ADVERTISEMENT

ആരോഗ്യപ്രശ്നങ്ങൾ പലത്. വ്യായാമം ചെയ്തേ മതിയാകൂ. പക്ഷേ 12 മണിക്കൂർ നീളുന്ന ജോലി, രണ്ട് ചെറിയ മക്കൾ എന്നീ കാരണങ്ങൾ മതിയായിരുന്നു മീനു എന്ന 33 വയസ്സുകാരിക്ക് വ്യായാമം ചെയ്യാതിരിക്കാൻ. അങ്ങനെയിരിക്കയാണ് എല്ലാവരെയും പോലെ ജനുവരി ഒന്നിന് മീനുവും ഒരു തീരുമാനം എടുത്തത്. എന്നാൽ നമ്മളിൽ പലരെയും പോലെ പാതിവഴിയിൽ തീരുമാനത്തെ കാറ്റിൽ പറത്തിയില്ല. അതിന്റെ ഫലം മീനുവിന്റെ മുഖത്തെ പുഞ്ചിരിയിൽ കാണാം.

ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി മീനു ജോസഫ് 7 വർഷമായി അബുദാബിയിൽ പീഡിയാട്രിക് എമർജൻസി നഴ്സ് ആണ്. വിവാഹവും പ്രസവവുമൊക്കെ കഴിഞ്ഞപ്പോൾ ശരീരം ഒരുപാട് മാറി. മീനുവിന്റെ വാക്കുകളിൽ പറഞ്ഞാൽ മുൻപ് മെലിഞ്ഞിരുന്ന ഞാൻ ബലൂൺ പോലെ വീർത്തു.

രണ്ടു തവണയും എന്റേത് സാധാരണ പ്രസവമായിരുന്നു. പക്ഷേ വയർ ഒട്ടും കുറഞ്ഞില്ല. ആദ്യത്തെ കുഞ്ഞിന് ഒരു വയസ്സു കഴിഞ്ഞപ്പോഴേ ആളുകൾ ആറുമാസം ഗർഭിണിയാണോ എന്നു ചോദിക്കുമായിരുന്നു. എന്റേതായ രീതിയിൽ പല കാര്യങ്ങളും ശ്രമിച്ചിട്ടും വയർ കുറഞ്ഞതേ ഇല്ല. ആയിടെയാണ് ഫെയ്സ്ബുക്കിലൂടെ യോഗയുടെ ഒരു പരസ്യം കണ്ടത്. ഒരു ദിവസത്തിന്റെ പകുതിയും ജോലി ചെയ്യുകയും, അതിനു ശേഷം കുട്ടികളെ നോക്കുകയും ചെയ്യുന്ന എനിക്ക് ഇതൊന്നു പറ്റില്ലെന്ന് തോന്നി. അതോടെ യോഗയെ ഞാൻ മറന്നു. അതിനു ശേഷം ആറ് മാസം കഴിഞ്ഞ് ഒരു രക്തപരിശോധനയ്ക്ക് പോയതാണ് ജീവിതത്തിൽ മാറ്റം വരുത്തണമെന്ന് തോന്നിച്ചത്. ആശുപത്രിയിൽ പോകുന്നത് വരെ എനിക്ക് മസിൽ പെയ്നും കാൽമുട്ട് വേദനയുമൊക്കെയോ ഉണ്ടായിരുന്നുള്ളു. എന്നാൽ പരിശോധന കഴിഞ്ഞപ്പോഴാണ് കൊളസ്ട്രോൾ വളരെ കൂടുതലാണെന്ന് തിരിച്ചറിഞ്ഞത്. HbA1c ബോർഡർ ലൈനായിരുന്നു. 33 വയസ്സിൽ കൊളസ്ട്രോളൊക്കെ വരിക എന്നു പറഞ്ഞാല്‍ അത് അത്ര സുഖമുള്ള പരിപാടി അല്ലല്ലോ. എനിക്കു ഒരുപാട് വിഷമം തോന്നി. ഇത്ര ചെറുപ്പത്തിൽ തന്നെ ഗുളികകളെ ആശ്രയിക്കണ്ട, മൂന്ന് മാസം ഡയറ്റ് ചെയ്ത് കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ ശ്രമിക്കൂ എന്നാണ് ഡോക്ടർ പറഞ്ഞത്. 

