വ്യായാമം ചെയ്തില്ല, ജിമ്മിലും പോയില്ല, എന്നിട്ടും വണ്ണം കുറഞ്ഞു; വിദ്യാബാലൻ ശരീരഭാരം കുറച്ചത് ഇങ്ങനെ
Mail This Article
ശരീരഘടനയുടെ പേരിൽ പല തവണ കുറ്റപ്പെടുത്തലുകളും കളിയാക്കലുകളും കേൾക്കേണ്ടി വന്ന അഭിനേത്രിയാണ് വിദ്യാ ബാലൻ. പല തവണ വണ്ണം കുറച്ചും കൂട്ടിയുമെല്ലാം ആരാധകരെ ഞെട്ടിച്ചിട്ടുള്ള താരം തന്റെ ഫിറ്റ്നസ്സിനെപ്പറ്റി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുന്നത്. എങ്ങനെയാണ് ശരീരഭാരം ഇത്രയും കുറച്ചത് എന്ന ചോദ്യത്തിനുള്ള മറുപടിയായി വിദ്യ പറഞ്ഞത് ഇങ്ങനെയാണ്.
എന്റെ ജീവിതകാലം മുഴുവനും മെലിയാനുള്ള കഷ്ടപ്പാടിലായിരുന്നു ഞാൻ. എങ്ങനെയെങ്കിലും വണ്ണം കുറച്ചാലും അത് പിന്നെയും തിരിച്ച് വരുമായിരുന്നു.എന്തൊക്കെ ചെയ്തിട്ടും എന്റെ ഭാരം കൂടുകയാണ് ചെയ്തത്. എന്നാൽ ഭാരം എത്ര കൂടുന്നോ അത്രയും ഞാൻ വ്യായാമവും കൂട്ടുമായിരുന്നു. ഈ വർഷത്തിന്റെ തുടക്കത്തിലാണ് ഞാൻ ചെന്നൈയിലെ ഒരു ന്യൂട്രിഷണൽ ഗ്രൂപ്പിനെ പരിചയപ്പെടുന്നത്. എന്റെ ശരീരത്തിൽ കൊഴുപ്പടിഞ്ഞതല്ല നീർക്കെട്ട് ആണെന്നാണ് തോന്നുന്നത് എന്നവർ എന്നോട് പറഞ്ഞത്. എന്നെപ്പോലെ പലർക്കും നീർക്കെട്ട് ആയിരിക്കണം പ്രശ്നം. അങ്ങനെ അവരെനിക്ക് ഒരു ഡയറ്റ് തന്നു. അതോടെ എന്റെ ശരീരഭാരം വളരെപ്പെട്ടന്ന് കുറഞ്ഞു. ജീവിതകാലം മുഴുവൻ വെജിറ്റേറിയൻ ആയിരുന്നിട്ടും പാലക്കും മറ്റു ചില പച്ചക്കറികളും എന്റെ ശരീരത്തിനു നല്ലതല്ലെന്ന് ഞാൻ അറിഞ്ഞില്ല. പച്ചക്കറികളെല്ലാം നല്ലതല്ലേ എന്നാണ് നമ്മൾ ചിന്തിക്കുന്നത്. എന്നാൽ അങ്ങനെയല്ല. എല്ലാം നമുക്ക് ഗുണം ചെയ്യണമെന്നില്ല. മറ്റൊരാൾക്ക് നല്ലതാണെന്ന് കരുതി നമുക്ക് നന്നാവണമെന്നില്ല.
ഒപ്പം ഞാൻ വ്യായാമം ചെയ്യുന്നത് നിർത്താനും അവർ പറഞ്ഞു. ഇപ്പോൾ എന്നെ കാണുമ്പോഴെല്ലാം ഒരുപാട് മെലിഞ്ഞുവെന്നാണ് പലരും പറയുന്നത്, എന്നാൽ ഈയൊരു വർഷം ഞാൻ വർക്ഔട്ട് ചെയ്തിട്ടേയില്ല. ഞാന്‍ വ്യായാമം ചെയ്യാത്ത ആദ്യത്തെ വർഷമായിരിക്കും ഇത്. ശരീരത്തെ ചുറ്റിപ്പറ്റിയുള്ള വിലയിരുത്തലുകൾ വളരെ ക്രൂരമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മാനസികമായുള്ള പ്രശ്നങ്ങളും നമ്മുടെ ശരീരത്തിൽ പ്രതിഫലിക്കും. ഒരാൾ ഏത് അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് നമുക്ക് അറിയില്ലല്ലോ. മുൻപൊക്കെ ഒരു മൃഗത്തെപ്പോലെയാണ് ഞാൻ വർക്ഔട്ട് ചെയ്തിരുന്നത്. എന്നിട്ടും നിങ്ങൾ വ്യായമമൊന്നു ചെയ്യുന്നില്ലല്ലേ എന്നാണ് പലരും ചോദിച്ചത്. ഇപ്പോൾ ഞാൻ വ്യായാമം ചെയ്യുന്നില്ല, പക്ഷേ എന്തൊക്കയാണ് ചെയ്യുന്നതെന്നാണ് പലരുടെയും ചോദ്യം. മുൻപത്തെക്കാളും ഞാൻ ആരോഗ്യവതിയായാണ് എനിക്ക് തോന്നുന്നത്. വ്യായാമം ചെയ്യരുതെന്നല്ല ഞാൻ നിങ്ങളോട് പറയുന്നത്, ആളുകൾ വ്യത്യസ്തരാണ് എന്നാണ്.
ഗലാട്ട ഇന്ത്യ എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് വിദ്യാബാലൻ തന്റെ ജീവിതത്തിലെ മാറ്റത്തെ പറ്റി തുറന്ന് സംസാരിച്ചത്.