മൈഗ്രെയ്‌ന് ഉണ്ടോ? ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിന്റെ സാധ്യത വര്‍ധിപ്പിക്കും
Mail This Article
ലോകത്തിലെ 100 കോടിയിലധികം പേര്‍ക്ക് ഓരോ വര്‍ഷവും ഒരു തവണയെങ്കിലും മൈഗ്രെയ്‌ന്‍ ആക്രമണം ഉണ്ടാകാറുണ്ടെന്നാണ് കണക്ക്. പക്ഷാഘാതം, ഹൃദ്രോഗം, ചുഴലി, ഉറക്ക പ്രശ്‌നങ്ങള്‍, ഉത്‌കണ്‌ഠ, വിഷാദരോഗം എന്നിവയുടെ സാധ്യത മൈഗ്രെയ്‌ന്‍ വര്‍ധിപ്പിക്കുമെന്ന് മുന്‍ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതിന് പുറമേ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം(ഐബിഎസ്) പോലെ വയറിനെയും കുടലിനെയും ബാധിക്കുന്ന രോഗങ്ങളുമായും മൈഗ്രെയ്‌ന് ബന്ധമുണ്ടെന്ന് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു.
10 ദശലക്ഷം പേരുടെ ഡാറ്റ ഉപയോഗിച്ച് ദക്ഷിണ കൊറിയയിലെ സിയോള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി കോളജ് ഓഫ് മെഡിസിനാണ് പഠനം നടത്തിയത്. ഇതില്‍ മൂന്ന് ശതമാനം പേര്‍ക്ക് ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം ഉണ്ടായിരുന്നു. മൈഗ്രേയ്‌ന്‍ ഇല്ലാത്തവരെ അപേക്ഷിച്ച് മൈഗ്രെയ്‌ന്‍ ഉള്ളവരില്‍ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം ഉണ്ടാകാനുള്ള സാധ്യത അധികമായിരുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു.
മൈഗ്രെയ്‌ന്‍ ഉള്ളവരില്‍ അള്‍സറേറ്റീവ് കൊളൈറ്റിസ് ഉണ്ടാകാനുള്ള സാധ്യത സ്‌ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരില്‍ അധികമാണെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. മൈഗ്രെയ്‌ന്‍ സെറോടോണിന്‍ ഹോര്‍മോണുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഇതിന്റെ ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ ട്രാക്ടിലേക്കും വയറിലേക്കും കുടലിലേക്കുമുള്ള നീക്കമാകാം ഐബിഎസിലേക്ക് നയിക്കുന്നതെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. സയന്റിഫിക് റിപ്പോര്‍ട്ട്‌സ് ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
ഏതു തരത്തിലുള്ള തലവേദനയും അകറ്റാൻ ഇതാ സിംപിൾ ടിപ്സ് : വിഡിയോ