meenu-weightloss1

ഇനി പിന്നോട്ടില്ല!
ആഹാരം കുറയ്ക്കുക, നടക്കാൻ പോവുക, ജിമ്മിൽ പോവുക പോലുള്ള പുതിയ ശീലങ്ങൾ സ്വന്തം രീതിയിൽ ആരംഭിച്ചു. ജിമ്മിൽ ഭർത്താവാണ് പരിശീലിപ്പിച്ചിരുന്നത്. പക്ഷേ ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ ജോലിയുടെ കൂടെ ജിമ്മിൽ പോക്ക് കൂടി കൊണ്ടുപോകാൻ കഴിയില്ലെന്ന് തോന്നിയതോടെ  ജിം നിർത്തി. വീണ്ടും പഴയപടിയായി. മൂന്നു മാസം കഴിഞ്ഞ് വീണ്ടും ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോൾ കൊളസ്ട്രോൾ പഴയതിനെക്കാള്‍ കൂടി. അപ്പോഴാണ് മുൻപ് ഫെയ്സ്ബുക്കിൽ കണ്ട യോഗയുടെ പരസ്യം ഓർമ വന്നത്. അങ്ങനെ പുതുവത്സരത്തിന് ഞാൻ യോഗയ്ക്ക് ചേർന്നു. പണ്ടു മുതലേ യോഗയോട് ഇഷ്ടമുണ്ടായിരുന്നെങ്കിലും പരിശീലിക്കാനുള്ള അവസരം കിട്ടിയിരുന്നില്ല. ഓൺലൈൻ ആയി ചെയ്യുമ്പോൾ ശരിയാകുമോ എന്ന് സംശയവുമുണ്ടായിരുന്നു. എന്തൊക്കെയായാലും രണ്ടും കൽപ്പിച്ച് യോഗയ്ക്ക് ചേർന്നു. ആദ്യത്തെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ പിള്ളേര് വഴക്കായി. കുട്ടികൾക്ക് നാലും, രണ്ടര വയസ്സ് മാത്രമേ ഉള്ളു. എന്നാൽ ഇത് നിർത്താം എന്ന് വിചാരിച്ചു. പക്ഷേ ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ എന്ന് മനസ്സ് പറഞ്ഞു. എത്ര പ്രതിസന്ധി വന്നിട്ടും ഇനി പിന്തിരിയില്ല എന്ന മനസ്സായിരുന്നു. കൊളസ്ട്രോൾ കുറയണം എന്നു മാത്രമേ ഞാൻ ചിന്തിച്ചിരുന്നുള്ളു. ആ സമയത്ത് എന്റെ ശരീരഭാരം 70 കിലോ ആയിരുന്നു. യോഗ തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ, എന്ത് ചെയ്തിട്ടും കുറയാതിരുന്ന വെയ്റ്റ് 2 കിലോ കുറഞ്ഞു. പതിയെ ശരീരത്തിന്റെ വണ്ണം കുറഞ്ഞു തുടങ്ങി. 

