ADVERTISEMENT

അധികമായാല്‍ അമൃതും വിഷം എന്ന്‌ കേട്ടിട്ടില്ലേ. ഇത്‌ ആഹാരത്തിന്റെ കാര്യത്തില്‍ മാത്രമല്ല ആരോഗ്യ സംരക്ഷണത്തിനായി നാം കഴിക്കുന്ന മള്‍ട്ടിവൈറ്റമിന്‍ ഗുളികകളുടെ കാര്യത്തിലും ബാധകമാണ്‌. നമ്മുടെ ആരോഗ്യത്തിനും ക്ഷേമത്തിനും പല തരത്തിലുള്ള വൈറ്റമിനുകള്‍ ആവശ്യമാണെങ്കിലും അവയുടെ അനാവശ്യമായ ഉപയോഗം പല പ്രശ്‌നങ്ങളിലേക്കും നയിക്കാം. 

ആരോഗ്യ സമ്പുഷ്ടമായ ഭക്ഷണക്രമത്തിന്‌ പകരമാകില്ല മള്‍ട്ടിവൈറ്റമിന്‍ ഗുളികകള്‍ എന്നുള്ളതാണ്‌ ആദ്യമായി മനസ്സിലാക്കേണ്ട കാര്യം. മള്‍ട്ടിവൈറ്റമിന്‍ കഴിക്കുന്നവരില്‍ ഇനി പോഷണക്കുറവ്‌ ബാധിക്കില്ല എന്ന തെറ്റായ സുരക്ഷിതത്വബോധം ഉണ്ടാകാനും സാധ്യതയുണ്ട്‌. ഇനി പറയുന്നവയാണ്‌ അമിതമായ മള്‍ട്ടിവൈറ്റമിന്‍ ഉപയോഗത്തിന്റെ അപകടങ്ങള്‍. 

Photo credit :  ronstik / Shuttertock.com
Photo credit : ronstik / Shuttertock.com

1. വൈറ്റമിന്‍ വിഷമാകാം
വൈറ്റമിന്‍ എ, ഡി, ഇ, കെ പോലുള്ള ഫാറ്റ്‌ സോല്യുബിള്‍ വൈറ്റമിനുകള്‍ ശരീരത്തില്‍ അടിഞ്ഞു കൂടിയാല്‍ അവ വിഷമയമായി മാറാം. വൈറ്റമിന്‍ എ ഇത്തരത്തില്‍ വിഷമയമാകുന്നത്‌ തലകറക്കം, ഓക്കാനം, ചര്‍മ്മത്തില്‍ മാറ്റങ്ങള്‍ എന്നിവയ്‌ക്ക്‌ കാരണമാകാം. ചിലരില്‍ കരള്‍ രോഗത്തിലേക്കും എല്ല്‌ വേദനയിലേക്കും ഇത്‌ നയിക്കാം. 

2. ദഹനപ്രശ്‌നങ്ങള്‍
ശരീരത്തില്‍ മള്‍ട്ടിവൈറ്റമിനുകള്‍ കുത്തിനിറയ്‌ക്കുന്നത്‌ ദഹനപ്രശ്‌നങ്ങളിലേക്കും നയിക്കാം. അയണ്‍, സിങ്ക്‌ പോലുള്ള ചില വൈറ്റമിനുകളും ധാതുക്കളും ഉയര്‍ന്ന തോതില്‍ കഴിക്കുന്നത്‌ ഓക്കാനം, അതിസാരം, വയര്‍വേദന എന്നിവയ്‌ക്ക്‌ കാരണമാകാം. 

3. വൃക്കയില്‍ കല്ലുകള്‍‌
വൈറ്റമിന്‍ സി, ഡി എന്നിവയെല്ലാം അമിതമായി കഴിക്കുന്നത്‌ വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടാന്‍ കാരണമാകാം. മൂത്രതടസ്സം പോലുള്ള പ്രശ്‌നങ്ങള്‍ ഇത്‌ മൂലം ഉണ്ടാകാം. 

