യൂറോപ്പിനെ ഭീതിയിലാഴ്ത്തി പാരറ്റ് ഫീവര്‍; തത്തകളിലൂടെ പടരുന്ന ഈ രോഗത്തെ അറിയാം
Mail This Article
തത്തകളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന പാരറ്റ് ഫീവര്‍ ബാധിച്ച് ഈ വര്‍ഷം യൂറോപ്പില്‍ അഞ്ച് പേര്‍ മരണപ്പെട്ടതായി ലോകാരോഗ്യ സംഘടന. ഓസ്‌ട്രിയ, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, സ്വീഡന്‍, നെതര്‍ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ സിറ്റകോസിസ് എന്ന് കൂടി അറിയപ്പെടുന്ന പാരറ്റ് ഫീവര്‍ കേസുകള്‍ വര്‍ധിച്ചു വരുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
ക്ലമിഡോഫില സിറ്റക്കി എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന ശ്വാസകോശ അണുബാധയാണ് സിറ്റകോസിസ്. മുഖ്യമായും തത്ത പോലുള്ള പക്ഷികളെ ബാധിക്കുന്ന ഈ ബാക്ടീരിയ ഇവയുടെ വിസര്‍ജ്ജ്യത്തില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നു. വനത്തിലോ വീട്ടില്‍ വളര്‍ത്തുന്നതോ ആയ പക്ഷികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരാണ് മരണപ്പെട്ടവര്‍ എല്ലാവരും. വളര്‍ത്തു പക്ഷികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജോലിക്കാര്‍, ഡോക്ടര്‍മാര്‍, പക്ഷികളുടെ ഉടമകള്‍, വൈറസ് വ്യാപനമുള്ള ഇടങ്ങളിലെ തോട്ടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടനയിലെ വിദഗ്‌ധര്‍ പറയുന്നു.
450ലധികം പക്ഷി ജനുസ്സുകള്‍ക്ക് പുറമേ പട്ടി, പൂച്ച, കുതിര, പന്നി, ഉരഗങ്ങള്‍ എന്നിവയിലും ക്ലമിഡോഫില സിറ്റാക്കിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മനുഷ്യരിലേക്ക് ഈ ബാക്ടീരിയ പടര്‍ത്തുന്നത് കൂടുതലും തത്തകള്‍, പ്രാവുകള്‍, ഫിഞ്ച് എന്നയിനം കുരുവികള്‍, കാനറി പക്ഷികള്‍ എന്നിവയാണ്. പക്ഷികളുടെ ഉണങ്ങിയ വിസര്‍ജ്യങ്ങള്‍, ഇവ ശ്വസിക്കുമ്പോള്‍ പുറത്ത് വരുന്ന സ്രവങ്ങള്‍, തൂവലുകളിലെ പൊടികള്‍ എന്നിവയിലൂടെയാണ് മനുഷ്യരിലേക്ക് ബാക്ടീരിയ എത്തുക.
ലക്ഷണങ്ങള്‍
പനി, കുളിര്‍, തലവേദന, പേശിവേദന, വരണ്ട ചുമ എന്നിവയെല്ലാമാണ് പാരറ്റ് ഫീവറിന്റെ ലക്ഷണങ്ങള്‍. ബാക്ടീരിയ ഉള്ളിലെത്തി അഞ്ച് മുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ ഈ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങും. ആന്റിബയോട്ടിക് മരുന്നുകള്‍ നല്‍കി ഉടനടി ചികിത്സ ആരംഭിക്കുന്നത് ന്യുമോണിയ പോലുള്ള സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കും. ആന്റിബയോട്ടിക് ചികിത്സ ലഭിച്ചവര്‍ ഈ ബാക്ടീരിയ മൂലം മരണപ്പെടാനുള്ള സാധ്യത അപൂര്‍വമാണ്.
മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരില്ല
പക്ഷികള്‍ വഴി ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് ഈ ബാക്ടീരിയ പടരാമെങ്കിലും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഇത് പടരുമെന്നതിന് തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. പാരറ്റ് ഫീവറിനെ തുടര്‍ന്നുള്ള യൂറോപ്പിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും നിലവില്‍ അപകടസാധ്യത കുറഞ്ഞ വിഭാഗത്തിലാണ് ഈ രോഗത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ലോകാരോഗ്യ സംഘടന കൂട്ടിച്ചേര്‍ക്കുന്നു.
എടുക്കാം ഈ മുന്‍കരുതലുകള്‍
പക്ഷികളെ വളര്‍ത്തുന്നവര്‍ അവയുടെ കൂട് വൃത്തിയായി സൂക്ഷിക്കണമെന്നും കാഷ്‌ഠം പടരാത്ത തരത്തില്‍ കൂടുകള്‍ സജ്ജീകരിക്കണമെന്നും നിറയെ പക്ഷികളെ ഒരു കൂട്ടില്‍ നിറയ്‌ക്കരുതെന്നും ലോകാരോഗ്യ സംഘടന പുറത്തിറക്കിയ മാര്‍ഗ്ഗരേഖയില്‍ നര്‍ദ്ദേശിക്കുന്നു . ഏതെങ്കിലും പക്ഷിക്ക് രോഗം വന്നതായി കണ്ടെത്തിയാല്‍ മൃഗഡോക്ടറെ കണ്ട് ചികിത്സ തേടാനും രോഗം വന്ന പക്ഷിയെ തനിയെ ഒരു കൂട്ടിലേക്ക് മാറ്റാനും ശ്രദ്ധിക്കണം. പക്ഷികളെ വളര്‍ത്തുന്നവര്‍ ശുചിത്വം പാലിക്കണമെന്നും കൂടും മറ്റും വൃത്തിയാക്കിയ ശേഷം കൈ വൃത്തിയായി കഴുകണമെന്നും മാര്‍ഗ്ഗരേഖ കൂട്ടിച്ചേര്‍ക്കുന്നു.