ഓട്ടോ ഇമ്മ്യൂണ്‍ രോഗമുള്ളവര്‍ക്ക് ഗര്‍ഭധാരണത്തോട് അനുബന്ധിച്ച വിഷാദത്തിനു സാധ്യത
Mail This Article
ഓട്ടോ ഇമ്മ്യൂണ്‍ രോഗമുള്ള സ്‌ത്രീകള്‍ക്ക് ഗര്‍ഭകാലത്തും പ്രസവത്തിനു ശേഷവും വിഷാദമുണ്ടാകാനുള്ള സാധ്യത അധികമാണെന്ന് പഠനം. നേരെ തിരിച്ച് ഗര്‍ഭധാരണ ഘട്ടത്തിലും പ്രസവത്തിലും വിഷാദരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്‌ത്രീകള്‍ക്ക് പിന്നീട് ഓട്ടോ ഇമ്മ്യൂണ്‍ രോഗമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണെന്നും മോളിക്യുലാര്‍ സൈക്യാട്രി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
ഗ്ലൂട്ടന്‍ ഇന്‍ടോളറന്‍സ്, റുമാറ്റോയ്‌ഡ് ആര്‍ത്രൈറ്റിസ്, ടൈപ്പ് 1 പ്രമേഹം, മള്‍ട്ടിപ്പിള്‍ സ്‌ക്‌ളീറോസിസ് എന്നിവയാണ് പൊതുവേയുള്ള ചില ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍. ഇതില്‍ ഏറ്റവും ശക്തമായ സ്വാധീനം മള്‍ട്ടിപ്പിള്‍ സ്‌ക്‌ളീറോസിസിനാണെന്നും പഠനം പറയുന്നു. സ്വീഡനിലെ കരോളിന്‍സ്‌ക ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.
2001നും 2013നും ഇടയില്‍ പ്രസവിച്ച സ്വീഡനിലെ സ്‌ത്രീകളിലാണ് പഠനം നടത്തിയത്. എട്ട് ലക്ഷം സ്‌ത്രീകളും 13 ലക്ഷം പ്രസവങ്ങളും ഉള്‍പ്പെട്ട പഠനത്തില്‍ 55,000 ലധികം പേര്‍ക്ക് വിഷാദരോഗം കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു. വിഷാദരോഗമുള്ളവര്‍ക്ക് ഓട്ടോ ഇമ്മ്യൂണ്‍ രോഗത്തിനുള്ള സാധ്യതയും, ഓട്ടോഇമ്മ്യൂണ്‍ രോഗമുള്ളവര്‍ക്ക് വിഷാദമുണ്ടാകാനുള്ള സാധ്യതയും 30 ശതമാനമാണ് പഠനത്തില്‍ കണ്ടെത്തിയത്.
ഗര്‍ഭകാലത്തുണ്ടാകുന്ന വിഷാദം അമ്മയ്‌ക്കും കുഞ്ഞിനും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കാമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ കരോളിന്‍സ്‌ക ഇന്‍സ്‌റ്റിറ്റിയൂട്ടിലെ എമ്മ ബ്രാന്‍ പറയുന്നു. എന്നാല്‍ ഇതൊരു നിരീക്ഷണപഠനം മാത്രമായതിനാല്‍ കാരണങ്ങള്‍ കണ്ടെത്താനായിട്ടില്ല.
ഒരാൾ ഡിപ്രഷനിലാണെന്ന് എങ്ങനെ തിരിച്ചറിയാം: വിഡിയോ