4. മറ്റ്‌ മരുന്നുകളുടെ കാര്യക്ഷമതയെ ബാധിക്കാം
നിങ്ങള്‍ കഴിക്കുന്ന ചില മരുന്നുകളുടെ കാര്യക്ഷമതയെയും അമിതമായ വൈറ്റമിനുകളും ധാതുക്കളും ബാധിക്കാം. രക്തം നേര്‍പ്പിക്കാന്‍ കഴിക്കുന്ന മരുന്നുകളുടെ സ്വാധീനം കുറയ്‌ക്കാന്‍ വൈറ്റമിന്‍ കെ കാരണമാകാം. അതു പോലെ തന്നെ ചിലതരം ആന്റിബയോട്ടികളുടെ ശരിയായ പ്രവര്‍ത്തനത്തില്‍ കാല്‍സ്യം ഇടങ്കോലിടാം. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി ഡോക്ടറെ കണ്ട്‌ നിര്‍ദ്ദേശങ്ങള്‍ തേടേണ്ടതാണ്‌. 

5. ഹൈപ്പര്‍വൈറ്റമിനോസിസ്‌
ഒരു പ്രത്യേകതരം വൈറ്റമിന്റെ അളവ്‌ നമ്മുടെ ശരീരത്തില്‍ അധികമാകുന്നത്‌ പലതരം ആരോഗ്യ പ്രശ്‌നങ്ങളിലേക്ക്‌ നയിക്കാം. ഉദാഹരണത്തിന്‌ വൈറ്റമിന്‍ ബി6 അമിതമായി കഴിക്കുന്നത്‌ മരവിപ്പ്‌, തരിപ്പ്‌ പോലുള്ള നാഡീവ്യൂഹപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. 

107429764
Representative image. Photo Credit: Tom Merton/istockphoto.com

6. രക്തം കട്ടപിടിക്കുന്നതില്‍ പ്രശ്‌നം
ഉയര്‍ന്ന തോതിലുള്ള വൈറ്റമിന്‍ ഇ ശരീരത്തില്‍ രക്തം കട്ട പിടിക്കുന്ന പ്രക്രിയയെ ബാധിക്കും. രക്തം നേര്‍പ്പിക്കാനുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക്‌ ഇത്‌ പ്രത്യേകിച്ചും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. 

7. പോഷണങ്ങളുടെ താളം തെറ്റിക്കും
മള്‍ട്ടിവൈറ്റമിനുകളുടെ അമിത ഉപയോഗം ചില പോഷണങ്ങളുടെ അളവ്‌ നിയന്ത്രണാതീതമാക്കി പോഷണങ്ങളിലെ അസന്തുലിതാവസ്ഥയിലേക്ക്‌ നയിക്കാം. ഉദാഹരണത്തിന്‌ അമിതമായ തോതില്‍ കാല്‍സ്യം കഴിക്കുന്നത്‌ ശരീരത്തിലെ മഗ്നീഷ്യത്തിന്റെ തോതില്‍ ക്രമക്കേടുണ്ടാക്കി പേശിവലിവ്‌, താളം തെറ്റിയ ഹൃദയമിടിപ്പ്‌ എന്നിവയിലേക്ക്‌ നയിക്കാം. 

8. നാഡീവ്യൂഹത്തിന്‌ തകരാര്‍
വൈറ്റമിന്‍ ബി 6 അമിതമായ തോതില്‍ കഴിക്കുന്നത്‌ പെരിഫെറല്‍ ന്യൂറോപതി എന്ന നാഡീവ്യൂഹപരമായ തകരാറിലേക്ക്‌ നയിക്കാം. ഇത്‌ വേദന, മരവിപ്പ്‌, തരിപ്പ്‌ പോലുള്ള പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകും. 

വൈറ്റമിൽ ഡി കുറഞ്ഞാൽ സംഭവിക്കുന്നത്: വിഡിയോ

English Summary:

Over usage of Multivitamins can cause Harm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com