അത്ഭുതപ്പെടുത്തിയ റിസൾട്ട്
12 മണിക്കൂർ ഷിഫ്റ്റിൽ ജോലി ചെയ്യുന്ന വ്യക്തിയാണ് ഞാൻ. ജോലിക്ക് കയറി രണ്ടു മൂന്നു മണിക്കൂർ കഴിയുമ്പോൾ തന്നെ എനിക്ക് മുട്ടു വേദന തുടങ്ങുമായിരുന്നു. എസിയുടെ തണുപ്പു കൂടിയാകുമ്പോൾ വേദന വല്ലാതെ കൂടും. വേദന വരുമ്പോൾ പെയിൻ കില്ലർ കഴിക്കുമെന്നല്ലാതെ ഒരു ചികിത്സയും െചയ്തിട്ടില്ല. എന്റെ വിചാരം ഞാൻ നഴ്സാണ്, എന്റെ ഡ്യൂട്ടി ഇതാണ്. മുട്ടു വേദനയൊക്കെ വന്നു പോയിരിക്കും അതിനായി ഒരു ട്രീറ്റ്മെന്റ് എടുക്കേണ്ട അവശ്യമില്ല എന്നായിരുന്നു. പലപ്പോഴും രോഗിക്ക് ഐവി ക്യാനുല ഇടാനായി നടുവ് വളച്ചു നിൽക്കേണ്ടി വരും അപ്പോൾ ഭയങ്കര നടുവേദനയും ആയിരിക്കും. ഇങ്ങനെ നിൽക്കുന്നതു കൊണ്ടും വെയ്റ്റുള്ളതു കൊണ്ടാെണന്നൊക്കെ ഡോക്ടർ പറഞ്ഞിരുന്നു.

യോഗ തുടങ്ങിയതോടെ വേദനകളുടെ കാര്യത്തിൽ ഒരു തീരുമാനമായി. ആദ്യത്തെ ഒരു മാസം കൊണ്ട് എന്റെ മുട്ടുവേദന പൂർണമായി മാറി. രണ്ടു മാസം കഴിഞ്ഞ് കൊളസ്ട്രോള്‍ നോക്കിയപ്പോൾ നന്നായി കുറഞ്ഞിട്ടുണ്ട്. മൂന്നു മാസം കഴിഞ്ഞ് വീണ്ടും പരിശോധിച്ചപ്പോൾ കൊളസ്ട്രോള്‍ മുഴുവനായി മാറിയിട്ടുണ്ട്. എൽഡിഎൽ മാത്രം ഒരു രണ്ടു പോയിന്റ് കൂടുതലുണ്ടായിരുന്നുള്ളൂ. അതും ബോർഡർ ലൈനിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. അതെനിക്ക് വലിയ അദ്ഭുതമായിരുന്നു. 

meenu-weightloss2

യോഗ ചെയ്യാൻ തുടങ്ങിയതോടെ ലൈഫിൽ ഒരു അടുക്കും ചിട്ടയും ഒക്കെ വന്നു തുടങ്ങി. സാധാരണ നൈറ്റ് ഓഫ് ആകുമ്പോൾ പകൽ കിടന്നുറങ്ങി രാത്രിയിൽ മൊബൈല് സ്ക്രോൾ ചെയ്തു െചയ്തിരിക്കുമായിരുന്നു. ഇപ്പോൾ ആ ശീലങ്ങളൊക്കെ മാറ്റി പത്തു മണി ആകുമ്പോള്‍ ഉറങ്ങാൻ ശ്രമിക്കാറുണ്ട്. യോഗ െചയ്യാന്‍ തുടങ്ങിയതില്‍ പിന്നെയാണ് ഉറക്കം ശരിയായത്. ഒരുപക്ഷേ രണ്ടുംകൽപ്പിച്ച് അന്ന് യോഗയ്ക്ക് ചേർന്നില്ലായിരുന്നെങ്കിൽ മറ്റൊരു തരത്തിലായേനെ എന്റെ ജീവിതം. ഇപ്പോൾ സൂര്യനമസ്കാരം ഒക്കെ ചെയ്യുമ്പോൾ എളുപ്പം തോന്നാറുണ്ട്. രാവിലെ യോഗ ചെയ്തു കഴിഞ്ഞാൽ ആ ദിവസം മുഴുവൻ ഫ്രഷായിരിക്കും. എന്റെ ഡബിൾ ചിൻ കുറഞ്ഞു. ക്രോണിക് കോൺസ്റ്റിപ്പേഷൻ (മലബന്ധം) ഉള്ള ഒരാളായിരുന്നു ഞാൻ. അത് മുഴുവനായി മാറിക്കിട്ടി. ബ്ലോട്ടിങ് മാറി. വയർ നന്നായി കുറഞ്ഞു. ഒപ്പം ജോലി ചെയ്യുന്ന ആന്യരാജ്യക്കാരൊക്കെ ചോദിക്കാൻ തുടങ്ങി, എന്ത് ചെയ്തിട്ടാ ഭാരം കുറഞ്ഞതെന്ന്. കാണാൻ സുന്ദരിയും സെക്സിയും ആയിട്ടുണ്ടെന്ന് അവർ പറയുന്നത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. 

