'യുദ്ധം ചെയ്യാൻ പോവുകയാണോ? എന്തൊരു ശക്തി'; ജ്യോതികയുടെ വ്യായാമം 'വേറെ ലെവൽ' എന്ന് ആരാധകർ
Mail This Article
സന്തോഷത്തോടെയുള്ള നല്ലൊരു ജീവിതത്തിൽ പ്രധാനപ്പെട്ട ഘടകമാണല്ലോ ആരോഗ്യം. അതിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലാത്ത നടിയാണ് ജ്യോതിക. അഭിനയത്തിനും കുടുംബജീവിതത്തിനും മാത്രമല്ല സ്വന്തം ആരോഗ്യം ശ്രദ്ധിക്കുന്നതിലും താരം ഏറെ പ്രാധാന്യം നൽകുന്നുണ്ട്.
കഴിഞ്ഞ ദിവസം ജ്യോതിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വർക്ഔട്ട് വിഡിയോ 7.5 മില്യൻ ആളുകളാണ് കണ്ടത്. ഫിറ്റനസ് എന്നതു കൊണ്ട് ശരീരഭാരം കുറയ്ക്കുക മാത്രമല്ല, നമ്മൾ നേടിയെടുക്കുന്ന ജീവിതം കൂടിയാണ് എന്ന് കുറിച്ചുകൊണ്ടാണ് തന്റെ കഠിനാധ്വാനം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
പുഷ്അപ് മുതൽ ബാറ്റിൽ റോപ് വ്യായാമം വരെ ഉൾപ്പെടുത്തിയാണ് വിഡിയോ. ഇതിനു മുൻപും ജിമ്മിലെ തന്റെ വർക്ഔട്ട് വിഡിയോകൾ ജ്യോതിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. അന്നൊക്കെയും നിറഞ്ഞ കയ്യടികളോടെയാണ് ജനങ്ങൾ സ്വീകരിച്ചത്.
ജ്യോതിക യുദ്ധം ചെയ്യാൻ തയാറെടുക്കുകയാണോ? എന്തൊരു ശക്തി എന്നാണ് ഒരാൾ വിഡിയോയ്ക്കു താഴെ കമന്റ് ചെയ്തത്. ഇത്രയും അധ്വാനിക്കുന്നുണ്ടെങ്കിൽ എന്തോ വലിയ സിനിമ വരാനിരിക്കുന്നു എന്നാണ് അർഥമെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. ഇങ്ങനെയുള്ള വിഡിയോകൾ ഒരുപാട് പ്രോത്സാഹനം തരുന്നുവെന്നും ഇത്രയും ആത്മാർഥത കണ്ട് സന്തോഷം വരുന്നുവെന്നുമെല്ലാം ആളുകള്‍ വിഡിയോയ്ക്കു താഴെ കമന്റ് ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസം തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച 2015ലെ സംസ്ഥാന അവാർഡിൽ 36 വയതിനിലെ എന്ന ചിത്രത്തിലെ അഭിനയത്തിനു ജ്യോതികയ്ക്ക് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചിരുന്നു.