ഔട്ടും. ആറു വർഷത്തോളമായി തുടരുന്ന ശീലം.  കൈകാലുകൾക്കും കഴുത്തിനും ഷോൾഡറിനുമായി ചെയ്യുന്ന ചെറിയ ചില വ്യായാമങ്ങളിലാവും തുടക്കം.  

 

20 വട്ടം ചെയ്യുന്ന സൂര്യനമസ്കാരത്തിലൂടെ ശീർഷാസനം വരെ നീളും യോഗ. യോഗ പതിവാക്കുന്നതു നമ്മുടെ ചർമത്തിൽ പോലും വരുത്തുന്ന അസൂയാവഹമായ മാറ്റം അദ്ഭുതപ്പെടുത്തുമെന്നു കൃഷ്ണപ്രഭ. മുഖത്തിന്റെ തുടിപ്പിനു ശീർഷാസനം സഹായിക്കുന്നുവെന്നാണു സ്വന്തം അനുഭവമെന്നും കൃഷ്ണപ്രഭ പറയുന്നു. 

‘ ‍കുഞ്ഞുന്നാൾ മുതൽ തുടങ്ങിയ നൃത്തപഠനം ഇപ്പോഴും തുടരുകയാണ്. ഗുരു ആർഎൽവി പ്രദീപ് കുമാർ പഠിപ്പിച്ച  വർണങ്ങളിലാണെന്റെ ആരോഗ്യം കടപ്പെട്ടിരിക്കുന്നത്. ജതികളിൽ തുടങ്ങുമ്പോൾ തന്നെ ദേഹമാകെ അതു പ്രതിഫലിച്ചു തുടങ്ങും. വർണങ്ങളിലേക്കു കടക്കുന്നതോടെ ശരീരത്തിന്റെ അളവുകളുറപ്പിക്കും വിധം ആരോഗ്യം ചിട്ടപ്പെടുകയാവും. ഒരു മണിക്കൂറോളം നീളുന്ന യോഗയ്ക്കു ശേഷമുള്ള നൃത്തമാണു ശരീരത്തെ ആരോഗ്യാവസ്ഥയിലേക്കു ട്യൂൺ ചെയ്യുന്നത്. എന്റെ കൈകാലുകൾ ഒഴുക്കോടെ ചലിപ്പിക്കാൻ കഴിയുന്നതു നൃത്തം നൽകുന്ന വ്യായാമത്തിലൂടെയാണ്. നൃത്തം നൽകിയ ആരോഗ്യമാണെന്റേത്. ’ 

ആഹാരച്ചിട്ട

രാത്രി 7നു മുൻപ് ആഹാരം കഴിക്കും. പത്തോടെ കിടക്കും. വൈകിട്ട് അഞ്ചരയാകുമ്പോൾ വലിയ വിശപ്പുവരും. ദോശയും ഇഡ്ഡലിയുമാണു പ്രിയതരം. ഇതിൽ ഏതെങ്കിലും അപ്പോൾ കഴിച്ചാൽ പിന്നെ രാത്രി ആഹാരമില്ല. കിടക്കും മുൻപ് എബിസി ജ്യൂസ് നിർബന്ധമാണ്. ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ ചേർത്തുള്ള ജ്യൂസാണത്. നോൺവെജ് കഴിക്കാറേയില്ല. ചോറ് തീരെയില്ല. ഓട്സ്, സൂചി റവ തുടങ്ങിയവ കൊണ്ടുള്ള ലഘുഭക്ഷണമാണു പതിവ്. വേണ്ടതിലേറെ കഴിക്കാറേയില്ല. പച്ചക്കറിയും പഴങ്ങളുമെല്ലാം ‘കൊറിക്കാൻ’ തയാറാക്കി വയ്ക്കുന്നതോടെ പലതും വാരിവലിച്ചു കഴിക്കുന്ന ശീലം തീരെയില്ല. സിനിമ, സീരിയൽ തിരക്കുകൾക്കിടയിലും ഈ ചിട്ടയിൽ ഒരു വീട്ടുവീഴ്ചയ്ക്കും കൃഷ്ണപ്രഭ തയാറുമല്ല.

Content Summary: Fitness secret of actress Krishna Prabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com