ADVERTISEMENT

ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുജനങ്ങളും സ്ഥാപനങ്ങളും ശ്രദ്ധിക്കണം. ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിനു പ്രാധാന്യം നല്‍കണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. പരിസരം വൃത്തിയായി സൂക്ഷിക്കണം. എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. കൊതുകില്‍ നിന്നും സംരക്ഷണം നേടുക എന്നതാണ് ഡെങ്കിപ്പനിയുടെ പ്രധാന സംരക്ഷണ മാര്‍ഗം. അതിനാല്‍ വീടും സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കണം. രാവിലെയും വൈകുന്നേരങ്ങളിലും വീടിന്റെ ജനലുകളും വാതിലുകളും അടച്ചിടണം. അടച്ചിടുന്നതിനു മുന്‍പ് വീട്ടിനുള്ളില്‍ പുകയ്ക്കുന്നത് വീട്ടിനുള്ളിലുള്ള കൊതുകുകളെ പുറത്താക്കാന്‍ സഹായിക്കും. കൊതുകിന്റെ സാന്ദ്രത കൂടുതലുള്ള ഇടങ്ങളില്‍ ജനാലകളും വാതിലുകളും വല ഉപയോഗിച്ച് സംരക്ഷിക്കണം.

kollam-dengue-fever
ചിത്രം∙മനോരമ

·കെട്ടിടങ്ങളുടെ അകത്തും പുറത്തും മേല്‍ക്കൂരയിലും വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പാത്രങ്ങള്‍, ചിരട്ടകള്‍, തൊണ്ട്, ടയര്‍, മുട്ടത്തോട്, ടിന്നുകള്‍ തുടങ്ങിയവ വലിച്ചെറിയാതെ നശിപ്പിക്കുകയോ വെള്ളം കെട്ടിനില്‍ക്കാതെ കമഴ്ത്തി വയ്ക്കുകയോ ചെയ്യുക.

·വീട്ടിനുള്ളില്‍ പൂച്ചട്ടികള്‍ക്ക് താഴെ വെള്ളം കെട്ടിനില്‍ക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന് അടിയില്‍ വെള്ളം നില്‍ക്കുന്ന ട്രേയിലും കൊതുക് മുട്ടയിടാന്‍ സാധ്യതയുണ്ട്. ഇവ ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും വൃത്തിയാക്കുക.

·വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും ടാങ്കുകളും അടച്ചു സൂക്ഷിക്കുക.
·കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ ശരീരം മൂടുന്ന വസ്ത്രം ധരിക്കുക, കൊതുകുവല, ലേപനങ്ങള്‍ ഉപയോഗിക്കുക.
·പനിയുള്ളവര്‍ കൊതുകുകടി ഏല്‍ക്കാനുള്ള സാധ്യത പരമാവധി കുറയ്ക്കണം.

വേനല്‍ക്കാലമായതിനാല്‍ ജലജന്യ രോഗങ്ങള്‍ക്കെതിരെയും ചിക്കന്‍പോക്‌സ്, മലേറിയ, മറ്റ് പകര്‍ച്ചപനികള്‍ എന്നിവയ്‌ക്കെതിരേയും ജാഗ്രത പാലിക്കണം. വേനല്‍ക്കാലത്ത് ശുദ്ധജലത്തിന്റെ ലഭ്യത കുറവായതിനാല്‍ ജലജന്യ രോഗങ്ങളായ വയറിളക്ക രോഗങ്ങള്‍, ഹെപ്പറ്റൈറ്റീസ്-എ, ഹെപ്പറ്റൈറ്റിസ് ഇ, കോളറ, ടൈഫോയിഡ്, ഷിഗല്ല തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് കാരണം പെട്ടെന്ന് നിര്‍ജലീകരണമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും വെളളം കുടിക്കണം. കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തണം. തിളപ്പിച്ചാറിയ വെള്ളം നല്ലത്. സ്വയംചികിത്സ പാടില്ല. നീണ്ടുനില്‍ക്കുന്ന പനി പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

English Summary:

Prevent Summer Illness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com