ഡയറ്റും പ്രധാനം
വ്യായാമം മാത്രമല്ല, ഭക്ഷണത്തിൽ വന്ന മാറ്റവും ശരീരത്തിലെ ഈ മാറ്റങ്ങൾക്ക് കാരണമാണ്. പയറുവർഗങ്ങൾ കൂടുതൽ ആഹാരത്തിൽ ഉൾപ്പെടുത്തി. വറുത്തതും നോൺവെജ് ആയിട്ടുള്ളതുമായ ആഹാരങ്ങൾ പൂർണമായും ഒഴിവാക്കി. ചോറിന്റെ അളവ് കുറച്ച് മില്ലെറ്റ് ഉപയോഗിച്ചു. ബ്രേക്ക്ഫാസ്റ്റിന് അരിയാഹാരങ്ങൾ ഒഴിവാക്കി. റാഗി കൊണ്ടുള്ള അപ്പം, അവൽ കൊണ്ടുള്ള ആഹാരമായ ‘പോഹ’, ചോളംപുട്ട്, ഓവർ നൈറ്റ് ഓട്സ്, ചെറുപയറും ഉഴുന്നും കുതിർത്ത് ചെറുപയർ ദോശ ഇവയൊക്കെയാണ് രാവിലെ കഴിച്ചിരുന്നത്. ഉച്ചയ്ക്ക് ചെറിയ അളവിൽ ചോറ് കഴിക്കും. കൂടെ പരിപ്പോ, സോയാബീനോ, കടലയോ നിർബന്ധമായും ഉൾപ്പെടുത്തും. ആഴ്ചയിൽ മൂന്നോ നാലോ തവണ മാത്രം അരിയാഹാരം കഴിക്കും. മറ്റു ദിവസങ്ങളില്‍ മില്ലറ്റ് ആണ് ഉപയോഗിച്ചിരുന്നത്. പഞ്ചസാര പൂർണമായും ഒഴിവാക്കി. സ്മൂത്തികളിലും ജ്യൂസിലും ഒക്കെ പഞ്ചസാരയ്ക്കു പകരം ഈന്തപ്പഴം ഉപയോഗിച്ചു. അതുകൊണ്ട് മധുരത്തിന്റെ പ്രശ്നം തോന്നയിട്ടില്ല. രാത്രിയില്‍ സാലഡോ സൂപ്പോ ഒക്കെ കഴിക്കും. മക്കാന ഫ്രൈ ചെയ്ത് തൈരിൽ സോക്ക് ചെയ്ത് ഡേറ്റ്സിന്റെ കൂടെ കഴിക്കും. നൈറ്റ് ഡ്യൂട്ടിക്കു പോകുമ്പോള്‍ അതാണ് കഴിക്കുന്നത്. പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉൾപ്പെടുത്തി കഴിക്കുമായിരുന്നു.

