ലക്ഷണം കാണിക്കാതെ ‘വൈറ്റമിന്‍ കെ’ അഭാവം ; പരിശോധന വൈകിയാൽ നാലിലധികം രോഗങ്ങൾ
Mail This Article
രക്തം ശരിയായി ക്ലോട്ട് ചെയ്യാനും എല്ലുകള്‍ ശക്തമാക്കാനുമൊക്കെ ശരീരത്തെ സഹായിക്കുന്ന പോഷകമാണ് വൈറ്റമിന്‍ കെ (Vitamin K). രക്തധമനികളില്‍ കാല്‍സ്യം കെട്ടിക്കിടക്കുന്നതിനെ തടയുന്ന ഒരു പ്രോട്ടീനെ ഉദ്ദീപിപ്പിച്ച് ഹൃദയാരോഗ്യത്തെയും വൈറ്റമിന്‍ കെ സംരക്ഷിക്കുന്നു. പ്രോസ്ട്രേറ്റ്, ശ്വാസകോശ അര്‍ബുദങ്ങളുടെ സാധ്യത കുറയ്ക്കാനും വൈറ്റമിന്‍ കെ സഹായിക്കുന്നതായി ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. വൈറ്റമിന്‍ കെയുടെ അഭാവം രക്തസ്രാവം, എല്ലുകളുടെ വളര്‍ച്ചക്കുറവ്, എല്ലുകള്‍ ദുര്‍ബലമായി ഒടിഞ്ഞു പോകുന്ന ഓസ്റ്റിയോപോറോസിസ്, ഹൃദ്രോഗം എന്നിവയിലേക്ക് നയിക്കാം. എന്നാല്‍ ഈ ലക്ഷണങ്ങളെല്ലാം വൈറ്റമിന്‍ കെ അഭാവം കൊണ്ട് മാത്രം ഉണ്ടാകുന്നതല്ല എന്നതിനാല്‍ ശരിയായ രോഗനിര്ണ്ണത്തിനു ഡോക്ടറെ സമീപിക്കേണ്ടതാണ്.
വൈറ്റമിന്‍ കെയുടെ സ്രോതസ്സുകള്‍
ഇലക്കറികളിലാണ് വൈറ്റമിന്‍ കെ കൂടുതലായും കാണപ്പെടുന്നത്. മനുഷ്യര്‍ കഴിക്കുന്ന വൈറ്റമിന്‍ കെയുടെ 75 മുതല്‍ 90 ശതമാനം പച്ചില വിഭവങ്ങളില്‍ അടങ്ങിയിരിക്കുന്നു. കെയ്ല്‍, ചീര, ടര്‍ണിപ് ഗ്രീന്‍സ്, ബ്രോക്കളി, ബ്രസല്‍ സ്പ്രൗട്സ്, സൊയബീന്‍ ഓയില്‍, കനോള ഓയില്‍ എന്നിവയെല്ലാം വൈറ്റമിന്‍ കെ സ്രോതസ്സുകളാണ്. പുളിപ്പിച്ച ഭക്ഷണങ്ങള്‍, മൃഗോത്പന്നങ്ങളായ ബട്ടര്‍, പോര്‍ക്ക്, ചിക്കന്‍, മുട്ടയുടെ മഞ്ഞ എന്നിവയിലും വൈറ്റമിന്‍ കെ അടങ്ങിയിരിക്കുന്നു. 19 വയസ്സിനു മുകളിലുള്ള മുതിര്‍ന്നവരായ പുരുഷന്മാര്ക്ക് പ്രതിദിനം 120 മൈക്രോഗ്രാമും സ്ത്രീകള്‍ക്ക് 90 മൈക്രോഗ്രാമും വൈറ്റമിന്‍ കെ ആവശ്യമാണ്. ഒരു ഓംലേറ്റോ, ഒരു കപ്പ് ചീര തോരനോ, പാലക് പനീറോ ഒക്കെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി വൈറ്റമിന്‍ കെയുടെ പ്രതിദിന ലഭ്യത ഉറപ്പ് വരുത്താനാകും.
ഇനി ഹെൽത്തിയായി ഭക്ഷണം കഴിക്കാം : വിഡിയോ