രാത്രി മുഴുവനും ഉറങ്ങാതിരുന്നതിന്റെ ക്ഷീണം മാറ്റണോ? 30 മിനിറ്റുണ്ടെങ്കിൽ വഴിയുണ്ടന്നേ
Mail This Article
രോഗത്തിന്റെ കാഠിന്യം മൂലമുണ്ടാക്കുന്ന മാനസിക പിരിമുറുക്കവും ശാരീരിക അസ്വസ്ഥതകളും ഒരു പരിധിവരെ കുറയ്ക്കുന്നതിനു സഹായിക്കുന്നൊരാസനമാണ് ശവാസനം (Savasanam). അതോടൊപ്പം ശരീരത്തിന്റെയും മനസ്സിന്റെയും പല ബലഹീനതകളും പരിഹരിക്കാൻ സാധിക്കുന്നതാണ്. ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും പ്രവർത്തനം ശാന്തമായും വളരെ ഭംഗിയായും നടക്കുന്നു.
ചെയ്യുന്ന വിധം
ഇരുകാലുകളും ഒരടിയോളം അകത്തിവച്ചു മലർന്നു കിടക്കുക. തുടകൾ തമ്മിൽ ചേരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇനി ഇരുകൈകളും ശരീരത്തിനിരുവശത്തും മലർത്തിയിടുക. ശരീരത്തോടു മുട്ടിയിരിക്കുകയും ചെയ്യരുത്. അതോടൊപ്പം കണ്ണുകൾ രണ്ടും അടച്ചുപിടിക്കുകയും വേണം. ഇനി കാലുകളുടെ തള്ളവിരലുകൾ മുതൽ തലവരെയുള്ള ഭാഗങ്ങൾ മനസ്സിൽ കാണുകയും അതെല്ലാം വിശ്രമിക്കുന്നതായി സങ്കൽപ്പിക്കുകയും ചെയ്യുക.
അതായത് ചെറുകുടൽ, വൻകുടൽ, ആമാശയം, പാൻക്രിയാസ്, കരൾ, ഹൃദയം, ശ്വാസകോശം, തലച്ചോറ് എന്നുവേണ്ട ശരീരത്തിലെ സകല അവയവങ്ങൾക്കും വിശ്രമം കൊടുക്കുക. ഈ അവസ്ഥയിൽ ശരീരത്തിൽ യാതൊരു ചലനങ്ങളും പാടില്ല. ഇനി സാവധാനം ശ്വാസം എടുക്കുകയും വിടുകയും ചെയ്യുക. ആ ശ്വാസം കയറുകയും ഇറങ്ങുകയും ചെയ്യുന്നതിൽ മാത്രം ശ്രദ്ധിച്ചു കിടക്കുക. ഈ അവസ്ഥയിൽ എത്ര സമയം കിടക്കാൻ പറ്റുന്നുവോ അത്രയും സമായം കിടക്കാവുന്നതാണ്. ഇതു കൂടാതെ വേറൊരു തരത്തിലും ശവാസനം ചെയ്യാവുന്നതാണ് ശരീരം മുഴുവനും അയച്ചിട്ട് നൂറുമുതൽ പുറകോട്ട് ഒന്നുവരെ എണ്ണുക ഒന്നാകുമ്പോൾ വീണ്ടും നൂറു മുതൽ പുറകോട്ട് ഒന്നുവരെയണ്ണുക. ഇങ്ങനെ പലതവണ ആവർത്തിക്കുക. ഇതും ശവാസനത്തിന്റെ മറ്റൊരു രീതിയാണ്.
ഗുണങ്ങൾ
മനസ്സിനും ശരീരത്തിനും പരിപൂർണ വിശ്രമം കിട്ടുന്നതിനു വളരെയധികം സഹായിക്കുന്ന ഒന്നാണ് ശവാസനം. ഹദ്രോഗത്തിനും രക്തസമ്മർദത്തിനും വളരെയധികം ഗുണം ചെയ്യുന്നു. വളരെയധികം ഉണർവും ഉന്മേഷവും വീണ്ടുകിട്ടുന്നു. മനസ്സിന്റെ വിഷമതകൾ അടങ്ങി മനസ്സ് ശാന്തമാകുന്നു. എല്ലാ അവയവങ്ങളുടെയും പ്രവർത്തനം വളരെ ശാന്തമായി നടക്കുന്നു. ഒരു രാത്രി മുഴുവനും ഉറങ്ങാതിരുന്നാലും അരമണിക്കൂർ ശരിയായ രീതിയിൽ ശവാസനം ചെയ്താൽ ഉറങ്ങാതിരുന്നതിന്റെ ക്ഷീണം മാറിക്കിട്ടുന്നു. ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നീ മൂന്നവസ്ഥകളാണ് സാധാരണ മനുഷ്യനുള്ളത്. തുരീരം എന്നൊരു അവസ്ഥ യോഗികൾക്കുണ്ട്. അത്രയും കിട്ടിയില്ലെങ്കിലും അതിനോടടുക്കുന്ന ഒരു അവസ്ഥ ശവാസനത്തിലൂടെ നമുക്കു കിട്ടുന്നതാണ്. മനസ്സിന്റെ ഏതു ബലഹീനതകളും ഇതിലൂടെ നമുക്കു മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
മനസ്സിനും ശരീരത്തിനും വിശ്രമം നൽകും ശവാസനം; വിഡിയോ