ഗർഭകാലത്ത് എനിക്ക് പ്രമേഹം ഉണ്ടായിരുന്നു. കഴുത്തിനും നല്ല കറുപ്പായിരുന്നു. അതൊക്കെയും എനിക്ക് മാറിക്കിട്ടി. യോഗ കൊണ്ട് അൺഹെൽതി ആയ ആളിൽ നിന്ന് ഹെൽതി ആയിട്ടുള്ള 

meenu-weightloass-1

ആളായി മാറിയിട്ടുണ്ട്. ‍ഡ്യൂട്ടിയുടെ തിരക്കു കൊണ്ട് വലിയ സമ്മർദ്ദമായിരുന്നു. അത് മുഖത്ത് കാണുകയും ചെയ്യും. യോഗ തുടങ്ങിയതിൽപിന്നെ എപ്പോഴും പോസിറ്റീവ് എനർജി ആണ്. കാണുന്നവരും അത് പറയാറുണ്ട്. ഇപ്പോൾ എന്റെ ഡിപ്പാർട്മെന്റിൽ ഞാനും യോഗയും ഫേമസ് ആണ്. കുറേപ്പേര്‍ യോഗയ്ക്ക് ചേർന്നു. ചിലർ ചേരാനിരിക്കുന്നു. മറ്റുള്ളവരിലേക്ക് നല്ല ആരോഗ്യശീലം എത്തിക്കാൻ കാരണമായതിൽ ഞാൻ ശരിക്കും ഹാപ്പിയാണ്. തുടക്കത്തിൽ കുട്ടികളെക്കൊണ്ട് കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും എന്റെ രണ്ടര വയസ്സുള്ള മോള്‍ ഇപ്പോൾ എന്നെക്കാൾ നന്നായി ആസനാസ് ചെയ്യും. അവൾ നല്ല മെയ്‌വഴക്കത്തോടെ ചെയ്യുന്നുണ്ട്. മുൻപൊക്കെ രാവിലെ എഴുന്നേറ്റയുടൻ ഒരു ചായ കുടിക്കും. വൈകുന്നേരം ചായ മുടങ്ങിയാൽ തലവേദന ആയിരിക്കും. ഇപ്പോൾ ആ രീതികളൊക്കെ മാറി. രാവിലെ എഴുന്നേറ്റയുടൻ ചെറു ചൂടുവെള്ളമാണ് കുടിക്കുന്നത്. മക്കൾക്കും അങ്ങനെ തന്നെ. എന്റെ അടുത്ത തലമുറയിലേക്കും നല്ലൊരു ജീവിതരീതി കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ്. മധുരം േചർക്കാത്ത ജ്യൂസ്, കുതിർത്ത നട്സ് ഒക്കെയാണ് കുട്ടികൾക്കും കൊടുക്കുന്നത്. 

യോഗയ്ക്ക് ശേഷം ഒരു സെൽഫ് ലവ് എനിക്കു തന്നെ തോന്നിത്തുടങ്ങി. എന്തൊക്കെ തിരക്കുണ്ടെങ്കിലും ദിവസം ഒരു മണിക്കൂറെങ്കിലും എനിക്കു വേണ്ടി മാറ്റി വയ്ക്കാന്‍ തുടങ്ങിയതാണ് വലിയൊരു മാറ്റത്തിനു വഴിയൊരുക്കിയത്. 

വ്യായാമത്തിന്റെ കാര്യം വരുമ്പോൾ സ്ത്രീകൾ സമയക്കുറവാണ് പ്രധാന കാരണമായി പറയുന്നത്. കുട്ടികളെ നോക്കുന്നതും ജോലിക്ക് പോകുന്നതും വീട്ടുകാര്യങ്ങൾ ചെയ്യുന്നതൊന്നും സിംപിൾ കാര്യങ്ങളല്ല. പക്ഷേ അതിനെയെല്ലാം വ്യായാമം ചെയ്യാതിരിക്കാനുള്ള കാരണം ആയി എടുക്കരുത്. വേണമെന്ന് വച്ചാൽ നമുക്ക് എല്ലാത്തിനും സമയമുണ്ട്. പ്രധാനപ്പെട്ട കാര്യം ഏതെന്ന് തീരുമാനിച്ചാൽ മതി. സ്വന്തം കാര്യങ്ങൾക്ക് സമയം കണ്ടെത്തുമ്പോൾ അതിന്റെ ഫലം കിട്ടുമെന്ന് ഉറപ്പാണ്. 

English Summary:

Weightloss journey of nurse, Meenu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com