പ്രായം കൂടും തോറും അസുഖങ്ങൾ കൂട്ടരുത്; ഡയറ്റും വർക്ഔട്ടും ഇങ്ങനെ വേണം!
Mail This Article
പഠനങ്ങൾ പ്രകാരം 30 വയസ്സിനു ശേഷം ഓരോ പത്തു കൊല്ലം കൂടുന്നതിനനുസരിച്ച് നമ്മുടെ പേശികൾ കുറഞ്ഞു കൊണ്ടിരിക്കുന്നു. പ്രോട്ടീൻ നഷ്ടവും സംഭവിക്കുന്നു. പ്രായം കൂടുംതോറും ഇറച്ചിയും മുട്ടയുമൊക്കെ ഒഴിവാക്കി പച്ചക്കറികൾ മാത്രം കഴിക്കാമെന്നാണ് പലരും കരുതുന്നത്. എന്നാൽ ശരീരത്തിലെത്തുന്ന പ്രോട്ടീനിന്റെ അളവ് വളരെയധികം കുറയുമെന്നതാണ് സത്യം. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ ആവശ്യമായ രീതിയിലുള്ള ഈറ്റിങ് പ്ലാന്‍ വേണം. അതുപോലെ തന്നെയാണ് വർക്ഔട്ട് ചെയ്യുന്നതും. സർട്ടിഫൈഡ് ഹെൽത്ത്കെയർ കൺസൽട്ടന്റ് ആയ ഗ്രിന്റോ ഡേവി ചിറകെക്കാരൻ ഈ വിഷയത്തിൽ സംസാരിക്കുന്നു.
പ്രായം കൂടുന്നതനുസരിച്ച് മസിൽ കുറയും. അതോടുകൂടി മുട്ടുവേദന, പുറംവേദന, നടക്കാനുള്ള ബുദ്ധിമുട്ട്, പടികൾ കയറാന്‍ കഴിയാതെ വരിക എന്നീ പ്രശ്നങ്ങളുമുണ്ടാകും. പലപ്പോഴും തടികൂടുന്ന വ്യക്തിക്ക് മുട്ടുവേദന ഉണ്ടാകാം. ഡോകടറിനെ കാണിക്കുമ്പോൾ 10–15 കിലോ ഭാരം കുറയ്ക്കാനാണ് നിർദേശിക്കുക. എന്നാൽ അധികം നടക്കാനോ ഓടാനോ പാടില്ല. ഇത്തരം അവസ്ഥയിൽ രോഗിയ്ക്ക് ആകെ സംശയമാണ്. എന്താണ് താൻ ചെയ്യേണ്ടതെന്ന് ഒരു ധാരണയും ഉണ്ടാവില്ല. അങ്ങനെ അവർ ഭക്ഷണം നിയന്ത്രിക്കാം എന്ന തീരുമാനത്തിൽ എത്തും. ആദ്യം അൽപം ഭാരം കുറഞ്ഞേക്കാം. എന്നാൽ അത് പേശിയുടെ ഭാരമായിരിക്കും കുറയുക. കൊഴുപ്പ് ആണോ, മസിൽ ആണോ, വെള്ളമാണോ ശരീരത്തിൽ നിന്നും പോയി ശരീരഭാരത്തെ കുറച്ചതെന്ന്
അറിയാതെ വീണ്ടും തുടർന്നാൽ അപകടമാണ്. പേശികളിൽ നിന്നാണ് ഭാരം കുറയുന്നതെങ്കിൽ മുട്ടു വേദനയും പേശിവേദനയും ഇരട്ടിയാകും. ശരിയായ രീതിയിൽ ഭക്ഷണം കഴിക്കുകയും സാധ്യമായ രീതിയിലുള്ള വർക്ഔട്ട് ചെയ്യുകയും മാത്രം മതി.
നടക്കാൻ സാധിക്കാത്തവർക്ക്, സ്ട്രോക്ക് പേഷ്യന്റ്സിന്, മുട്ടുവേദന ഉള്ളവർക്ക് എന്നിവർക്കൊക്കെ വളരെ ഭംഗിയായി തന്നെ ഒരു എയ്റോബിക് ആക്റ്റിവിറ്റിയിൽ കിട്ടുന്ന എല്ലാ വർക്കൗട്ടുകളും ചെയ്യാവുന്ന തരത്തിൽ ഫിസിയോ തെറപ്പി പ്രോട്ടോക്കോളുകൾ ഉണ്ട്. അത് ഉപയോഗിക്കാന്‍ സാധിക്കും. സമ്മർദ്ദമോ വേദനയോ ബുദ്ധിമുട്ടുകളോ ഒന്നുമില്ലാത്ത രീതിയിൽ ആണ് ഡിസൈൻ ചെയ്യുന്നത്. അതിനുവേണ്ടി ഒരു ഹെൽത്ത് കെയർ പ്രഫഷണലിനെ കണ്ട് ആവശ്യമായ മാറ്റങ്ങൾ എടുക്കണം. ശ്രദ്ധിക്കേണ്ടത്, പ്രായം കൂടുന്നതനുസരിച്ച് അസുഖങ്ങളിലേക്ക് പോകുക എന്നൊരു ധാരണ മാറ്റണം.ഏജിങ് വിത് ഡിഗ്‌നിറ്റി എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. ആരോഗ്യത്തോടെ ആയുസ്സ് വർധിപ്പിക്കാൻ നമുക്ക് സാധിക്കണം. അല്ലാതെ അസുഖങ്ങളിലൂടെ മരുന്നുകളിലൂടെ കിടക്കയിൽ കിടന്നു കൊണ്ടുള്ള ലൈഫ് സ്പാൻ വർധിപ്പിക്കുന്നതാകരുത് നമ്മുടെ ലക്ഷ്യം.
പ്രായമായവർ കഴിക്കേണ്ട ഭക്ഷണവും ചെയ്യേണ്ട വ്യായാമവും ആരോഗ്യവിദഗ്ധനോട് ചോദിക്കാം