കുട്ടികളിലെ ദന്താരോഗ്യ പ്രശ്നങ്ങള്‍ക്കു പരിഹാരമായി പഞ്ചസാര നികുതി
Mail This Article
പല്ലിന്റെ ആരോഗ്യം സൂക്ഷിക്കാന്‍ വ്യക്തികളെന്ന നിലയില്‍ നമുക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്നതിനെ ചുറ്റിപ്പറ്റിയാണ് നമ്മുടെ ചര്‍ച്ചകളെല്ലാം. എന്നാല്‍ ഇതില്‍ ഗവണ്‍മെന്റുകള്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്നു കാണിച്ചു തരികയാണ് യുകെ. ഇവിടെ 2018ല്‍ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ ഒരു നികുതി കുട്ടികളടക്കം ആയിരക്കണക്കിനു ജനങ്ങളുടെ ദന്താരോഗ്യസംരക്ഷണത്തില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
മധുരപാനീയങ്ങളില്‍ അഞ്ച് ഗ്രാമിലധികം പഞ്ചസാര ചേര്‍ക്കുന്ന നിര്‍മ്മാതാക്കള്‍ പഞ്ചസാര നികുതി നല്‍കണമെന്ന നിയമം 2018ലാണ് യുകെ പാസാക്കുന്നത്. ഇതിനെ തുടര്‍ന്ന് പൊതുജനാരോഗ്യത്തില്‍ ഗണ്യമായ മാറ്റങ്ങള്‍ ഉണ്ടായെന്നും കുട്ടികളിലെ അടക്കം ദന്താരോഗ്യ ചികിത്സയുടെ ചെലവ് കുറഞ്ഞതായും ബിഎംജെ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു.
നിയമം നടപ്പാക്കിയതിനു ശേഷം, പല്ല് കേടായതിനെ തുടര്‍ന്ന് നീക്കം ചെയ്യേണ്ടി വരുന്ന 18 വയസ്സില്‍ താഴെയുള്ളവരുടെ എണ്ണത്തില്‍ 12 ശതമാനം കുറവുണ്ടായതായി പഠനറിപ്പോര്‍ട്ട് പറയുന്നു. ദന്താരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന സാഹചര്യവും ഇത് മൂലം കുറഞ്ഞതായി ഗവേഷകര്‍ അവകാശപ്പെടുന്നു. 5638 ഹോസ്പിറ്റല്‍ അഡ്മിഷനുകളെങ്കിലും ഇത്തരത്തില്‍ ഒഴിവാക്കാന്‍ നിയമം നടപ്പാക്കിയതിലൂടെ സാധിച്ചു. നാല് വയസ്സിന് താഴെയുള്ളവരിലും നാലു മുതല്‍ ഒന്‍പത് വയസ്സ് വരെയുള്ളവരിലും ഒരു ലക്ഷം പേരില്‍ യഥാക്രമം 6.5 ഉം 3.3 ഉം എന്ന തോതില്‍ ആശുപത്രി പ്രവേശനങ്ങളില്‍ കുറവുണ്ടായതായും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
ആകെയുള്ള ഊര്‍ജ്ജ ആവശ്യത്തിന്റെ അഞ്ച് ശതമാനം മാത്രമായി പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കഴിഞ്ഞാല്‍ ജീവിതകാലം മുഴുവന്‍ ദന്താരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടനയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പഴങ്ങളിലും പാലിലും അധിഷ്ഠിതമായ മധുരപാനീയങ്ങള്‍, ഫ്രൂട്ട് ജ്യൂസുകള്‍, കേക്ക്, ബിസ്‌കറ്റ്, മധുരം ചേര്‍ത്ത ധാന്യങ്ങള്‍, ഡിസേര്‍ട്ട്, സിറപ്പുകള്‍ എന്നിവയല്ലാം പഞ്ചസാരയുടെ മുഖ്യ സ്രോതസ്സുകളാണ്. പഞ്ചസാര നികുതി പോലുള്ള നിയമനിര്‍മ്മാണങ്ങള്‍ ദന്താരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ചെലവ് കുറഞ്ഞ ഇടപെടലുകളാണെന്നും ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്നു.